പൂനെ-മുംബൈ ഹൈപ്പര്‍ലൂപ്പ്: സാധ്യതാ പഠനം പൂര്‍ത്തിയായി

പൂനെ-മുംബൈ ഹൈപ്പര്‍ലൂപ്പ്: സാധ്യതാ പഠനം പൂര്‍ത്തിയായി

പൂനെ മുതല്‍ മുംബൈ വരെയുള്ള യാത്രാ സമയം 25 മിനിറ്റായി ചുരുങ്ങും; വകാദിനും ബാന്ദ്ര കുര്‍ല കോംപ്ലക്‌സിനും ഇടയില്‍ ട്രെയ്‌നുകളോടും

മുംബൈ: പൂനെ-മുംബൈ ഹൈപ്പര്‍ലൂപ്പ് പദ്ധതിയുടെ സാധ്യതാ പഠനം പൂര്‍ത്തിയായെന്ന് പൂനെ മെട്രോപൊളിറ്റന്‍ റീജിയണല്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ (പിഎംആര്‍ഡിഎ) സിഇഒ കിരണ്‍ ഗീതെ അറിയിച്ചു. പഠന റിപ്പോര്‍ട്ട് അവലോകനത്തിനായി ഐഐടി മുംബൈക്ക് നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പൂനെ മുതല്‍ മുംബൈ വരെയുള്ള യാത്രാ സമയം 25 മിനിറ്റായി ചുരുക്കുന്ന യാത്രാ, ചരക്ക് പദ്ധിയായ ഹൈപ്പര്‍ലൂപ് പാതയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൂനെയിലെ വകാദ് നിന്ന് മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സ് വരെയാണ് പദ്ധതി.

മഹാരാഷ്ട്ര സര്‍ക്കാരും യുഎസ് കമ്പനിയായ വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി കൈകാര്യം ചെയ്യുന്നത് പിഎംആര്‍ഡിഎയാണ്. തുടക്കത്തില്‍ വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് പൂനെയില്‍ 15 കിലോമീറ്ററിലുള്ള ഒരു പരീക്ഷണ ട്രാക്ക് സ്ഥാപിക്കും. പൂനെ-മുംബൈ എക്‌സ്പ്രസ്‌വേയ്ക്ക് സമാന്തരമായി പൂനെയിലെ കിവാലയില്‍ നിന്നും ഉര്‍സെ വരെയായിരിക്കും ഇത് സ്ഥാപിക്കുക എന്ന ഗീതെ വ്യക്തമാക്കി. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെര്‍ജിന്‍ 300 കോടി രൂപയുടെ പ്രാഥമിക നിക്ഷേപമാണ് പദ്ധതിയില്‍ നടത്തുക എന്നും ഗീതെ വ്യക്തമാക്കി.

പ്രൊജക്റ്റിന് പൊതു അടിസ്ഥാനസൗകര്യ പദ്ധതിയുടെ പദവി അനുവദിച്ചുകൊണ്ടുള്ള ഒരു സര്‍ക്കാര്‍ പ്രമേയം നവംബര്‍ രണ്ടിന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നഗര വികസന വകുപ്പ് പുറപ്പെടുവിച്ചിരുന്നു. സ്വിസ് ചലഞ്ച് മെത്തേഡ് ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തനം തുടങ്ങാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരും നല്‍കിയിരുന്നു. ഇതുപ്രകാരം നൂതന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് പദ്ധതിയില്‍ ഇടപെടാനും തങ്ങളുടെ വൈദഗ്ധ്യം പ്രകടിപ്പിക്കാനുമുള്ള അവസരം ലഭിക്കും.

സമാനമായ പദ്ധതികള്‍ ചെയ്യാന്‍ മറ്റു കമ്പനികളെ ക്ഷണിച്ചുകൊണ്ടുള്ള പൊതുപ്രഖ്യാപനവും പിഎംആര്‍ഡിഎ നടത്തും. നിലവിലുള്ള കമ്പനിയേക്കാളും 10 ശതമാനം മെച്ചപ്പെട്ട ഓഫര്‍ മുന്നോട്ടു വെക്കുന്ന സ്ഥാപനത്തിനായിരിക്കും ഈ പദ്ധതികളുടെ കരാറുകള്‍ നല്‍കുക. അല്ലാത്തപക്ഷം, നിലവിലെ കമ്പനി കരാര്‍ നിലനിര്‍ത്തും. തങ്ങളുടെ ഹൈപ്പര്‍ലൂപ്പ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയില്‍ 450 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്ന് വെര്‍ജിന്‍ ഹെപ്പര്‍ലൂപ്പ് വണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ അമേരിക്കയിലെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യ ഹൈപ്പര്‍ലൂപ്പ് പദ്ധതി നിര്‍മിക്കാനുള്ള കരാറില്‍ ഇന്ത്യയും അമേരിക്കന്‍ കമ്പനിയും ഒപ്പിട്ടത്. വടക്കന്‍ ലാസ് വേഗാസിലെ നെവാഡ മരുഭൂമിയിലുള്ള ഹൈപ്പര്‍ലൂപ്പ് മാതൃകാ പദ്ധതിയിലും ഇന്ത്യന്‍ സംഘം സന്ദര്‍ശനം നടത്തിയിരുന്നു.

Comments

comments

Categories: FK Special