70% യുവാക്കള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അവബോധമില്ല

70% യുവാക്കള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അവബോധമില്ല

വൈദഗ്ധ്യ വികസന പരിപാടികളില്‍ രാജ്യത്തെ ഏകദേശം നാലില്‍ മൂന്ന് യുവാക്കളും രജിസ്റ്റര്‍ ചെയ്തിട്ടില്ല

ന്യൂഡെല്‍ഹി: ‘സ്‌കില്‍ ഇന്ത്യ’ പദ്ധതിയിലൂടെ 2022 ഓടെ രാജ്യത്തെ 40 കോടി ജനങ്ങളെ നൈപുണ്യമുള്ളവരാക്കി തീര്‍ക്കുന്നതിന് ലക്ഷ്യമിടുന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് യുവജനങ്ങള്‍ക്കുള്ള അറിവില്ലായ്മ നൈപുണ്യ വികസനത്തില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഒബ്‌സര്‍വെര്‍ റിസര്‍ച്ച് ഫൗണ്ടേഷനും ലോക സാമ്പത്തിക ഫോറവും(ഡബ്ല്യുഇഎഫ്) നടത്തിയ ‘ ഇന്ത്യന്‍ യുവത്വവും തൊഴിലും’ എന്ന പഠനത്തില്‍ ഇന്ത്യയിലെ 70 ശതമാനം വരുന്ന യുവാക്കള്‍ക്കും സര്‍ക്കാരിന്റെ ഇത്തരം പദ്ധതികളെക്കുറിച്ച് അവബോധം ഇല്ലെന്നു കണ്ടെത്തി.

15 നും 30 നും ഇടയില്‍ പ്രായമുള്ള ആറായിരത്തോളം യുവാക്കളിലാണ് സര്‍വേ നടത്തിയത്. വിദ്യാഭ്യാസം, തൊഴില്‍, അവരുടെ ലക്ഷ്യങ്ങള്‍ എന്നിവ സംബന്ധിച്ച് അവരില്‍ വിവരങ്ങള്‍ ശേഖരിച്ചു. സര്‍ക്കാരും യുവാക്കളും തമ്മിലുള്ള പൊരുത്തക്കേടുകള്‍, യുവാക്കളും വ്യവസായ മേഖലകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ എന്നിവ സംബന്ധിച്ച് പഠനത്തില്‍ ഊന്നല്‍ നല്‍കി. സര്‍ക്കാര്‍ നയിക്കുന്ന വൈദഗ്ധ്യ വികസന പരിപാടികളും യുവാക്കളുടെ താല്‍പ്പര്യങ്ങളും തമ്മില്‍ ബന്ധമില്ലാതാകുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.

വൈദഗ്ധ്യ വികസന പരിപാടികളില്‍ രാജ്യത്തെ ഏകദേശം നാലില്‍ മൂന്ന് യുവാക്കളും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സാമ്പത്തികം, സമയം എന്നിവയിലെ പൊരുത്തക്കേടുകള്‍ കാരണം പരിശീലനങ്ങളിലെ പങ്കാളിത്തവും കുറഞ്ഞു. സര്‍വേയില്‍ പ്രതികരിച്ച 76 ശതമാനം യുവാക്കള്‍ക്കും വൈദഗ്ധ്യ വികസന പരിശീലനം നടത്താന്‍ വളരെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നൈപുണ്യ വികസനത്തിന് അവസരങ്ങള്‍ ഒരുക്കുന്നതിനായി യുവജനങ്ങള്‍ പരിഗണിക്കുന്നത് പൊതുമേഖലയെയാണ്. അതിനുശേഷമാണ് പൊതു-സ്വകാര്യ പങ്കാളിത്തം.

സ്‌കില്‍ ഡെവല്പമെന്റ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ സര്‍വേയില്‍ പങ്കെടുത്ത കൂടുതല്‍ സ്ത്രീകളും താല്‍പ്പര്യം പ്രകടിപ്പിച്ചു. 26 ശതമാനം പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ 19 ശതമാനം സ്ത്രീകള്‍ ഇത്തരത്തില്‍ നൈപുണ്യ വികസന പരിപാടികളില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. നാലില്‍ മൂന്ന് സ്ത്രീകള്‍കക് പരിപാടുകളുമായി ബന്ധപ്പെട്ട് അറിവില്ല. പ്രോഗ്രാമില്‍ ചേരാനായി സമയനിയന്ത്രണമാണ് തടസ്സമായി നില്‍ക്കുന്നതെന്ന് സ്ത്രീകള്‍ അഭിപ്രായപ്പെടുന്നു.

സര്‍വേ പ്രകാരം പ്രൊഫഷണല്‍ മാര്‍ഗനിര്‍ശേത്തിന്റെ അഭാവമാണ് പ്രധാനമായും രാജ്യത്തെ 51 ശതമാനം യുവാക്കള്‍ക്കും മികച്ച, ആഗ്രഹിച്ച, കഴിവിനൊത്ത തൊഴില്‍ കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്. അതേസമയം, ഏകദേശം 34 ശതമാനം യുവാക്കള്‍ തൊഴില്‍ ചെയ്യുകയോ വിദ്യാഭ്യാസം നേടുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

സാങ്കേതികത ഏറ്റെടുക്കല്‍, ഡിജിറ്റല്‍വല്‍ക്കരണം, ജോലി എന്നീ സാഹചര്യങ്ങള്‍ക്കൊപ്പം അവ നിര്‍വഹിക്കാന്‍ ആവശ്യമായ ശേഷികളും മാറിക്കൊണ്ടിരിക്കുകയാണ്. 86 ശതമാനം യുവാക്കള്‍ നൈപുണ്യ ആവശ്യകതയില്‍ മാറ്റം വരുത്തുന്നത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 39 ശതമാനം യുവാക്കള്‍ തങ്ങള്‍ ആഗ്രഹിച്ച ജോലി ചെയ്യാന്‍ തയാറായിട്ടുണ്ട്. അതേസമയം, 16 ശതമാനം പേര്‍ തൊഴില്‍ ചെയ്യാന്‍ തയാറാലെന്നും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: FK News