ഉത്സവകാലത്ത് യാത്രാ വാഹന വിപണിയില്‍ നേരിയ മുന്നേറ്റം മാത്രം

ഉത്സവകാലത്ത് യാത്രാ വാഹന വിപണിയില്‍ നേരിയ മുന്നേറ്റം മാത്രം

ആഭ്യന്തര യാത്രാ വാഹനങ്ങളുടെ വില്‍പ്പന 1.55 ശതമാനം ഉയര്‍ന്നു; നവംബറില്‍ കൂടുതല്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നെന്ന് എസ്‌ഐഎഎം

മുംബൈ: തുടര്‍ച്ചയായ മൂന്ന് മാസത്തെ മാന്ദ്യത്തിന് ശേഷം ഉല്‍സവകാല വില്‍പ്പനയുടെ ചുവടു പിടിച്ച് യാത്രാ വാഹന വിപണിയില്‍ നേരിയ മുന്നേറ്റം. ഒക്‌റ്റോബര്‍ മാസത്തില്‍ ആഭ്യന്തര യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 1.55 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്‌ച്ചേഴ്‌സ് (എസ്‌ഐഎഎം) വ്യക്തമാക്കി. അതേസമയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെ മോശം ഉത്സവ സീസണായിരുന്നു ഇത്തവണത്തേതെന്ന് വാഹന വ്യാപാരികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

എസ്‌ഐഎഎം പുറത്തുവിട്ട ഒക്‌റ്റോബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം 2,84,224 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റുപോയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 2,79,877 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇക്കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പയില്‍ യഥാക്രമം 2.71, 2.46, 5.61 ശതമാനം ഇടിവാണുണ്ടായിട്ടുള്ളത്.

ഒക്‌റ്റോബര്‍ മാസത്തില്‍ പ്രതീക്ഷ നല്‍കുന്ന വില്‍പ്പന മുന്നേറ്റം നേടിയെങ്കിലും ഓട്ടോമൊബീല്‍ വ്യവസായത്തിലെ മൊത്തത്തിലുള്ള മാന്ദ്യ പ്രവണതയെ ഇത് പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് എസ്‌ഐഎഎമിന്റെ ഡയറക്റ്റര്‍ ജനറല്‍ വിഷ്ണു മാഥൂര്‍ പറഞ്ഞു. അതേസമയം ആകെ വിലയിരുത്തുകയാണെങ്കില്‍ ആരോഗ്യകരമായ വളര്‍ച്ചയുടെ സൂചനകളും ലഭിക്കുന്നുണ്ട്.

‘ആകെ വാഹന വില്‍പ്പന ഈ വര്‍ഷം ഒക്‌റ്റോബറില്‍ 15.33 ശതമാനം ഉയര്‍ന്ന് 24,94,426 യൂണിറ്റായി. 2017 ഒക്‌റ്റോബറില്‍ 21,62,869 യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റഴിച്ചിരുന്നത്. ഇന്‍ഷുറന്‍സ് വര്‍ധന, ഉയര്‍ന്ന ഇന്ധനവില, ഓഹരി വിപണയിലെ ഇടിവ് എന്നിവയെല്ലാം വില്‍പ്പനയെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും ഉല്‍സവകാലത്തെ യഥാര്‍ത്ഥ വില്‍പ്പന അറിയണമെങ്കില്‍ നവംബറിലെ കണക്കുകള്‍ കൂടി വരേണ്ടതുണ്ട്. ദീപാവലി നവംബര്‍ മാസത്തിലായതിനാലാണിത്. എന്നിരുന്നാലും ഒക്‌റ്റോബര്‍ അവസാനത്തില്‍ പോലും ഉല്‍സവ സീസണിന്റെ ആരവമൊന്നുമില്ലാതെ വളരെ കുറഞ്ഞ തോതിലുള്ള വില്‍പ്പനയാണുണ്ടായിരിക്കുന്നത്,’ മാഥുര്‍ പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ യാത്രാ വാഹന വിഭാഗം ഏഴ് മുതല്‍ ഒന്‍പത് ശതമാനം വരെ വളര്‍ച്ച നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും എസ്‌ഐഎഎം പറയുന്നു. ഉത്സവ കാലത്തെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളിലും നിലനിര്‍ത്താനാവുമെന്നും തുടക്കത്തിലെ നഷ്ടം ഇതിലൂടെ പരിഹരിക്കപ്പെടുമെന്നും എസ്‌ഐഎഎം ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ സുഗതോ സെന്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News