പേമെന്റ്‌സ് ഭീമന്‍മാര്‍ക്ക് മേല്‍ 15% നികുതി വന്നേക്കും

പേമെന്റ്‌സ് ഭീമന്‍മാര്‍ക്ക് മേല്‍ 15% നികുതി വന്നേക്കും

സെര്‍വറുകള്‍ പ്രാദേശികമായി സ്ഥാപിക്കുന്നതോടെയാണ് ഈ കമ്പനികള്‍ നികുതി വലയ്ക്കകത്തേക്ക് വരിക

മുംബൈ : വിസ, മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ് എന്നിവയുള്‍പ്പടെയുള്ള ആഗോള പേമെന്റ്‌സ് ഭീമന്‍മാര്‍ ഇന്ത്യയിലെ തങ്ങളുടെ വരുമാനത്തിന് 15 ശതമാനം നികുതി നല്‍കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്ര ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി സെര്‍വറുകള്‍ പ്രാദേശികമായി സ്ഥാപിക്കുന്നതോടെയാണ് ഈ കമ്പനികള്‍ നികുതി വലയ്ക്കകത്തേക്ക് വരിക. ഇന്ത്യയ്ക്കകത്തു നടക്കുന്ന എല്ലാ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഒക്‌റ്റോബര്‍ 15നുള്ളില്‍ തദ്ദേശീയമായി സൂക്ഷിക്കാന്‍ തുടങ്ങണമെന്ന് റിസര്‍വ് ബാങ്ക് പേമെന്റ്‌സ് കമ്പനികളോട് നിര്‍ദേശിച്ചിരുന്നു. ആര്‍ബിഐ നിര്‍ദേശം അനുസരിച്ച് പ്രാദേശീക സെര്‍വറുകള്‍ സ്ഥാപിക്കാനുിള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് വിസയും മാസ്റ്റര്‍കാര്‍ഡും അമേരിക്കന്‍ എക്‌സ്പ്രസും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് സ്ഥിരം ഓഫീസും രജിസ്‌ട്രേഷനുമടക്കം സംവിധാനങ്ങളില്ലാത്തതിനാല്‍ നിലവില്‍ ഈ കമ്പനികള്‍ നികുതി ശൃംഖലക്ക് പുറത്താണ്. സിംഗപ്പൂര്‍ ഉള്‍പ്പടെയുള്ള ഇടങ്ങളിലുള്ള ഓഫീസുകളിലൂടെയാണ് ഈ കമ്പനികള്‍ ഇന്ത്യയിലെ ബിസിനസ് നിയന്ത്രിക്കുന്നത്. യുഎസ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലുള്ള സെര്‍വറുകളിലാണ് ഇവര്‍ ഇന്ത്യക്കാരുടെ ഇടപാടുകളുമായി ബന്ധപ്പെട്ട ഡാറ്റ സൂക്ഷിക്കുന്നത്. സ്ഥിരം ഓഫീസ് സംവിധാനമുള്ള രാജ്യങ്ങളില്‍ നികുതിയടച്ചാല്‍ മതിയെന്ന ഇളവ് നിലവില്‍ ആഗോള നിയമങ്ങളനുസരിച്ച് ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

സെര്‍വറുകള്‍ ഇന്ത്യയിലേക്ക് മാറ്റുന്നതോടെ കമ്പനികള്‍ക്ക് രാജ്യത്ത് സ്ഥിരമായ അടിത്തറയുള്ളതായി പരിഗണിക്കപ്പെടുകയും ഇത് ആഭ്യന്ത നികുതികള്‍ ചുമത്തപ്പെടാന്‍ കാരണമാകുമെന്നും മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറഞ്ഞു. സാധാരണ 30 ശതമാനം നികുതിയാണ് ഇന്ത്യന്‍ കമ്പനികളുടെ കോര്‍പറേറ്റ് ലാഭത്തിന്‍മേല്‍ ചുമത്തി വരുന്നത്. എന്നാല്‍, വിദേശരാജ്യത്തെ ഉപകമ്പനിയിലൂടെ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിരിക്കുന്നതിനാല്‍ 15 ശതമാനം നികുതി മാത്രമായിരിക്കും ഈ ആഗോള പേമെന്റ്‌സ് കമ്പനികള്‍ നല്‍കേണ്ടി വരിക.

തദ്ദേശീയമായി സെര്‍വറുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ പേമെന്റ് സേവനദാതാക്കള്‍ക്ക് നികുതി നല്‍കേണ്ടി വരുമെന്ന് അഡൈ്വസറി സ്ഥാപനമായ എംജിബിയുടെ പാര്‍ട്ണര്‍ ജീനേന്ദ്ര ഭണ്ഡാരി പറഞ്ഞു. ഇത് മുന്നില്‍ കണ്ട് മിക്ക കമ്പനികളും ഒരു പ്രത്യേക ഉപ കമ്പനി രൂപീകരിക്കുകയോ ഏതെങ്കിലും ഇന്ത്യന്‍ കമ്പനിയുടെ സെര്‍വറുകള്‍ ഉപയോഗിക്കുകയോ ചെയ്യും. നികുതിയില്‍ നിന്ന് ഒഴിവാകാന്‍ കമ്പനികള്‍ വാടക നല്‍കി സെര്‍വറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഈ നടപടികള്‍ കൊണ്ട് നികുതി പൂര്‍ണമായും ഒഴിവാക്കപ്പെടില്ലെന്നും ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട സെര്‍വറുകള്‍ ഉപയോഗിച്ചാല്‍ നികുതി നല്‍കേണ്ടതായി വരുമെന്നും ഭണ്ഡാരി ചൂണ്ടിക്കാട്ടി.

വിഷയവുമായി ബന്ധപ്പെട്ട് മാസ്റ്റര്‍കാര്‍ഡ് പ്രതികരിച്ചില്ല. കേന്ദ്ര ബാങ്കിന്റെ നിയന്ത്രണമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള പദ്ധതി സമര്‍പ്പിച്ചു കഴിഞ്ഞുവെന്ന് വിസയും അമേരിക്കന്‍ എക്‌സ്പ്രസും വ്യക്തമാക്കി. ആര്‍ബിഐയും വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

Comments

comments

Categories: Business & Economy