മനസ്സറിഞ്ഞ് ചെലവാക്കി ഗള്‍ഫ് ടൂറിസ്റ്റുകള്‍; സമ്പന്നമായി യൂറോപ്പ്

മനസ്സറിഞ്ഞ് ചെലവാക്കി ഗള്‍ഫ് ടൂറിസ്റ്റുകള്‍; സമ്പന്നമായി യൂറോപ്പ്

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ ചെലവാക്കുന്നത് മറ്റ് വിനോദസഞ്ചരികള്‍ ചെലവിടുന്നതിന്റെ ആറ് മടങ്ങ്...

മാഡ്രിഡ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിനോദ സഞ്ചാരത്തിന് പോകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ജിസിസി മേഖലയിലെ ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ആറ് രാജ്യങ്ങളില്‍ നിന്നും വിനോദസഞ്ചാരത്തിനായി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണത്തിലും അവര്‍ നടത്തുന്ന ചെലവിടലിലും വന്‍ കുതിപ്പാണുണ്ടാകുന്നതെന്ന് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷ(യുഎന്‍ഡബ്ല്യുഡിഒ)ന്റെയും യൂറോപ്യന്‍ ട്രാവല്‍ കമ്മീഷ(ഇടിസി)ന്റെയും പുതിയ റിപ്പോര്‍ട്ടില്‍ പറുന്നു. അന്താരാഷ്ട്ര ടൂറിസം ചെലവിടലിലും വര്‍ധനയുണ്ടായിട്ടുണ്ട്. 2017ല്‍ 60 ബില്ല്യണ്‍ ഡോളറിലേക്കാണ് അന്താരാഷ്ട്ര ടൂറിസം ചെലവിടല്‍ കുതിച്ചത്.

ആറ് അറബ് രാജ്യങ്ങളിലെ ടൂറിസം വിപണിയുടെ സവിശേഷതകള്‍ പഠിച്ച ശേഷമാണ് യുഎന്‍ഡബ്ല്യുടിഒയും ഇടിസിയും ചേര്‍ന്ന് വാല്യു റീട്ടെയ്‌ലിന്റെ പിന്തുണയോടെ ‘ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ ഔട്ട്ബൗണ്ട് ട്രാവല്‍ മാര്‍ക്കറ്റ്’ എന്ന പേരില്‍ പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ഗള്‍ഫ് ടൂറിസ്റ്റുകളുടെ പ്രധാന ടൂറിസം ലക്ഷ്യസ്ഥാനമായി യൂറോപ്പ് മാറുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം ആഗോള ശരാശരിയെക്കാള്‍ 6.5 മടങ്ങ് കൂടുതല്‍ തുകയാണ് ഗള്‍ഫ് ടൂറിസ്റ്റുകള്‍ ചെലവിടുന്നതെന്നതാണ്. സ്വാഭാവികമായും മൊത്തത്തിലുള്ള ടൂറിസം ചെലവിടലിലേക്ക് നല്ലൊരു ശതമാനം സംഭാവന ചെയ്യുന്നത് ഗള്‍ഫ് ടൂറിസ്റ്റുകളാണ്. 2010ലെ 40 ബില്ല്യണ്‍ ഡോളറില്‍ നിന്നാണ് 2017ലെ 60 ബില്ല്യണ്‍ ഡോളറിലേക്ക് ആഗോള ടൂറിസം ചെലവിടല്‍ വര്‍ധിച്ചത്.

യൂറോപ്യന്‍ ടൂറിസത്തെ സംബന്ധിച്ചിടത്തോളം അതിവേഗത്തില്‍ വളരുന്ന വിപണി സ്രോതസ്സാണ് ജിസിസി രാജ്യങ്ങള്‍. കൂടുതല്‍ യുവത്വം തുളുമ്പുന്ന, മൂല്യാധിഷ്ഠിതമായ, ടെക്‌നോളജിയോട് അഭിനിവേശമുള്ള സഞ്ചാരികളാണ് ജിസിസിയില്‍ നിന്നെത്തുന്നത്-ഇടിസി പ്രസിഡന്റ് പീറ്റര്‍ ഡി വൈല്‍ഡെ പറഞ്ഞു.

യൂറോപ്പിലേക്കുള്ള ജിസിസി സഞ്ചാരികളുടെ യാത്രകള്‍ കൂടാന്‍ കാരണം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വ്യോമയാനരംഗത്തുവന്ന വളര്‍ച്ചയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫ് വിമാനകമ്പനികള്‍ അതില്‍ സുപ്രധാന പങ്കുവഹിച്ചു. യൂറോപ്പിനെയും ജിസിസി രാജ്യങ്ങളെയും ബന്ധിപ്പിച്ചുള്ള വ്യോമഗതാഗതരംഗത്ത് സ്‌ഫോടനാത്മകമായ വളര്‍ച്ചയാണുണ്ടായത്. വളരെ എളുപ്പത്തില്‍ യൂറോപ്പിലെത്താന്‍ ഇത് സഞ്ചാരികള്‍ക്ക് സഹായകമായി-റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യുവത്വം വിട്ടുമാറാത്ത എന്നാല്‍ കുടുംബത്തോടു കൂടുതല്‍ കേന്ദ്രീകരിക്കപ്പെട്ടവരാണ് ജിസിസി വിനോദ സഞ്ചാരികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചെലവിടല്‍ ശേഷി കൂടുതലുള്ളവരാണ് അവര്‍. ഉയര്‍ന്ന നിലവാരത്തിലുള്ള താമസസൗകര്യങ്ങള്‍, നല്ല ഭക്ഷണം, റീട്ടെയ്ല്‍ സേവനങ്ങള്‍ തുടങ്ങി മികച്ച ടൂറിസം അനുഭവങ്ങളാണ് അവര്‍ ആഗ്രഹിക്കുന്നത്.

യൂറോപ്പിലെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഇടങ്ങളും മികച്ച അടിസ്ഥാനസൗകര്യവും ഉദാര വിസ സംവിധാനവും കറന്‍സി സംവിധാനവും എല്ലാം ഗള്‍ഫ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്-റിപ്പോര്‍ട്ടില്‍ പറയുന്നു.

50 ശതമാനത്തോളം ജിസിസി സഞ്ചാരികളും ട്രാവല്‍ ഏജന്റുമാര്‍ മുഖേനെയാണ് യാത്ര ആസൂത്രണം ചെയ്യുന്നത്. അതേസമയം ഓണ്‍ലൈന്‍ ബുക്കിംഗുകളില്‍ അഭൂതപൂര്‍വമായ വര്‍ധനയുണ്ടാകുന്നുമുണ്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് മേഖലയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ പുറം രാജ്യങ്ങളിലേക്ക് കൂടുതലും ടൂര്‍ പോകുന്നത്. യൂറോപ്പിലേക്കുള്ള തങ്ങളുടെ അവസാന സന്ദര്‍ശനത്തില്‍ 40 ശതമാനത്തിലധികം ജിസിസി സന്ദര്‍ശകരും 10,000 ഡോളറിലധികം ചെലവഴിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്പിലേക്ക് ജിസിസി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍

  • വിനോദ ഡെസ്റ്റിനേഷനുകളുടെ വ്യത്യസ്തതയും പ്രകൃതിഭംഗിയും
  • വളരെ ഉന്നതനിലവാരത്തിലുള്ള, വികസിച്ച ടൂറിസം അടിസ്ഥാനസൗകര്യം
  • ഷോപ്പിംഗ് ടൂറിസത്തിന്റെ സാധ്യതകള്‍
  • മികച്ച കാലാവസ്ഥ
  • പൊതു കറന്‍സിയും വിസയുമായി ബന്ധപ്പെട്ട ഉദാരവ്യവസ്ഥയും

Comments

comments

Categories: Arabia