രാജ്യ തലസ്ഥാനത്തിന് ശ്വാസം മുട്ടുന്നു, ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണം

രാജ്യ തലസ്ഥാനത്തിന് ശ്വാസം മുട്ടുന്നു, ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണം

നിയന്ത്രണങ്ങള്‍ പാലിക്കാതെ പടക്കെ പൊട്ടിച്ചതിന് 562 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ രാജ്യ തലസ്ഥാന മേഖലയിലെ വായു നിലവാരം അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. വ്യാഴാഴ്ച രാത്രി 11 മണി മുതല്‍ മൂന്നു ദിവസത്തേക്ക് നഗരത്തില്‍ ചരക്കുവാഹനങ്ങള്‍ പ്രവേശിക്കുന്നതിന് ഡെല്‍ഹി പൊലീസ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയാറാകാത്തത് സ്ഥിതി അതിഗുരുതരമാക്കുന്നതിലേക്ക് നയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സുരക്ഷിത നിലയെക്കാള്‍ 10 മടങ്ങില്‍ അധികമാണു ഇന്നലെ പുലര്‍ച്ചെ അനുഭവപ്പെട്ട വായു മലിനീകരണമെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

ദീപാവലി ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്ക് രാത്രി 8 മുതല്‍ 10 വരെ മാത്രമായി പടക്കം പൊട്ടിക്കുന്നത് നിയന്ത്രിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി. എന്നാല്‍ പലയിടത്തും വൈകിട്ട് ആരംഭിച്ച പടക്കംപൊട്ടിക്കല്‍ പുലര്‍ച്ചെവരെ നീണ്ടു. ചില കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത് അപര്യാപ്തമാണെന്നാണ് വിലയിരുത്തല്‍. ഉത്തരവ് ലംഘിച്ച 310 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 562 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 2776 കിലോ പടക്കം പിടിച്ചെടുക്കുകയും ചെയ്തു.

ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാകാത്ത നിലയില്‍ ഡെല്‍ഹിയിലെ ജനജീവിതം ഏറക്കുറേ സ്തംഭിച്ച നിലയിലാണ്. പൊടിയും പുകമഞ്ഞും കാഴ്ച മറയ്ക്കുന്നത് വിമാനത്താവളത്തില്‍ ഉള്‍പ്പടെ യാത്രികരെ വലയ്ക്കുകയാണ്. വായു നിലവാര സൂചിക(എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്-എക്യുഐ) ശരാശരി 574 ആണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ എക്യുഐ 999 എന്ന നിലയിലാണ്. 0-50 വരെയാണു സുരക്ഷിത നില. 500 മുകളിലുള്ള എക്യുപി ഗുരുതര സാഹചര്യമാണ് വ്യക്തമാക്കുന്നത്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5 (പിഎം 2.5), പിഎം 10 എന്നിവയും ഏറെ ഉയര്‍ന്ന നിലയിലാണ്. കുറച്ചു ദിവസങ്ങള്‍ കൂടി സമാന സ്ഥിതി തുടരുമെന്നാണ് വിലയിരുത്തല്‍. സമീപ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും ഡെല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമാകുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്..

Comments

comments

Categories: FK News