ദീര്‍ഘദൂര യാത്ര പോകാന്‍ യമഹ നൈകന്‍ ജിടി

ദീര്‍ഘദൂര യാത്ര പോകാന്‍ യമഹ നൈകന്‍ ജിടി

ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാകുംവിധം കൂടുതല്‍ സുഖസൗകര്യങ്ങള്‍ ഒരുക്കി

മിലാന്‍ : ലീനിംഗ് മോട്ടോര്‍സൈക്കിളായ യമഹ നൈകന്‍ ജിടി മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അനാവരണം ചെയ്തു. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാകുംവിധം കൂടുതല്‍ സുഖസൗകര്യങ്ങള്‍ മുച്ചക്ര മോട്ടോര്‍സൈക്കിൡ ഒരുക്കിയിട്ടുണ്ട്. 25 ലിറ്റര്‍ സ്‌റ്റോറേജ് ശേഷിയുള്ള പാനിയറുകള്‍, സഹയാത്രികര്‍ക്കായി ഗ്രാബ് ഹാന്‍ഡിലുകള്‍, ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്യുന്നതിന് 12 വോള്‍ട്ട് ഔട്ട്‌ലെറ്റ് എന്നീ ഫീച്ചറുകള്‍ ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷത്തെ ഐക്മയില്‍ സ്റ്റാന്‍ഡേഡ് യമഹ നൈകന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ സ്റ്റാന്‍ഡേഡ് നൈകനില്‍നിന്ന് വ്യത്യസ്തമായി നൈകന്‍ ജിടി മോട്ടോര്‍സൈക്കിളിന് സെന്റര്‍ സ്റ്റാന്‍ഡ് നല്‍കിയിരിക്കുന്നു. കൂടാതെ ഉയരമുള്ള വിന്‍ഡ്‌സ്‌ക്രീന്‍, വീതിയേറിയ സീറ്റുകള്‍, ഹീറ്റഡ് ഹാന്‍ഡില്‍ബാര്‍ ഗ്രിപ്പുകള്‍ എന്നിവയും നൈകന്‍ ജിടി മോട്ടോര്‍സൈക്കിളിന് ലഭിച്ചു.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ സ്റ്റാന്‍ഡേഡ് നൈകന്‍, 2019 നൈകന്‍ ജിടി മോട്ടോര്‍സൈക്കിളുകള്‍ തമ്മില്‍ വ്യത്യാസമില്ല. നൈകന്‍ ജിടി മോട്ടോര്‍സൈക്കിളും യമഹ എംടി-09 അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചത്. പരിഷ്‌കരിച്ച സൈക്കിള്‍ പാര്‍ട്‌സുകളും 15 ഇഞ്ച് വലുപ്പമുള്ള രണ്ട് ചക്രങ്ങളും വളവുകളില്‍ കൃത്യമായി ചെരിയാന്‍ മോട്ടോര്‍സൈക്കിളിനെ സഹായിക്കും. രണ്ട് പ്രത്യേക ജോടി ഇന്‍വെര്‍ട്ടഡ് ഫോര്‍ക്കുകളാണ് ചക്രങ്ങളെ ഫ്രെയിമുമായി ബന്ധിപ്പിക്കുന്നത്.

യമഹ എംടി-09 ഉപയോഗിക്കുന്ന അതേ 847 സിസി, ഇന്‍-ലൈന്‍ 3 സിലിണ്ടര്‍ എന്‍ജിനാണ് യമഹ നൈകന്‍ ജിടിയില്‍ നല്‍കിയിരിക്കുന്നത്. ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 114 ബിഎച്ച്പി കരുത്തും 8,500 ആര്‍പിഎമ്മില്‍ 87.5 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച്, ക്വിക്ക്ഷിഫ്റ്റര്‍, 3 മോഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ സവിശേഷതകളാണ്. നാലാമത്തെ ഗിയര്‍ മുതല്‍ മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ക്രൂസ് കണ്‍ട്രോള്‍ ലഭിക്കും.

യമഹയില്‍നിന്നുള്ള ആദ്യ മൂന്നുചക്ര മോട്ടോര്‍സൈക്കിളായിരുന്നു നൈകന്‍. ഇത്തരത്തില്‍ കൂടുതല്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാനാണ് യമഹയുടെ തീരുമാനം. നേരത്തെ ബ്രുഡേലി എന്ന നോര്‍വീജിയന്‍ കമ്പനിയില്‍നിന്ന് മോട്ടോര്‍സൈക്കിളുകളുടെ ലീനിംഗ് ഡിസൈനുകളും കണ്‍സെപ്റ്റുകളും യമഹ വാങ്ങിയിരുന്നു. യുകെ, യുഎസ് തുടങ്ങിയ ചില അന്തര്‍ദേശീയ വിപണികളില്‍ യമഹ നൈകന്‍ വിറ്റുവരുന്നുണ്ട്. 15,999 യുഎസ് ഡോളറാണ് വില. എന്നാല്‍ പരിമിത എണ്ണം മാത്രമാണ് നിര്‍മ്മിക്കുന്നത്. നൈകന്‍ ജിടിയുടെ കാര്യത്തിലും ഇതുതന്നെയായിരിക്കും തീരുമാനം.

Comments

comments

Categories: Auto