57.83 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി കരാറുകളില്‍ ചൈന ഒപ്പിട്ടു

57.83 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി കരാറുകളില്‍ ചൈന ഒപ്പിട്ടു

172 രാജ്യങ്ങളില്‍ നിന്നുള്ള 3,600 സംരംഭങ്ങളാണ് എക്‌സ്‌പോയില്‍ പങ്കെടുത്തത്

ബെയ്ജിംഗ്: അഞ്ച് ദിവസം നീണ്ടുനിന്ന ചൈനയുടെ പ്രഥമ അന്താരാഷ്ട്ര ഇറക്കുമതി എക്‌സ്‌പോ ഷാംഗ്ഹായില്‍ സമാപിച്ചു. എക്‌സ്‌പോയുടെ ഭാഗമായി ഒരു വര്‍ഷത്തേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നായി 57.83 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്ക്-സേവനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറുകളില്‍ ധാരണയായതായി സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പേര്‍ട്ട് ചെയ്തു. ചൈനീസ് ബിസിനസ് ഹബ്ബില്‍ നടന്ന എക്‌സ്‌പോയില്‍ ഇന്ത്യ അടക്കം 172 രാജ്യങ്ങളാണ് പങ്കെടുത്തത്.

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കയറ്റുമതി രാജ്യമായ ചൈന മറ്റ് രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ തോതില്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നതെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഇറക്കുമതി എക്‌സ്‌പോ സംഘടിപ്പിച്ചത്. ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധം ശക്തിപ്രാപിക്കുന്നതിനിടെയാണ് ഇത്തരമൊരു എക്‌സ്‌പോ നടന്നത് എന്നതും ശ്രദ്ധേയമാണ്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 250 ബില്യണ്‍ ഡോളര്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് യുഎസ് തീരുവ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചൈനയുമായി 375 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മിയാണ് യുഎസിനുള്ളത്. വ്യാപാര കമ്മി കുറയ്ക്കുന്നതിന് യുഎസും ഇന്ത്യയും ഒരുപോലെ ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 51 ബില്യണ്‍ ഡോളറിലധികമാണ്. ഈ അന്തരം കുറയ്ക്കുന്നതിന് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കണമെന്ന് എക്‌സ്‌പോയ്ക്കിടെ നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്ര വാണിജ്യ വകുപ്പ് സെക്രട്ടറി അനൂപ് വധാവന്‍ ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടു. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിന് എത്തിയ ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കിയത് അനൂപ് വധാവന്‍ ആണ്. ചൈനീസ് കമ്പനിയായ കോഫ്‌കോയുമായി ഒരു മില്യണ്‍ ഡോളറിന്റെ കയറ്റുമതി കരാറാണ് ഇന്ത്യന്‍ സംരംഭമായ ജയ് ശ്രീ ടീ & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒപ്പുവെച്ചിട്ടുള്ളത്. ഇന്ത്യന്‍ തേയില ചൈനയിലേക്ക് കയറ്റി അയക്കുന്നതിനുള്ളതാണ് കരാര്‍.

മൊത്തം 172 രാജ്യങ്ങളില്‍ നിന്നുള്ള 3,600 സംരംഭങ്ങളാണ് എക്‌സ്‌പോയില്‍ പങ്കെടുത്തത്. 400,000ത്തിലധികം ആഭ്യന്തര-വിദേശ പര്‍ച്ചേസര്‍മാരെ ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും സിഐഐഇ (ചൈന അന്താരാഷ്ട്ര ഇറക്കുമതി എക്‌സ്‌പോ) ബ്യൂറോ ഡെപ്യൂട്ടി ഡയറക്റ്റര്‍ സണ്‍ ഷെംഗായി പറഞ്ഞു. ഹൈ-എന്‍ഡ് ഇന്റലിജന്റ് എക്യുപ്‌മെന്റുകള്‍ വാങ്ങുന്നതിനായി 16.46 ബില്യണിലധികം ഡോളറിന്റെ കരാറാണ് എക്‌സ്‌പോയില്‍ ഒപ്പുവെച്ചത്. 12.68 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഭക്ഷ്യ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ളതാണ്.

11.99 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഓട്ടോമൊബീല്‍ രംഗത്തും 5.76 ബില്യണ്‍ ഡോളറിന്റെ കരാര്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും 4.33 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഇലക്ട്രോണിക്‌സ്, അപ്ലയന്‍സസ് വിഭാഗത്തിലുമുള്ളതാണ്. വസ്ത്രം, ആക്‌സസറീസ്, ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗത്തില്‍ 3.37 ബില്യണ്‍ ഡോളറിന്റെ കരാറിലാണ് ധാരണയായിട്ടുള്ളത്. സേവന വിഭാഗത്തില്‍ 3.24 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ടതായും സണ്‍ അറിയിച്ചു. ബെല്‍റ്റ് റോഡ് പദ്ധതിയുടെ ഭാഗമായ അംഗ രാഷ്ട്രങ്ങളില്‍ നിന്നും മൊത്തം 4.72 ഡോളര്‍ മൂല്യമുള്ള സാധന-സേവനങ്ങള്‍ വാങ്ങുന്നതിനാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: FK News