ലോകോത്തര ഡെമു കോച്ചുകള്‍ ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ റെയ്ല്‍വേ

ലോകോത്തര ഡെമു കോച്ചുകള്‍ ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ റെയ്ല്‍വേ

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്റ്ററിയില്‍ നിര്‍മിച്ച ആദ്യ റേക്ക് ഇന്ന് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ റൈറ്റ്‌സിന് കൈമാറും; ആകെ ആറ് ഡെമു റേക്കുകള്‍ക്കായി 78 കോച്ചുകളാവും ഇന്റഗ്രേറ്റഡ് കോച്ച് ഫാക്റ്ററി നിര്‍മിക്കുക

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡെമു (ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) റേക്കുകള്‍ ശ്രീലങ്കക്ക് കയറ്റിയയക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ സജ്ജമായി. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്റ്ററിയില്‍ നിര്‍മിച്ച നൂതന സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള കോച്ചുകള്‍ അടങ്ങിയ റേക്കുകളാണ് കൊളംബോയിലേക്ക് കയറ്റി അയക്കുക. കോച്ച് ഫാക്റ്ററിയില്‍ നിര്‍മാണം പൂര്‍ത്തിയായ ആദ്യ റേക്ക് ഇന്ന് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ റൈറ്റ്‌സിന് കൈമാറും. ആറ് റേക്കുകള്‍ക്കുള്ള ഓര്‍ഡറാണ് ശ്രീലങ്കയില്‍ നിന്ന് റെയ്ല്‍വേക്ക് ലഭിച്ചിരിക്കുന്നത്. 12 കോച്ചുകള്‍ അടങ്ങിയതാണ് ഒരു റേക്ക്. എക്കണോമി ക്ലാസ് സീറ്റുകളുള്ള രണ്ട് പവര്‍ കോച്ചുകള്‍, എക്കണോമി സീറ്റിംഗുള്ള രണ്ട് ട്രെയ്‌ലര്‍ കോച്ചുകള്‍, രണ്ട് എസി ചെയര്‍ കാറുകള്‍, സബ് അര്‍ബന്‍ ട്രെയ്‌നുകളിലെ ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ക്ക് സമാനമായ രണ്ട് ബിസിനസ് ക്ലാസ് ചെയര്‍ കാറുകള്‍, അഞ്ച് എക്കോണമി ക്ലാസ് കോച്ചുകള്‍ എന്നിവയാണ് ഓരോ റേക്കിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആകെ ആറ് ഡെമു റേക്കുകള്‍ക്കായി 78 കോച്ചുകളാവും ഇന്റഗ്രേറ്റഡ് കോച്ച് ഫാക്റ്ററി നിര്‍മിക്കുക. ഇന്ത്യ-ശ്രീലങ്ക സാമ്പത്തിക സഹകരണ കരാര്‍ പ്രകാരം ഇന്റഗ്രേറ്റഡ് കോച്ച് ഫാക്റ്ററിയും എഞ്ചിനീയറിംഗ് സംരംഭമായ റൈറ്റ്‌സും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

1,800 കുതിര ശക്തിയുള്ള എഞ്ചിന് സ്റ്റെയ്ന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ച മുഖമാണ് ഉള്ളത്. ശ്രീലങ്കയിലെ കാലാവസ്ഥയും സമുദ്ര തീരത്തു കൂടിയുള്ള സര്‍വീസുകളും പരിഗണിച്ചാണ് സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കൊണ്ട് കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്. തുരുമ്പ് ഒഴിവാക്കാന്‍ പ്രത്യേക പെയ്ന്റാണ് ബോഗിയിലും കീഴ്ഭാഗത്തും ഉപയോഗിച്ചിരിക്കുന്നത്.

ലോകത്തെ ഏത് രാജ്യത്തെയും ട്രെയ്‌നുകളുമായി കിട പിടിക്കുന്ന ഗുണമേന്‍മയുള്ള റേക്കുകളാണ് കയറ്റി അയക്കാനൊരുങ്ങുന്നതെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്റ്ററി വ്യക്തമാക്കി. ‘ഞങ്ങള്‍ ഇതിനകം ധാരാളം രാജ്യങ്ങളിലേക്ക് കോച്ചുകള്‍ കയറ്റി അയച്ചിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര എതിരാളികളുടെ ട്രെയ്‌നുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രെയ്‌നുകളുടെ പുറത്തെയും അകത്തെയും സൗകര്യങ്ങളെപ്പറ്റി എല്ലായ്‌പോഴും പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്തവണത്തെ വെല്ലുവിളി, വിശ്വസിക്കാവുന്ന ഉല്‍പ്പന്നം നല്‍കുക എന്നതിനൊപ്പം ശ്രീലങ്കയിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ട്രെയ്ന്‍ നിര്‍മിക്കുക എന്നത് കൂടിയായിരുന്നു,’ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്റ്ററിയുടെ ജനറല്‍ മാനേജര്‍ സുധാംശു മണി പ്രതികരിച്ചു. ഒന്നാന്തരം ഗുണനിലവാരമുള്ള ഡെമു റേക്ക് ഇന്ത്യന്‍ റെയ്ല്‍വേക്കായി നിര്‍മിച്ച് കൈമാറിയെന്നും ആവശ്യകത ഉയര്‍ന്നാല്‍ കൂടുതല്‍ റേക്കുകള്‍ നിര്‍മിക്കാന്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്രമായി കറങ്ങുന്ന കസേരകള്‍, എസി കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാര്‍ക്കായി ശബ്ദ നിയന്ത്രണ സംവിധാനം എന്നിവയെല്ലാം നൂതനമായ കൂട്ടിച്ചേര്‍ക്കലുകളാണ്. എസി ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കായി 52 സീറ്റുകളും എക്കോണമി ക്ലാസിനായി 90 സീറ്റുകളും ബിസിനസ് ക്ലാസിനായി 64 സീറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്. എക്കോണമി ക്ലാസിലെ സീറ്റുകള്‍ പരസ്പരം അഭിമുഖമായാണ് ഘടിപ്പിച്ചിരിക്കുന്നത്. ഗ്ലാസുകളിച്ച നീളവും വീതിയുമുള്ള ജനാലകളും നിരക്കി തുറക്കാവുന്ന വാതിലുകളും ആധുനിക ശൗചാലയങ്ങളും ഡെമുവിന്റെ പ്രത്യേകതയാണ്. ജിപിഎസുമായി ഘടിപ്പിച്ച ഡിസ്‌പ്ലേ സ്‌ക്രീനുകള്‍, ലൊക്കേഷന്‍ അനൗണ്‍സ്‌മെന്റ്, അലുമിനിയം ലഗേജ് റാക്കുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവയും സവിശേഷതകളാണ്.

Comments

comments

Categories: FK News
Tags: Demu coaches