ഇന്ത്യ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്ന് രഘുറാം രാജന്‍

ഇന്ത്യ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്ന് രഘുറാം രാജന്‍

ബാങ്കുകളുടെ സാമ്പത്തികാരോഗ്യം വീണ്ടെടുക്കാനുള്ള ഏക മാര്‍ഗമല്ല പാപ്പരത്ത നിയമം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഏഴ് ശതമാനം വളര്‍ച്ച മതിയാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. നോട്ട് അസാധുവാക്കല്‍ നയവും ഏകീകൃത ചരക്ക് സേവന നികുതിയുടെ നടപ്പാക്കലുമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയാനുള്ള കാരണമെന്നും രഘുറാം രാജന്‍ പറഞ്ഞു. ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് അസാധുവാക്കല്‍ നയവും ജിഎസ്ടിയും നടപ്പാക്കുന്നതിനു മുന്‍പുള്ള നാല് വര്‍ഷങ്ങളിലും (2012 മുതല്‍ 2016 വരെ) ഇന്ത്യ അതിവേഗ വളര്‍ച്ച കൈവരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ രണ്ട് പരിഷ്‌കരണങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ ആഘാതമാണുണ്ടാക്കിയത്. 25 വര്‍ഷത്തേക്ക് പ്രതിവര്‍ഷം ഏഴ് ശതമാനം വളര്‍ച്ചാ നിരക്ക് എന്നത് വളരെ ശക്തമായ വളര്‍ച്ചയാണ്. എന്നാല്‍, തൊഴില്‍ വിപണിയിലേക്ക് കടന്നുവരുന്ന ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഏഴ് ശതമാനം വളര്‍ച്ച മതിയാകില്ല. അതുകൊണ്ട്, ഇന്ത്യ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്നും ആവശ്യമായ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടണമെന്നും രാജന്‍ വിശദീകരിച്ചു.

തൊഴില്‍ സേനയുടെ ഭാഗമാകുന്നവര്‍ക്കായി പ്രതിമാസം ഒരു മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യ കുറച്ചുകൂടി തുറന്ന സമ്പദ്‌വ്യവസ്ഥ ആകണമെന്നും രഘുറാം രാജന്‍ പറഞ്ഞു. ഇത് ആഗോള സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം ഇന്ത്യയ്ക്ക് കൂടുതല്‍ വളര്‍ച്ച പ്രകടമാക്കാനുള്ള അവസരമൊരുക്കുമെന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. 2017ല്‍ ഇതിനു വിപരീതമായ ദിശയിലായിരുന്നു ഇന്ത്യയുടെ വളര്‍ച്ച. ഇക്കാലയളവില്‍ ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ മുന്നേറ്റം പ്രകടമായെങ്കിലും ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇടിവ് സംഭവിച്ചതായി രഘുറാം രാജന്‍ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വീണ്ടും മുന്നേറ്റം പ്രകടമായെങ്കിലും ഇന്ധന വില വളര്‍ച്ചയ്ക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന് രാജന്‍ പറഞ്ഞു. ഇന്ധന ആവശ്യകതയുടെ ഭൂരിഭാഗവും രാജ്യം നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്. അതുകൊണ്ട് രാജ്യാന്തര വിപണിയില്‍ ഇന്ധന വില ഉയരുന്നത് ഇന്ത്യയെ വലിയ രീതിയില്‍ ബാധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടിയുടെയും പ്രാരംഭ ആഘാതങ്ങളില്‍ നിന്നും കരകയറിയെങ്കിലും എണ്ണ വില അടക്കമുള്ളവ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സമ്മര്‍ദത്തിലാക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ബാങ്കിംഗ് മേഖല നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും രാജന്‍ സംസാരിച്ചു. ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഇതേടെ ബാങ്കുകള്‍ക്ക് വളര്‍ച്ചാ ട്രാക്കിലേക്ക് തിരിച്ചുകയറാനാകുമെന്നും രാജന്‍ പറഞ്ഞു. ബാങ്കുകളുടെ സാമ്പത്തികാരോഗ്യം വീണ്ടെടുക്കാനുള്ള ഏക മാര്‍ഗമല്ല പാപ്പരത്ത നിയമം. ബാങ്കിംഗ് മേഖലയുടെ ശുദ്ധീകരണത്തിനുള്ള വലിയ പദ്ധതിയുടെ ഒരു ഘടകം മാത്രമാണ് ഇതെന്നും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News