ജാവയുടെ എക്‌സോസ്റ്റ് ശബ്ദം കേട്ടുതുടങ്ങി

ജാവയുടെ എക്‌സോസ്റ്റ് ശബ്ദം കേട്ടുതുടങ്ങി

ജാവ ക്ലാസിക് 300 ഈ മാസം 15 ന് അനാവരണം ചെയ്യും

ന്യൂഡെല്‍ഹി : ജാവയുടെ പുതിയ മോട്ടോര്‍സൈക്കിളായ ക്ലാസിക് 300 ഈ മാസം 15 ന് അനാവരണം ചെയ്യും. അനാവരണച്ചടങ്ങ് അടുക്കുന്തോറും സ്വന്തം ആരാധകര്‍ക്കിടയില്‍ ആവേശം നിലനിര്‍ത്തുന്നതിനാണ് ജാവ പരിശ്രമിക്കുന്നത്. ജാവ ക്ലാസിക് 300 മോട്ടോര്‍സൈക്കിളിന്റെ എക്‌സോസ്റ്റ് നോട്ട് കേട്ടുതുടങ്ങി എന്നതാണ് ഇതുസംബന്ധിച്ച പുതിയ വാര്‍ത്ത.

നവംബര്‍ 15 നാണ് ഇന്ത്യന്‍ വിപണിയില്‍ ജാവ തിരിച്ചെത്തുന്നത്. കമ്പനി പുറത്തിറക്കിയ ടീസര്‍ വീഡിയോയിലാണ് ക്ലാസിക് 300 ബൈക്കിന്റെ എക്‌സോസ്റ്റ് ശബ്ദം വെളിപ്പെടുന്നത്. ഒറിജിനല്‍ ജാവയുടെ അതേ എക്‌സോസ്റ്റ് നോട്ട് പുതിയ മോട്ടോര്‍സൈക്കിളില്‍ ഉണ്ടാകുമെന്ന് എന്‍ജിന്‍ അനാവരണം ചെയ്യുന്ന വേളയില്‍ കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഒറിജിനല്‍ ജാവ 2 സ്‌ട്രോക്ക് എന്‍ജിനാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ പുതിയ മോട്ടോര്‍സൈക്കിളിലേത് 4 സ്‌ട്രോക്ക് എന്‍ജിനാണ്. അതുകൊണ്ടുതന്നെ പഴയ അതേ എക്‌സോസ്റ്റ് നോട്ട് പ്രതീക്ഷിക്കുന്നതില്‍ വലിയ യുക്തിയില്ല. എന്നാല്‍ തീര്‍ച്ചയായും സാമ്യം ഉണ്ടായിരിക്കും.

പുതിയ ജാവയുടെ എന്‍ജിന്‍ വിശദാംശങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ജാവ ബൈക്കിന് കരുത്തേകും. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും. 27 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ പുറപ്പെടുവിക്കുക. ജാവ ക്ലാസിക് 300 മോട്ടോര്‍സൈക്കിള്‍ പരീക്ഷണം നടത്തുന്നത് പലപ്പോഴായി കാമറകളില്‍ പതിഞ്ഞിരുന്നു. ഒറിജിനല്‍ മോഡലിന്റെ അതേ സ്‌റ്റൈലിംഗ് പുതിയ ക്ലാസിക് 300 ബൈക്കിന് ലഭിക്കും. റെട്രോ, വിന്റേജ് ബൈക്ക് പ്രേമികളെ പുതിയ ജാവ ആകര്‍ഷിക്കും.

Comments

comments

Categories: Auto, Slider