1812 കോടിയുടെ ഇടപാടുകള്‍ ലക്ഷ്യമിട്ട് ഇക്‌സിഗോ

1812 കോടിയുടെ ഇടപാടുകള്‍ ലക്ഷ്യമിട്ട് ഇക്‌സിഗോ

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ട്രാവല്‍, ഹോട്ടല്‍ ബുക്കിംഗ് കമ്പനിയായ ഇക്‌സിഗോ ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 1812 കോടി രൂപയുടെ മൊത്ത വ്യാപാര മൂല്യം നേടാന്‍ പദ്ധതിയിടുന്നു. ഫോസണ്‍ ഇന്റര്‍നാഷണല്‍, മേക്ക്‌മൈട്രിപ്പ്, സെക്ക്വോയ കാപ്പിറ്റല്‍ തുടങ്ങിയവര്‍ പിന്തുണയ്ക്കുന്ന കമ്പനി വളര്‍ച്ച പദ്ധതികള്‍ക്കായി ഡുവല്‍ ആപ്പ് തന്ത്രമാണ് പയറ്റുന്നത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയുടെ 80 ശതമാനത്തിലധികവും രാജ്യത്തെ ഏറ്റവും വലിയ രണ്ട് ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനികളായ മേക്ക്‌മൈട്രിപ്പും യാത്രയും കൈയാളുമ്പോഴാണ് ഇക്‌സിഗോ ഈ നേട്ടം കൈവരിച്ചത്.

2017 വര്‍ഷം 25 ദശലക്ഷം ഡോളറും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദശലക്ഷം ഡോളറുമായിരുന്നു കമ്പനിയുടെ മൊത്ത വ്യാപാര മൂല്യമെന്നും അടുത്ത വര്‍ഷം അനായാസമായി 500 ദശലക്ഷം ഡോളറിനു മുകളില്‍ പോകാന്‍ കഴിയുമെന്നും ഇക്‌സിഗോ സിഇഒ അലോക് ബാജ്പായ് പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്നു ലഭിച്ച വലിയ സ്വീകാര്യതയും കമ്പനിയുട റെയ്്ല്‍വേ, ബസ്-ടിക്കറ്റിംഗ് ആപ്പുകളില്‍ നിന്ന് വരുമാനം നേടാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചതും ബിസിനസ് വര്‍ധിക്കാന്‍ സഹായിച്ചതായി സിഇഒ അഭിപ്രായപ്പെട്ടു. ഇക്‌സിഗോയുടെ രണ്ട് ആപ്പുകള്‍ക്കും കൂടി 21 ദശലക്ഷം പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ടെന്നും കഴിഞ്ഞ മാസം ഇരു ആപ്പുകളിലും കൂടി ബുക്കു ചെയ്ത യാത്രക്കാരുടെ എണ്ണം ഒരു ദശലക്ഷം കടന്നതായും അദ്ദേഹം പറഞ്ഞു.

ഒരു ദശാബ്ദം മുമ്പ് ആരംഭിച്ച കമ്പനി 50-75 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തോടെ ഈ നിക്ഷേപ സമാഹരണ പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 69 കോടി രൂപ അറ്റ വരുമാനം നേടിയ കമ്പനി ഈ സാമ്പത്തിക വര്‍ഷം 120-150 കോടി രൂപയുടെ വരുമാനം നേടാനാണ് ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy
Tags: Ixigo