സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം 11,900 കോടി രൂപയായി കുറഞ്ഞു

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം 11,900 കോടി രൂപയായി കുറഞ്ഞു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ജിഎസ്ടി നഷ്ടപരിഹാരം ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ 11,900 കോടി രൂപയായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍-ജൂലൈ കാലയളവില്‍ 14,930 കോടി രൂപയാണ് ജിഎസ്ടി നഷ്ടപരിഹാരമായി നല്‍കിയത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ നിന്നും നാല് മടങ്ങ് കുതിച്ചുചാട്ടമാണ് ജിഎസ്ടി നഷ്ടപരിഹാരത്തില്‍ ജൂണ്‍-ജൂലൈ കാലയളവില്‍ രേഖപ്പെടുത്തിയിരുന്നത്. 3,899 കോടി രൂപയായിരുന്നു ഏപ്രില്‍-മെയ് കാലയളവില്‍ നല്‍കിയത്.

ഒക്‌റ്റോബര്‍ മാസത്തില്‍ കേന്ദ്ര സര്‍ക്കാരിനു ലഭിച്ച ജിഎസ്ടി വരുമാനം 1,00,710 കോടി രൂപയായിരുന്നു. ഐജിഎസ്ടിയില്‍ നിന്നും സംസ്ഥാന ജിഎസ്ടിയിലേക്ക് 15,107 കോടി രൂപയാണ് നല്‍കിയിയത്. ഒക്‌റ്റോബര്‍ അവസാനത്തോടെ പ്രൊവിഷണല്‍ അടിസ്ഥാനത്തില്‍ 15,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഒക്‌റ്റോബര്‍ മാസത്തില്‍ ശേഖരിച്ച മൊത്തം വരുമാനം 52,934 കോടി രൂപയാണ്.
പുതുച്ചേരി(42 ശതമാനം), പഞ്ചാബ്, ഹിമാചല്‍ പ്രദേശ്(36 ശതമാനം), ഉത്തരാഖണ്ഡ്(35 ശതമാനം), ജമ്മു-കശ്മീര്‍( 28 ശതമാനം), ചത്തീസ്ഗഡ്(26 ശതമാനം), ഗോവ(25 ശതമാനം), ഒഡീഷ(24 ശതമാനം), കര്‍ണാടക, ബിഹാര്‍(20 ശതമാനം) എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് ഏപ്രില്‍-ഓഗസ്റ്റ് മാസക്കാലയളവില്‍ വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തിയത്. ജിഎസ്ടി നിലവില്‍ വന്ന് ആദ്യ വര്‍ഷത്തില്‍( 2017 ജൂലൈ-2018 മാര്‍ച്ച്) സംസ്ഥാനങ്ങള്‍ക്ക് ശരാശരി 16 ശതമാനം നികുതി നഷ്ടമാണ് ഉണ്ടായിരുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍- ഓഗസ്റ്റ മാസക്കാലയളവില്‍ ഇത് 13 ശതമാനമായി കുറഞ്ഞു.

സംസ്ഥാനങ്ങളിലെ നികുതി വരുമാനം വര്‍ധിപ്പിക്കാനായി പഞ്ചാബ്, ഹിമാചല്‍പ്രദേശ്, പുതുച്ചേരി, ജമ്മു-കശ്മീര്‍, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ നികുതി ഉദ്യോഗസ്ഥരുമായി ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയ ഇതിനകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്.

Comments

comments

Categories: Business & Economy