കോള്‍ ഇന്ത്യയില്‍ നിക്ഷേപിച്ചവര്‍ക്ക് കാര്യമായ നേട്ടമില്ല

കോള്‍ ഇന്ത്യയില്‍ നിക്ഷേപിച്ചവര്‍ക്ക് കാര്യമായ നേട്ടമില്ല

ന്യൂഡല്‍ഹി: കോള്‍ ഇന്ത്യയില്‍ നിക്ഷേപിച്ചവര്‍ക്ക് തിരിച്ചടി. വന്‍ ആവേശത്തോടെയാണ് കോള്‍ ഇന്ത്യയുടെ ഓഹരി 2010ല്‍ വിപണിയിലെത്തിയത്. ഒട്ടേറെ പേര്‍ ഇതില്‍ വന്‍തുക നിക്ഷേപിച്ചെങ്കിലും ആര്‍ക്കും കാര്യമായ നേട്ടം കൊയ്യാന്‍ സാധിച്ചില്ല. 287.75 രൂപയ്ക്കാണ് 2010ല്‍ ഓഹരി ലിസ്റ്റ് ചെയ്തിരുന്നത്.

ഇഷ്യു വിലയായ 245 രൂപയില്‍ നിന്നും 9 ശതമാനം നേട്ടത്തോടെയായിരുന്നു ഇത് ജനങ്ങളിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ കോള്‍ ഇന്ത്യ വന്‍ തിരിച്ചടിയാണ് നേരിടുന്നത്. അന്ന് ലിസ്റ്റ് ചെയ്ത നിലയില്‍ നിന്നും ഏഴ് ശതമാനം താഴ്ച്ചയിലേക്കാണ് കോള്‍ ഇന്ത്യയുടെ വ്യാപാരം ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. എന്നാല്‍ 2010 മുതല്‍ സെന്‍സെക്‌സ് 231 ശതമാനം കൂടിയിരുന്നു.

കോള്‍ ഇന്ത്യയുടെ പ്രകടനം ഓഹരി വിപണിയില്‍ മോശമാണെങ്കിലും വര്‍ഷാവര്‍ഷം മികച്ച ലാഭവിഹിതം നല്‍കാന്‍ മറന്നില്ല. കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ സര്‍ക്കാര്‍ ഇതിലൂടെ കോടികള്‍ നേടി. പത്തു രൂപ മുഖവിലയുള്ള ഓഹരിക്ക് ചുരുങ്ങിയത് (2010-11 സാമ്പത്തിക വര്‍ഷത്തില്‍) 39 ശതമാനമെങ്കിലും ലാഭവിഹിതം പ്രഖ്യാപിച്ചു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചതാകട്ടെ 290 ശതമാനം ലാഭവിഹിതമാണ്.

ഈ വര്‍ഷങ്ങളിലൊന്നും ഓഹരി വിഭജിക്കുകയോ ബോണസ് ഓഹരി നല്‍കുകയോ ചെയ്തില്ല. 2010-11 മുതല്‍ 2017-18വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ലാഭവിഹിതയിനത്തില്‍ സര്‍ക്കാര്‍ 74,267 കോടിയാണ് നേടിയത്. എട്ട് വര്‍ഷത്തിനിടെ ലാഭവിഹിതയിനത്തില്‍ കമ്പനി ചെലവഴിച്ചത് 88,916.80 കോടി രൂപയാണെന്നതും ശ്രദ്ധേയമാണ്.

ഈ വര്‍ഷം സെപ്റ്റംബറിലെ കണക്കുപ്രകാരം പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയില്‍ സര്‍ക്കാരിന് 78.32 ശതമാനം ഓഹരിയാണുള്ളത്. കൃത്യമായി പറഞ്ഞാല്‍ 4,86,16,80,228 ഓഹരികള്‍. ഓഫര്‍ ഫോര്‍ സെയില്‍ വഴി കമ്പനിയുടെ 99 ലക്ഷം ഓഹരികൂടി വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിശ്ചയിച്ചിരിക്കുന്ന വില ഓഹരിയൊന്നിന് 252.70 രൂപയാണ്. ഇതിലൂടെ സര്‍ക്കാരിന് സമാഹരിക്കാനാകുക 250 കോടി രൂപയാണ്.

Comments

comments

Categories: Business & Economy
Tags: Coal India

Related Articles