ആറ് വിമാനത്താവളങ്ങള്‍ കൂടി പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക്

ആറ് വിമാനത്താവളങ്ങള്‍ കൂടി പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക്

തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗുവാഹാത്തി, മംഗളൂരു എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവക്ക് പിപിപി മാതൃക

ന്യൂഡെല്‍ഹി: തിരുവനന്തപുരമുള്‍പ്പടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ പൊതുസ്വകാര്യ പങ്കാളിത്തത്തിലേക്ക് (പിപിപി-പബ്ലിക് പ്രൈവറ്റ്‌
പാര്‍ട്ട്ണര്‍ഷിപ്പ്) മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗുവാഹാത്തി, മംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

കൊച്ചി, മുംബൈ, ഡെല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ അഞ്ച് വിമാനത്താവളങ്ങള്‍ നിലവില്‍ പിപിപി മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് മാതൃക വിജയകരമായതാണ് മറ്റുള്ളവയിലേക്ക് കൂടി പിപിപി മോഡല്‍ വ്യാപിപ്പിക്കാന്‍ പ്രചോദനമായതെന്ന് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. സേവനങ്ങളില്‍ വൈദഗ്ധ്യവും പ്രൊഫഷണലിസവും കൊണ്ടുവരാന്‍ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലെ സ്വകാര്യ പങ്കാളിത്തത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

പിപിപി മാതൃകയിലുള്ള എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വന്‍തോതില്‍ വരുമാനം കണ്ടെത്താന്‍ സഹായിച്ചിട്ടുണ്ടെന്നും രാജ്യത്തെവിടെയും മെച്ചപ്പെട്ട വ്യോമയാനബന്ധം ഉറപ്പാക്കാന്‍ മാതൃക പ്രയോജനപ്പെടുത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വിമാനത്താവള അടിസ്ഥാനസൗകര്യ രംഗത്ത് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നീക്കം സഹായകമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഈ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പും പ്രവര്‍ത്തന നിയന്ത്രണവും പിപിപിഎസി (പബ്ലിക് െ്രെപവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് അെ്രെപസല്‍ കമ്മിറ്റി) വഴിയാണ് നടത്തുക. നിതി ആയോഗ് സിഇഒ, വ്യോമയാന മന്ത്രാലയ സെക്രട്ടറി, സാമ്പത്തികകാര്യ സെക്രട്ടറി, എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് സെക്രട്ടറി തുടങ്ങിയവരടങ്ങിയ ഉന്നതാധികാര സമിതി ഇതിനായി രൂപീകരിക്കും. പിപിപിഎസിക്ക് അപ്രാപ്യമായ വിഷയങ്ങളില്‍ ഈ ഉന്നതാധികാര സമിതിയായിരിക്കും തീരുമാനങ്ങളെടുക്കുക.

വ്യോമയാന വിപണിയുടെ അതിവേഗ മുന്നേറ്റത്തിന് അടിസ്ഥാന സൗകര്യ വികസനത്തിലുള്ള സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം സഹായകമാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ കോര്‍പ്പറേറ്റ് റേറ്റിംഗ്‌സ് വൈസ് പ്രസിഡന്റ് കിഞ്ചല്‍ ഷാ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഇന്ത്യയിലെ വ്യോമയാന വിപണി 19 ശതമാനം എന്ന നിരക്കില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. യുഎസിനും ചൈനയ്ക്കും ശേഷം 2025ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിമാനയാത്രക്കാരുടെ എണ്ണം 2017 ലെ 265 ദശലക്ഷത്തില്‍ നിന്നും അടുത്ത 10-15 വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. വിമാനത്താവളങ്ങളില്‍ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ക്കും നീക്കം വഴി വെക്കും.

Comments

comments

Categories: FK News
Tags: airports

Related Articles