ക്ലൗഡ് വരുമാനത്തില്‍ മൂന്നിരട്ടി വര്‍ധനവുമായി ആമസോണ്‍ ഇന്ത്യ

ക്ലൗഡ് വരുമാനത്തില്‍ മൂന്നിരട്ടി വര്‍ധനവുമായി ആമസോണ്‍ ഇന്ത്യ

ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ക്ലൗഡ് ബിസിനസായ (ആമസോണ്‍ വെബ് സര്‍വീസസ്) നിന്നും ആമസോണ്‍ മൂന്നിരട്ടി പ്രവര്‍ത്തവ വരുമാനം നേടി. 397 കോടി രൂപയില്‍ നിന്ന് 1,206 കോടി രൂപയായിട്ടാണ് വരുമാനം വര്‍ധിച്ചിരിക്കുന്നത്. വില നിലവാരത്തില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് ക്ലൗഡ് അനുബന്ധ സേവനങ്ങളുടെ ഉപയോഗം വര്‍ധിച്ചത് വരുമാന വളര്‍ച്ചയ്ക്ക് സഹായകമായതായി ആമസോണ്‍ അഭിപ്രായപ്പെട്ടു.

ആമസോണ്‍ വെബ് സര്‍വീസസിന്റെ ഇന്ത്യയിലെ റീസെല്ലര്‍മാരായ ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസസ് 28 കോടി രൂപയുടെ ലാഭമാണ് ഇക്കാലയളവില്‍ നേടിയത്. മുന്‍ വര്‍ഷം ഇത് പത്ത് കോടി രൂപ മാത്രമായിരുന്നു. മുന്‍ വര്‍ഷം 243 കോടി രൂപയുടെ വരുമാനം നേടിയ യുഎസ് ടെക്‌നോളജി ഭീമന്‍മാരുടെ ഡാറ്റാ പ്രോസസിംഗ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ആമസോണ്‍ ഡാറ്റാ സര്‍വീസസ് മാര്‍ച്ചിലവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 945 കോടി രൂപയുടെ വരുമാനവും നേടി.

കംപ്യൂട്ട്, സ്റ്റോറേജ്, ഡാറ്റാബേസ് വില്‍പ്പന ഇടപാടുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കു നല്‍കുന്ന പരിശീലനം അടക്കമുള്ള മറ്റ് ക്ലൗഡ് അനുബന്ധ സേവനങ്ങള്‍ എന്നിവ വഴിയാണ് ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസസ് വരുമാനം നേടുന്നത്. ആമസോണ്‍ വെബ് സര്‍വീസ് നല്‍കുന്ന മാര്‍ക്കറ്റിംഗ്, പ്രൊമോഷണല്‍ സര്‍വീസുകള്‍ വഴിയും കമ്പനി വരുമാനം നേടുന്നുണ്ട്. മൊത്ത വരുമാനത്തിലേക്കുള്ള ഈ സംഭാവന ഒരു വര്‍ഷത്തിനിടെ 52 കോടി രൂപയില്‍ നിന്ന് 165 കോടി രൂപയായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കമ്പനിയെ ക്ലൗഡ് സേവനദാതാക്കള്‍ എന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി ആമസോണ്‍ വ്യക്തമാക്കി.

ആമസോണ്‍ വെബ് സര്‍വീസസ് ആഗോളതലത്തില്‍ തന്നെ ആമസോണിന്റെ ഏറ്റവും വലിയ ധനസമ്പാദന ബിസിനസായി മാറികൊണ്ടിരിക്കുകയാണ്. മൈക്രോസോഫ്റ്റ് അഷുര്‍, ആലിബാബയുടെ അലിയുന്‍, ഗൂഗിളിന്റെ ക്ലൗഡ് സര്‍വീസസ് എന്നിവയാണ് ആമസോണ്‍ വെബ് സര്‍വീസസിന്റെ വിപണി എതിരാളികള്‍.

Comments

comments

Categories: Business & Economy
Tags: Amazon