വജ്രസമാനം തിളങ്ങി ക്രെറ്റ ഡയമണ്ട് കണ്‍സെപ്റ്റ്

വജ്രസമാനം തിളങ്ങി ക്രെറ്റ ഡയമണ്ട് കണ്‍സെപ്റ്റ്

ബ്രസീലില്‍ വില്‍ക്കുന്ന ക്രെറ്റയുടെ ടോപ് സ്‌പെക് പ്രെസ്റ്റീജ് വേരിയന്റ് അടിസ്ഥാനമാക്കിയാണ് ഡയമണ്ട് കണ്‍സെപ്റ്റ് നിര്‍മ്മിച്ചത്

സാവോ പോളോ : ഹ്യുണ്ടായ് ക്രെറ്റയുടെ വേറിട്ട വേര്‍ഷന്‍ അണിനിരത്തി ഹ്യുണ്ടായ് ബ്രസീല്‍. സാവോ പോളോ മോട്ടോര്‍ ഷോയിലാണ് ഹ്യുണ്ടായ് ക്രെറ്റ ഡയമണ്ട് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ച് ഹ്യുണ്ടായ് മോട്ടോറിന്റെ ബ്രസീലിയന്‍ കമ്പനി കയ്യടി ഏറ്റുവാങ്ങിയത്. എന്നാല്‍ ക്രെറ്റ ഡയമണ്ട് കണ്‍സെപ്റ്റിനെ പുതിയ മോഡല്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല.

സാവോ പോളോ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തയ്യാറാക്കിയ സ്‌പെഷല്‍ വാഹനമാണ് ക്രെറ്റ ഡയമണ്ട് കണ്‍സെപ്റ്റ്. ബ്രസീലില്‍ വില്‍ക്കുന്ന ക്രെറ്റയുടെ ടോപ് സ്‌പെക് പ്രെസ്റ്റീജ് വേരിയന്റ് അടിസ്ഥാനമാക്കിയാണ് ഡയമണ്ട് കണ്‍സെപ്റ്റ് നിര്‍മ്മിച്ചത്. വജ്രം പോലെ തിളങ്ങുന്നതിന് കോംപാക്റ്റ് എസ്‌യുവിയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.

പുതിയ ‘ഡീപ് ഡൈവ് ബ്ലൂ’ പെയിന്റ് സ്‌കീം, 19 ഇഞ്ച് വ്യാസമുള്ള വലിയ അലോയ് വീലുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവ പുതിയ ഫീച്ചറുകളാണ്. കാബിനില്‍ ഡുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്, ഐവറി-കാരമല്‍ ഷേഡുകളില്‍ മൈക്രോ ഫൈബര്‍ സീറ്റുകള്‍, ഇതേ നിറത്തില്‍ സ്റ്റിയറിംഗ് വീല്‍, ഗിയര്‍ഷിഫ്റ്റ് നോബ് എന്നിവ കാണാം. കാബിനില്‍ വേറെയും അലങ്കാരങ്ങള്‍ നല്‍കിയിരിക്കുന്നു.

7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍. ആറ് സ്പീക്കറുകള്‍, മൂന്ന് ആംപ്ലിഫയറുകള്‍, 750 വാട്ട് സബ്‌വൂഫര്‍ എന്നിവ സഹിതം ജെബിഎല്‍ ഓഡിയോ സിസ്റ്റം ലഭിച്ചു. പിന്‍ സീറ്റ് യാത്രികര്‍ക്കായി മുന്‍സീറ്റ് യാത്രികരുടെ ഹെഡ്‌റെസ്റ്റിന് പിറകില്‍ സ്‌ക്രീനുകള്‍ നല്‍കി.

ക്രെറ്റ ഡയമണ്ട് കണ്‍സെപ്റ്റ് ഉല്‍പ്പാദനം നടത്തി വിപണിയില്‍ എത്തിക്കുമോയെന്ന് ഹ്യുണ്ടായ് ബ്രസീല്‍ വ്യക്തമാക്കിയില്ല. നിര്‍മ്മിക്കുകയാണെങ്കില്‍ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ല. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കും. 156 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന ഈ മോട്ടോറുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെയ്ക്കും. ക്രെറ്റ ഡയമണ്ട് കണ്‍സെപ്റ്റ് ഇന്ത്യയില്‍ എത്തിക്കുമെന്ന് ഹ്യുണ്ടായ് ഇന്ത്യയും പ്രഖ്യാപിച്ചിട്ടില്ല.

Comments

comments

Categories: Auto