വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിന് പുതുനേതൃത്വം

വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിന് പുതുനേതൃത്വം

റിച്ചാര്‍ഡ് ബ്രാന്‍സണിന് പകരം ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലയെം

ജേയ് വാള്‍ഡറാണ് പുതിയ ചീഫ് എക്‌സിക്യൂട്ടിവ്

ദുബായ്: ആഗോള ലോജിസ്റ്റിക്‌സ് കമ്പനിയായ ഡിപി വേള്‍ഡിന്റെ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലയെം വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിന്റെ പുതിയ ചെയര്‍മാനാകും. കഴിഞ്ഞ മാസം ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പ്രശസ്ത സംരംഭകനായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് സുല്‍ത്താന്‍ അഹമ്മദ് വരുന്നത്.

ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ മുന്‍ ചെയര്‍മാനും സിഇഒയുമായ ജേയ് വാള്‍ഡറാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍. മൂന്ന് വര്‍ഷത്തോളം സിഇഒ സ്ഥാനത്തിരുന്ന് കമ്പനിയെ സേവിച്ച റോബ് ലോയിഡിന് പകരമാണ് ജേയ് വാള്‍ഡെര്‍ എത്തുന്നത്.

അത്യാധുനിക പൊതുഗതാഗത സംവിധാനങ്ങളെ നിയന്ത്രിക്കുന്നതില്‍ അനുഭവസമ്പത്തുള്ള പ്രൊഫഷണലാണ് ജേയ് വാള്‍ഡര്‍. ഹോങ്കോംഗിലെ എംടിആര്‍ കോര്‍പ്പറേഷന്റെ സിഇഒ ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ ലണ്ടന്‍, സ്റ്റോക്ക്‌ഹോം, ബെയ്ജിംഗ്, ഷെന്‍സെന്‍, ഹാംഗ്‌സൗ, മെല്‍ബണ്‍, സിഡ്‌നി തുടങ്ങിയ നഗരങ്ങളിലെ റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ക്കും ജേയ് നേതൃത്വം നല്‍കിയിട്ടുണ്ട്.

വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിന്റെ ഏറ്റവും വലിയ നിക്ഷേപകരാകാനിരിക്കുന്ന ഡിപി വേള്‍ഡ്, കമ്പനിക്ക് പുതിയ മാനേജ്‌മെന്റ് ഘടന ഉണ്ടാക്കിയെടുക്കുന്നതിന് കഴിഞ്ഞ കുറച്ചുമാസങ്ങളായി ശ്രമിക്കുന്നുണ്ട്. സംരംഭത്തിന്റെ അടുത്ത ഘട്ടവളര്‍ച്ചയെ നയിക്കാന്‍ ഏറ്റവും യോഗ്യനായ വ്യക്തി ജേയ് വാള്‍ഡനാണെന്ന് കഴ-ബിന്‍ സുലയെം പറഞ്ഞു.

ഗതാഗതരംഗത്ത് ഇന്നൊവേഷന്‍ സാധ്യമാക്കുന്നതിനായി ടെക്്‌നോളജി ഉപയോഗപ്പെടുത്തുന്നതിലാണ് തന്റെ ഫോക്കസെന്ന് വാള്‍ഡെര്‍ പറഞ്ഞു. ഇന്ത്യയില്‍ പൂനെ-മുംബൈ ഹൈപ്പര്‍ലൂപ്പ് പ്രൊജക്റ്റ് വികസിപ്പിക്കുന്നതും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ ആണ്. വായുമര്‍ദ്ദം അത്ര കൂടുതല്‍ ഇല്ലാത്ത ട്യൂബിലൂടെ വിമാനത്തിലുമധികം വേഗതയില്‍ ഭൂമിയിലൂടെ തന്നെ സഞ്ചരിക്കാനുള്ള വിദ്യയാണ് ഹൈപ്പര്‍ലൂപ്പ് സംവിധാനം.
അബുദാബിയില്‍ നിന്ന് ദുബായ് വരെയുള്ള 140 കിലോമീറ്റര്‍ പാത പിന്നിടാന്‍ ഹൈപ്പര്‍ലൂപ്പിന് ആകെ വേണ്ടത് 12 മിനിറ്റ് മാത്രമാണ്.

Comments

comments

Categories: Arabia