പരിസ്ഥിതി സൗഹാര്‍ദത: ഖത്തര്‍ഗ്യാസിന് സുസ്ഥിരതാ അവാര്‍ഡ്

പരിസ്ഥിതി സൗഹാര്‍ദത: ഖത്തര്‍ഗ്യാസിന് സുസ്ഥിരതാ അവാര്‍ഡ്

പരിസ്ഥി മലിനീകരണം കുറയ്ക്കാന്‍ പുതിയ സാങ്കേതികവിദ്യ നടപ്പാക്കി

ദോഹ: മികച്ച രീതിയിലുള്ള പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനം കാഴ്ചവെച്ചതിന് ഖത്തര്‍ഗ്യാസിന് സുസ്ഥിരതാ അവാര്‍ഡ്. ഖത്തര്‍ഗ്യാസിന്റെ ജെട്ടി ബോയ്ല്‍-ഓഫ് ഗ്യാസ് (ജെബിഒജി) റിക്കവറി ഫെസിലിറ്റിയാണ് അവാര്‍ഡ് സ്വന്തമാക്കിയത്. ഖത്തര്‍ സസ്റ്റെയ്‌നബിലിറ്റി വീക്ക് 2018 ല്‍ വെച്ച് ജെബിഒജി അധികൃതര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ഖത്തര്‍ ഫൗണ്ടേഷന്‍ അംഗമായ ഖത്തര്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലാണ് അവാര്‍ഡ് നല്‍കിയത്. പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ മേഖലയ്ക്ക് മികച്ച സംഭാവന നല്‍കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കാ ആണ് സാധാരണയായി ഈ അവാര്‍ഡ് നല്‍കി വരുന്നത്. ഊര്‍ജ്ജ മേഖലയിലെ സുസ്ഥിര വികസനങ്ങള്‍ക്കുവേണ്ടി നല്‍കുന്ന അവാര്‍ഡിന് അബ്ദുള്ള ബിന്‍ ഹമദ് അല്‍ അത്തിയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പൂര്‍ണ പിന്തുണയുമുണ്ട്.

റാസ്‌ലഫാന്‍ നഗരത്തില്‍ സ്ഥാപിച്ച ബെര്‍ത്തുകളില്‍ നിന്ന് കപ്പലുകളിലേക്ക് ദ്രവീകൃത പ്രകൃതി വാതകം നിറയ്ക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് മികച്ച രീതിയില്‍ പരിഹാരം കാണുകയും ഊര്‍ജ്ജസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്തതിനാണ് ഖത്തര്‍ഗ്യാസിന്റെ ജെബിഒജി വിഭാഗം അവാര്‍ഡ് സ്വന്തമാക്കിയത്. ഇത്തരത്തില്‍ പരിസ്ഥിതി സൗഹാര്‍ദത കാത്തുസൂക്ഷിക്കുന്നതിന് ജെബിഒജി പ്രത്യേക സാങ്കേതികവിദ്യ തന്നെ നടപ്പാക്കിയിരുന്നു.

2014 ല്‍ പ്രവര്‍ത്തനമാരംഭിച്ച ജെബിഒജി റിക്കവറി ഫെസിലിറ്റി മുമ്പ് ജെട്ടിക്കും പരിസര പ്രദേശങ്ങളിലുമായി വ്യാപകമായി പരിസ്ഥിതി മലിനീകരണം നടത്തിയ വാതകത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായിച്ചിരുന്നു. മുമ്പ് കപ്പലുകളില്‍ വാതകം നിറയ്ക്കുമ്പോള്‍ കുറച്ച് ദ്രവീകൃത പ്രക്യതി വാതകം കത്തിച്ചുകളയുകയായിരുന്നു പതിവ് (ബോയില്‍ ഓഫ് ഗ്യാസ്). എന്നാല്‍ പുതിയ സാങ്കേതിവിദ്യയില്‍ അധിഷ്ഠിതമായ സംവിധാനത്തിലൂടെ ബോയില്‍ ഓഫ് ഗ്യാസിന്റെ അളവ് ഗണ്യമായി കുറയ്ക്കാനായി. ജെബിഒജി ശേഖരിക്കുന്ന ബോയില്‍-ഓഫ് വാതകം സെന്‍ട്രല്‍ കംപ്രസറിലൂടെ തിരികെ ദ്രവീകൃത വാതക പ്ലാന്റുകളിലേക്ക് എത്തിച്ച് ഫ്യുവല്‍ ഗ്യാസായോ എല്‍എന്‍ജിയായോ മാറ്റുകയാണിപ്പോള്‍ ചെയ്യുന്നത്. മുമ്പ് പാഴാക്കപ്പെട്ട വാതകത്തിന്റെ 90 ശതമാനവും തിരികെയെത്തിക്കാനായതാണ് പദ്ധതി കൊണ്ടുള്ള ഗുണം. മാത്രമല്ല വാതകം കത്തിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി മലിനീകരണവും ഒഴിവാക്കാനായി.

പുതിയ സാങ്കേതികവിദ്യ നടപ്പാക്കിയതിലൂടെ പ്രതിവര്‍ഷം 1.6 ദശലക്ഷം ടണ്ണിന്റെ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറംതള്ളല്‍ ഒഴിവാക്കാനായി. 1.7 ലക്ഷം കാറുകള്‍ വഴിയുണ്ടാകുന്ന മലിനീകരണമാണ് ഇതുവഴി തടയാനായത്.

Comments

comments

Categories: Arabia
Tags: Qatar gas