നോബ്രോക്കര്‍ വാണിജ്യ റിയല്‍റ്റി മേഖലയിലേക്ക്

നോബ്രോക്കര്‍ വാണിജ്യ റിയല്‍റ്റി മേഖലയിലേക്ക്

രാജ്യത്തെ 50 മുന്‍നിര നഗരങ്ങളിലേക്ക് സാന്നിധ്യം വികസിപ്പിക്കാനും പദ്ധതി

മുംബൈ: പ്രോപ്പര്‍ട്ടി പോര്‍ട്ടലായ നോബ്രോക്കര്‍ ഡോട്ട് കോം വാണിജ്യാടിസ്ഥാനത്തിലുള്ള റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് ചുവടുവെക്കുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതുമൂലം വാണിജ്യ റിയല്‍റ്റി മേഖലയില്‍ പ്രവാസി ഇന്ത്യാക്കാരുടെ താല്‍പ്പര്യം വര്‍ധിച്ചതിനാല്‍ വാണിജ്യ, ഒാഫീസ്, റീട്ടെയല്‍ സ്‌പേസുകളുടെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് നോബ്രോക്കര്‍ സ്ഥാപകനും സിഇഒയുമായ അമിത് അഗര്‍വാള്‍ പറഞ്ഞു.

കുറച്ചു വര്‍ഷങ്ങള്‍കൊണ്ട് മൊത്ത വരുമാനത്തിന്റെ 30 ശതമാനം ഈ ബിസിനസില്‍ നിന്ന് നേടാനാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ 50 മുന്‍നിര നഗരങ്ങളിലേക്ക് സാന്നിധ്യം വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. നിലവില്‍ മുംബൈ, ബെംഗളൂരു, പൂനെ, ചെന്നൈ, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് നോബ്രോക്കര്‍ പ്രവര്‍ത്തിക്കുന്നത്. 100 മുതല്‍ 5,000 സ്‌ക്വയര്‍ഫീറ്റ് നിരക്കിലുള്ള ചെറിയ വാണിജ്യ യൂണിറ്റുകളെയും ഓഫീസുകളെയും റീട്ടെയ്ല്‍ സ്‌പേസുകളെയുമാണ് പുതിയ ബിസിനസ് വിഭാഗത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അമിത് അഗര്‍വാള്‍ പറഞ്ഞു. റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറിയതിനുശേഷം അടുത്ത ചുവടുവെപ്പിന് കമ്പനി തയാറാണ്. വിപണിയുടെ തുടിപ്പ് തൊട്ടറിയുന്ന കമ്പനി വാണിജ്യ റിയല്‍റ്റി വിപണി പ്രവേശനത്തിലൂടെ 21,000 കോടി രൂപയുടെ വാര്‍ഷിക ബ്രോക്കറേജ് നേടാനാണ് ലക്ഷ്യമിടുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറിയ വാണിജ്യ പ്രോപ്പര്‍ട്ടികളുടെ ഏറ്റവും വലിയ ആവശ്യക്കാര്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള 42.5 ദശലക്ഷം സംരംഭങ്ങളാണുള്ളത്. വാടകയായി ഏഴു മുതല്‍ 12 ശതമാനം വരെ തിരികെ ലഭിക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വലിയ നിക്ഷേപ സാധ്യതയാണുള്ളത്. ഇത് റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളേക്കാള്‍ വലുതാണ്. ഇന്ത്യയിലെ 25 മുന്‍നിര നഗരങ്ങളില്‍ പ്രതിവര്‍ഷം 14,000 കോടി രൂപയുടെ ബ്രോക്കറേജ് ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് വര്‍ഷം തോറും 13 ശതമാനം വര്‍ധിക്കുന്നുമുണ്ട്. ഇതില്‍ വാണിജ്യ വിപണിയിലെ പ്രോപ്പര്‍ട്ടി വില്‍പ്പനയിലൂടെ നേടുന്ന ബ്രോക്കറേജ് 7,000 കോടി രൂപയാണ്.

Comments

comments

Categories: Top Stories
Tags: No broker