തൊഴിലില്ലായ്മ നിരക്ക് രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

തൊഴിലില്ലായ്മ നിരക്ക് രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

തൊഴില്‍ പങ്കാളിത്ത നിരക്ക് നോട്ട് നിരോധനത്തിനു ശേഷമുള്ള ഇടിവില്‍ നിന്നും കര കയറിയിട്ടില്ല

ചെന്നൈ: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഒക്‌റ്റോബറില്‍ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനത്തിലേത്ത് ഉയര്‍ന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി(സിഎംഐഇ) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. തൊഴില്‍ പങ്കാളിത്ത നിരക്ക് 42.4 ശതമാനത്തിലേക്ക് താഴ്ന്നുവെന്നും ഇത് 2016 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണെന്നും സിഎംഐഇ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഏകദേശം 47-48 ശതമാനത്തില്‍ നിലനിന്നിരുന്ന തൊഴില്‍ പങ്കാളിത്ത നിരക്ക് നോട്ട് നിരോധനത്തിനു ശേഷമാണ് താഴ്ന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇപ്പോഴും ഇതില്‍ നിന്നും കരകയറാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ മാസത്തില്‍ തൊഴില്‍ വിപണിയിലെ കണക്കുകളില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും ഇത് അധികനാള്‍ തുടര്‍ന്നില്ല. നേരത്തെയുണ്ടായിരുന്ന ഇടിവ് തന്നെ ഒക്‌റ്റോബറിലും തുടരുന്നതായാണ് കാണാന്‍ കഴിയുന്നത്.

2017 ഒക്‌റ്റോബറില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 407 മില്യണ്‍ ആയിരുന്നു. എന്നാല്‍ 2018 ഒക്‌റ്റോബറായപ്പോഴേക്കും ഇത് 2.4 ശതമാനം കുറഞ്ഞ് 397 മില്യണായി. ഒക്‌റ്റോബറില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് ആശങ്കാജനകമാണെന്ന് സിഎംഐഇ ചൂണ്ടിക്കാണിക്കുന്നു.

സജീവമായി ജോലിക്കായി ശ്രമിക്കുന്ന തൊഴിലില്ലാത്തവരുടെ എണ്ണം 2017 ജൂലൈയിലെ 14 മില്യണിനെ അപേക്ഷിച്ച് 2018 ഒക്‌റ്റോബറില്‍ ഇരട്ടിയായി വര്‍ധിച്ച് 29.5 മില്യണ്‍ ആയി. 2017 ഒക്‌റ്റോബറില്‍ ഇത് 21.6 മില്യണ്‍ ആയിരുന്നു.

ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവിലാണ് സാധാരണയായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ പല മേഖലകളിലും പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് സിഐഇഎല്‍ എച്ച്ആര്‍ സര്‍വീസസ് സിഇഒ ആദിത്യനാരായണന്‍ പറയുന്നു. അതുകൊണ്ട് തന്നെ ഈ വര്‍ഷം കണക്കുകളില്‍ ഉണ്ടായ വ്യത്യാസം ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം ഏകദേശം 12 മില്യണ്‍ പേര്‍ തൊഴില്‍ വിപണിയിലേക്ക് കടന്നുവരുന്നുണ്ട്. എന്നാല്‍ തൊഴില്‍ വളര്‍ച്ച ഇതിന് ചേരുന്ന വിധത്തിലല്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഊര്‍ജം, അടിസ്ഥാന സൗകര്യം, തുടങ്ങിയ പ്രധാന മേഖലകളുടെ മോശം പ്രകടനം, എന്‍ബിഎഫ്‌സികള്‍ നേരിടുന്ന വായ്പാ ക്ഷാമം തുടങ്ങിയവയാണ് ഇപ്പോഴത്തെ തൊഴിലില്ലായ്മ പ്രതിസന്ധിക്ക് കാരണമായി അദ്ദേഹം വിലയിരുത്തുന്നത്. ഐടി വ്യവസായവും ഇക്കാലയളവില്‍ കാര്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK News
Tags: Unemployment