ലൈംഗികാതിക്രമങ്ങള്‍ നേരിടാന്‍ പുതിയ നയവുമായി ഗൂഗിള്‍

ലൈംഗികാതിക്രമങ്ങള്‍ നേരിടാന്‍ പുതിയ നയവുമായി ഗൂഗിള്‍

ജീവനക്കാരുടെ ആശങ്കകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ കുറിച്ച് കൂടുതല്‍ സുതാര്യത ഉറപ്പാക്കും

ന്യൂയോര്‍ക്ക്: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നയം രൂപീകരിച്ച് സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍. ഗൂഗിള്‍ ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ഇത്തരം ആരോപണങ്ങൡ ആശങ്ക പ്രകടിപ്പിച്ച ഗൂഗിള്‍ സിഇഒ സിന്ദര്‍ പിച്ചെ സമഗ്രമായ നയ രൂപീകരണത്തിലേക്ക് കമ്പനി നീങ്ങുകയാണെന്ന് അറിയിച്ചു.

ഗൂഗിളിലെ ചില ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ കമ്പനി സമ്മതിച്ചു. ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് സുന്ദര്‍ പിച്ചെ ഇ-മെയില്‍ സന്ദേശം അയച്ചു. കഴിഞ്ഞ കാലങ്ങളില്‍ എല്ലാം ശരിയായി നടന്നിരിക്കണമെന്നില്ലെന്നു പറഞ്ഞ് നടന്ന സംഭവങ്ങളിലെല്ലാം മാപ്പ് ചോദിച്ച പിച്ചെ കമ്പനിയുടെ സുരക്ഷാ നയത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയാറെടുക്കുകയാണെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കെതിരെ ലോകവ്യാപകമായി 20,000 ത്തോളം വരുന്ന ഗൂഗിള്‍ ജീവനക്കാര്‍ കഴിഞ്ഞയാഴ്ചകളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ലൈംഗികാരോപണം നേരിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടികള്‍ കൈക്കൊണ്ടില്ലെന്നും സംഭവം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നുമായിരുന്നു പ്രതിഷേധക്കാര്‍ വാദിച്ചത്. 2016 മുതല്‍ ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് 13 സീനിയര്‍ മാനേജര്‍മാരടക്കം 48 പേരെ ഗൂഗിള്‍ പുറത്താക്കിയിരുന്നു.

ജീവനക്കാരുടെ ആശങ്കകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ കുറിച്ച് കൂടുതല്‍ സുതാര്യത ഗൂഗിള്‍ ഉറപ്പ് നല്‍കുന്നു. പരാതി ഉന്നയിക്കുന്ന ജീവനക്കാര്‍ക്ക് ശക്തമായ പിന്തുണ നല്‍കുകയും സുരക്ഷ നല്‍കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ലൈംഗികാതിക്രമങ്ങളില്‍ പരാതിപ്പെടാന്‍ പുതിയ സംവിധാനങ്ങള്‍ ഗൂഗിള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പേരു വെളിപ്പെടുത്താതെ ജീവനക്കാര്‍ക്ക് ഇതിലൂടെ പരാതി അറിയിക്കാമെന്നും സുന്ദര്‍ പിച്ചെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ജീവനക്കാരുടെ ആശങ്കകള്‍ കണക്കിലെടുത്ത് ഇത്തരം കേസുകള്‍ കൈകാര്യം ച്ചെയുന്ന രീതി നവീകരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ലൈംഗിക പീഡനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ബന്ധിത പരിശീലനം വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലിടത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യവും തുല്യ സ്ഥാനനും ആദരവും ഉറപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനി ബോര്‍ഡില്‍ ജീവനക്കാരുടെ ഒരു പ്രതിനിധി വേണമെന്നതൊഴികെ ഗൂഗിള്‍ പ്രക്ഷോഭകര്‍ മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും പുതിയ നയ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ തത്വത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ ശാക്തീകരണം, ശമ്പളം-അവസരങ്ങള്‍ എന്നിവയിലെ സമത്വം ഉറപ്പിക്കുക തുടങ്ങിയവയും പ്രതിഷേധം സംഘടിപ്പിച്ച ജീവനക്കാര്‍ മുന്നോട്ടുവെച്ചിരുന്നു.

Comments

comments

Categories: Tech
Tags: Google