ഇന്ത്യയുടെ തേയില കയറ്റുമതി വര്‍ധിച്ചു

ഇന്ത്യയുടെ തേയില കയറ്റുമതി വര്‍ധിച്ചു

കൊല്‍ക്കത്ത: ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയുടെ തേയില കയറ്റുമതിയില്‍ ക്രമമായ വര്‍ധനയുണ്ടായതായി കണക്കുകള്‍. ടീ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 173.80 ദശലക്ഷം കിലോ തേയിലയാണ് ഇക്കാലയളവില്‍ ഇന്ത്യ കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 173.52 ദശലക്ഷം കിലോ ആയിരുന്നു കയറ്റുമതി. ഈ ഒന്‍പത് മാസ കാലയളവില്‍ കയറ്റുമതി മൂല്യത്തില്‍ 2.3 ശതമാനം വളര്‍ച്ചയുണ്ടായതായിട്ടാണ് ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 3,417.49 കോടി രൂപയില്‍ നിന്ന് 3,496.90 കോടി രൂപയായിട്ടാണ് മൂല്യം വര്‍ധിച്ചത്.

ഇക്കാലയളവിലെ ഇന്ത്യയുടെ പാക്കിസ്ഥാനിലേക്കുള്ള തേയില കയറ്റുമതി 28 ശതമാനം വര്‍ധനവോടെ 11.69 ദശലക്ഷം കിലോ ആയി. മുന്‍ വര്‍ഷം ഇതേ സമയം 9.13 ദശലക്ഷം കിലോവായിരുന്നു കയറ്റുമതി. ചൈനയിലേക്കുള്ള കയറ്റുമതി മുന്‍ വര്‍ഷത്തെ 5.59 ദശലക്ഷം കിലോയില്‍ നിന്ന് 6.67 ദശലക്ഷം കിലോ ആയി വര്‍ധിച്ചിട്ടുണ്ട്. യുകെ വിപണിയില്‍ മുന്‍ വര്‍ഷം 9.66 ദശലക്ഷം കിലോ ഇന്ത്യന്‍ തേയില എത്തിയ സ്ഥാനത്ത് ഈ വര്‍ഷം 10.33 ദശലക്ഷം കിലോ തേയിലയാണ് എത്തിയിട്ടുള്ളത്. അതേ സമയം ജര്‍മനിയിലേക്കും റഷ്യ, ഉക്രൈന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ കോമണ്‍വെല്‍ത്ത് സ്വതന്ത്ര രാജ്യങ്ങളിലേക്കുള്ള തേയില കയറ്റുമതി കുറഞ്ഞതായിട്ടാണ് കാണുന്നത്. ജര്‍മനിയിലേക്കുള്ള തേയില കയറ്റുമതി 7.47 ദശലക്ഷം കിലോയില്‍ നിന്ന് 6.69 ദശലക്ഷം കിലോ ആയിട്ടാണ് കുറഞ്ഞത്. മുന്‍ വര്‍ഷം കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്ക് 2017 ല്‍ 47.41 ദശലക്ഷം കിലോ കയറ്റി അയച്ച സ്ഥാനത്ത് ഈ വര്‍ഷം 43.91 ദശലക്ഷം കിലോ മാത്രമാണ് കയറ്റുമതി ചെയ്യാനായത്.

Comments

comments

Categories: Business & Economy
Tags: tea