സാമ്പത്തിക മൂലധന ചട്ടക്കൂടൊരുക്കാന്‍ ആര്‍ബിഐയുമായി ചര്‍ച്ച

സാമ്പത്തിക മൂലധന ചട്ടക്കൂടൊരുക്കാന്‍ ആര്‍ബിഐയുമായി ചര്‍ച്ച

കേന്ദ്ര ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെടില്ലെന്ന് സുഭാഷ് ചന്ദ്ര ഗാര്‍ഗ്

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്കിന്റെ(ആര്‍ബിഐ) കരുതല്‍ ധനശേഖരത്തില്‍ നിന്ന് പണം ലഭ്യമാക്കുന്നതിനുള്ള ഒരു നിര്‍ദേശവും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് ാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പൂര്‍ണമായും നല്ല നിലയിലാണെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കേന്ദ്രബാങ്കിന് ഉചിതമായ സാമ്പത്തിക മൂലധന ചട്ടക്കൂടൊരുക്കാന്‍ ആര്‍ബിഐ നേതൃത്വവുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.
ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകളുടെ മൂലധന ആസ്തി മെച്ചപ്പെടുത്താനും മറ്റുമായി ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായിട്ടാണ് നേരത്തേ വാര്‍ത്തകള്‍ വന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദേശം ആര്‍ബിഐ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇരുഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം മുറുകിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.

ആര്‍ബിഐയുടെ അനുയോജ്യമായ സാമ്പത്തിക മൂലധന ചട്ടക്കൂട് സംബന്ധിച്ചുള്ള നിര്‍ദേശം മാത്രമാണ് ചര്‍ച്ചകളിലുള്ളതെന്ന് ഗാര്‍ഗ് ട്വീറ്റ് ചെയ്തു. തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും മാധ്യമങ്ങളില്‍ വരുന്നുണ്ട്. 2019 മാര്‍ച്ച് 31 ന് അവസാനിക്കുന്ന നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.3 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2013-14 സാമ്പത്തികവര്‍ഷത്തില്‍ സര്‍ക്കാരിന്റെ ധനക്കമ്മി 5.1 ശതമാനമായിരുന്നു. 2014-15 മുതലിങ്ങോട്ട് ധനക്കമ്മി കുറക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. 2018 സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ അത് 3.3 ശതമാനമായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തി.

കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നവംബര്‍ 19ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഉര്‍ജിത് രാജിക്കൊരുങ്ങുന്നതായാണ് സൂചന. കരുതല്‍ ധനം സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന നിലയിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

നേരത്ത് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ കേന്ദ്ര ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ അനിയന്ത്രിത ഇടപെടല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുകയാണെന്ന തരത്തില്‍ പരസ്യ പ്രസ്താവന നടത്തിയിരുന്നു. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണത്തെ മാനിച്ചിട്ടുണ്ടെന്നും എല്ലാ റെഗുലേറ്റര്‍മാരുമായും എന്നതുപോലെ ആര്‍ബി ഐയുമായും ചര്‍ച്ചകള്‍ അനിവാര്യമാണെന്നും നിര്‍ദേശങ്ങള്‍ നല്‍കുന്നതു തുടരുമെന്നുമാണ് കേന്ദ്ര ധനമന്ത്രാലയും ഈ വിവാദങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.

Comments

comments

Categories: FK News
Tags: economy, RBI