യുദ്ധക്കപ്പല്‍ നിര്‍മാണത്തിന് സൗദിയും സ്‌പെയിനും കൈകോര്‍ക്കുന്നു

യുദ്ധക്കപ്പല്‍ നിര്‍മാണത്തിന് സൗദിയും സ്‌പെയിനും കൈകോര്‍ക്കുന്നു

സമി നവന്തിയ നേവല്‍ ഇന്‍ഡസ്ട്രീസ് അഞ്ച് പുതിയ യുദ്ധക്കപ്പലുകള്‍ ഡിസൈന്‍ ചെയ്യും

റിയാദ്: സൗദിക്കുവേണ്ടി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് സൗദി അറേബ്യന്‍ മിലിട്ടറി ഇന്‍ഡസ്ട്രീസും (സമി) സ്‌പെയിനിലെ നവന്തിയയുമായി ചേര്‍ന്ന് പുതിയ സംയുക്ത സംരംഭത്തിന് തുടക്കമിടുന്നു. സമി നവന്തിയ എന്ന പേരിലുള്ള പുതിയ സംരംഭമായരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.

പുതിയ സംയുക്ത സംരംഭത്തിന്റെ ഭാഗമായി സമി നവന്തിയ നേവല്‍ ഇന്‍ഡസ്ട്രീസ് അഞ്ച് പുതിയ യുദ്ധക്കപ്പലുകളാണ് ഡിസൈന്‍ ചെയ്യുക. വരും മാസങ്ങളില്‍ യുദ്ധക്കപ്പലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് 2022 ഓടുകൂടി കപ്പലുകള്‍ സൗദിക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. 2030 ഓടുകൂടി മിലിട്ടറി രംഗത്ത് 50 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കുക എന്ന ലക്ഷ്യം നേടിയെടുക്കാന്‍ സംയുക്ത സംരംഭത്തിലൂടെ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മിലിട്ടറി രംഗത്ത് സൗദി ചെലവഴിക്കുന്നതിന്റെ അമ്പതു ശതമാനവും രാജ്യത്തിനകത്തു തന്നെയാകുമെന്നതും പദ്ധതിയുടെ സവിശേഷതയാണെന്ന് വിലയിരുത്തലുകളുണ്ട്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്‌പെയ്ന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഇരുവരും ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചത്. സൗദി യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനും മേഖലയില്‍ സൗദിവല്‍ക്കരണം കൂടുതല്‍ പ്രോല്‍സാഹിപ്പിക്കാനും സംയുക്ത സംരംഭത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: Arabia
Tags: Soudhi-Spain