നിര്‍ണായക ആര്‍സിഇപി മന്ത്രിതല ഉച്ചകോടി 12-13 സിംഗപ്പൂരില്‍

നിര്‍ണായക ആര്‍സിഇപി മന്ത്രിതല ഉച്ചകോടി 12-13 സിംഗപ്പൂരില്‍

മെഗാ വ്യാപാര ഉടമ്പടിക്ക് ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ്

ന്യൂഡെല്‍ഹി: റീജ്യണല്‍ കോംപ്രിഹെന്‍സിവ് ഇക്കോണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് അഥവാ ആര്‍സിഇപി എന്നറിയപ്പെടുന്ന വ്യാപാര കൂട്ടായ്മയുടെ നിര്‍ണായക മന്ത്രിതല ഉച്ചകോടി ഈ മാസം 12നും 13നും സിംഗപ്പൂരില്‍ നടക്കും. ഇന്ത്യയുടെയും ചൈനയുടെയും വ്യാപാര മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ മെഗാ വ്യാപാര ഉടമ്പടിക്ക് അന്തിമ രൂപം നല്‍കുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. ഉടമ്പടി സംബന്ധിച്ച ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ഏറുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്.

ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, സാമ്പത്തികവും സാങ്കേതികവുമായ സഹകരണം, വ്യാപാര മല്‍സരം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളാണ് ആര്‍സിഇപി കൈകാര്യം ചെയ്യുന്നത്. ഇന്ത്യയെ പ്രതിനിധികരിച്ച് വ്യവസായ-വാണിജ്യ മന്ത്രി സുരേഷ് പ്രഭുവാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് മെഗാ വ്യാപാര ഉടമ്പടിയിലെ നിരവധി വ്യവസ്ഥകളില്‍ ഇനിയും ഒത്തുതീര്‍പ്പാകേണ്ടതുണ്ട്.
16 അംഗരാഷ്ട്രങ്ങളോടും ഉടമ്പടി സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപൊകുന്നതിന് കഴിഞ്ഞ മാസം ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡില്‍ ഇതു സംബന്ധിച്ച് 24-ാം വട്ട ചര്‍ച്ച രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പൂര്‍ത്തിയാക്കിയിരുന്നു. സ്റ്റീല്‍, ഭക്ഷ്യസംസ്‌കരണം, ലോഹം തുടങ്ങിയ വ്യവസായ മേഖലകള്‍ കൂട്ടായ്മയിലെ ചൈനയുടെ പങ്കാളിത്തത്തില്‍ ആശങ്കയുള്ളവരാണ്. ഇന്ത്യ ഉടമ്പടിക്ക് തയാറായാല്‍ ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഇളവ് നല്‍കാന്‍ ഇന്ത്യ നിര്‍ബന്ധിതമായേക്കും എന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനായി ശ്രമങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ ഇത്തരമൊരു കരാര്‍ ഇന്ത്യക്ക് അനിവാര്യമാകുമെന്ന് മറ്റൊരു വിഭാഗം വ്യാവാസായിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കൂട്ടായ്മയില്‍ ഉള്‍പ്പെട്ട 10 രാഷ്ട്രങ്ങളുമായി ഇന്ത്യക്ക് വ്യാപാരക്കമ്മിയാണുള്ളത്. പരസ്പരം വ്യാപാരം നടത്തുന്ന പരമാവധി ഉല്‍പ്പന്നങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കണമെന്നാണ് അംഗ രാഷ്ട്രങ്ങളില്‍ ഏറെയും ആവശ്യപ്പെടുന്നത്. എന്നാല്‍ വലിയ വ്യാപാരക്കമ്മിയുള്ള ചൈന, കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നിരക്കിളവ് നല്‍കുന്നതില്‍ ഇന്ത്യക്ക് ആശങ്കകളുണ്ട്.

Comments

comments

Categories: FK News, Slider
Tags: Rcep Summit