ഒഎന്‍ജിസിയുടെ 149 എണ്ണപാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ പദ്ധതി

ഒഎന്‍ജിസിയുടെ 149 എണ്ണപാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ പദ്ധതി

കമ്പനിയുടെ മൊത്തം ഉല്‍പ്പാദനത്തില്‍ 5 ശതമാനം മാത്രമാണ് ഈ പാടങ്ങളുടെ സംഭാവനയെന്ന് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസിയുടെ ചെറുതും ഇടത്തരം വിഭാഗത്തില്‍പ്പെട്ടതുമായ 149 എണ്ണ-വാതക പാടങ്ങള്‍ സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. വലിയ എണ്ണപാടങ്ങളില്‍ മാത്രമായി ഒഎന്‍ജിസിയുടെ ്ര്രശദ്ധ കേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാരിന് പരമാവധി വിഹിതം വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ക്കായിരിക്കും എണ്ണപാടങ്ങളുടെ ലേലത്തില്‍ മുന്‍ഗണന നല്‍കുക. ഒഎന്‍ജിസിയുടെ എണ്ണപാടങ്ങള്‍ സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് വില്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നതിനായി ദേശീയ എണ്ണക്കമ്പനിയുടെ 15 എണ്ണപാടങ്ങള്‍ ഡിജിഎച്ച് (ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ് കണ്ടെത്തിയിരുന്നു. ഈ പാടങ്ങളില്‍ മൊത്തമായി 791.2 മില്യണ്‍ ടണ്‍ ക്രൂഡ് ഓയിലിന്റെയും 333.4 ബില്യണ്‍ ക്യുബിക് മീറ്റര്‍ വാതകത്തിന്റെയും സംഭരണമാണുള്ളത്.

സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിലൂടെ എണ്ണപാടങ്ങളിലെ ഉല്‍പ്പാദനം മെച്ചപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ഡിജിഎച്ച് നിര്‍ദേശത്തിനെതിരെ ഒഎന്‍ജിസി ശക്തമായ എതിര്‍പ്പ് ഉന്നയിക്കുകയായിരുന്നു. സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ചുള്ള അതേ വ്യവസ്ഥയില്‍ എണ്ണ പാടങ്ങളുടെ പ്രവര്‍ത്തനം ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ അനുവദിക്കാമെന്ന നിര്‍ദേശവും ഇതോടൊപ്പം ഒഎന്‍ജിസി മുന്നോട്ടുവെച്ചിരുന്നു. പക്ഷേ പദ്ധതി നടപ്പായില്ല. ആഭ്യന്തര എണ്ണ-വാതക ഉല്‍പ്പാദനം സംബന്ധിച്ച അവലോകനത്തിനായി കഴിഞ്ഞ മാസം 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എണ്ണപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നതിനുള്ള പുതിയ പദ്ധതി ആരംഭിച്ചത്. 2022ഓടെ എണ്ണ ഇറക്കുമതിയില്‍ പത്ത് ശതമാനം കുറവ് വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഒഎന്‍ജിസിയുടെ ഉല്‍പ്പാദനത്തില്‍ 95 ശതമാനം പങ്കുവഹിക്കുന്നത് 60 വന്‍കിട എണ്ണപാടങ്ങളാണ്. 149 ചെറിയ എണ്ണപാടങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനം വെറും അഞ്ച് ശതമാനം മാത്രമാണെന്നും കേന്ദ്ര എണ്ണ മന്ത്രാലയം യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് 149 ചെറിയ എണ്ണപാടങ്ങള്‍ സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് വില്‍ക്കാനുള്ള നിര്‍ദേശം മന്ത്രാലയം മുന്നോട്ടുവെക്കുകയായിരുന്നു. നിതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതിയും സമാന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍, ഒഎന്‍ജിസി പദ്ധതിക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: ONGC