വീണ്ടും മലക്കംമറിച്ചില്‍; എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ ഒപെക്ക്

വീണ്ടും മലക്കംമറിച്ചില്‍; എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ ഒപെക്ക്

അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കളി മാറ്റാന്‍ ഒപെക്. അടുത്ത വര്‍ഷം എണ്ണവിലയില്‍ വരാനിരിക്കുന്നത് വന്‍വര്‍ധന

വിയന്ന: അടുത്ത വര്‍ഷത്തോടെ എണ്ണ ഉല്‍പ്പാദനത്തില്‍ വീണ്ടും കുറവ് വരുത്തുമെന്നതിന്റെ സൂചനയുമായി എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്. വരുന്ന ഞായറാഴ്ച അബുദാബിയില്‍ നടക്കാനിരിക്കുന്ന ഒപെക് രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമാകും. ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാര്‍ പുനസ്ഥാപിച്ചാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ എണ്ണ വില വീണ്ടും ഉയരും.

2014ല്‍ എണ്ണ വില കൂപ്പുകുത്തിയതിനെ തുടര്‍ന്ന് അറേബ്യന്‍ സമ്പദ് വ്യവസ്ഥകള്‍ തകര്‍ന്നടിഞ്ഞിരുന്നു. അതിനുശേഷമാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഒപെക്ക് രാജ്യങ്ങള്‍ റഷ്യയുമായി സഹകരിച്ച് എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാര്‍ പ്രാവര്‍ത്തികമാക്കിയത്. ഒപെക്കിന് പുറത്തുള്ള പ്രധാന എണ്ണ ഉല്‍പ്പാദകരാജ്യമായ റഷ്യയുടെ പിന്തുണ നേടാന്‍ സൗദിക്ക് സാധിച്ചതാണ് കരാര്‍ വിജയിക്കുന്നതില്‍ നിര്‍ണായകമായത്.

എണ്ണ വിപണിയുടെ ഉയിര്‍ത്തെഴുനേല്‍പ്പിനും വില കൂടാനും ഇതുവഴിവെച്ചു. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധന ഇന്ത്യയും അമേരിക്കയും ഉള്‍പ്പടെയുള്ള രാജ്യങ്ങളെയും കാര്യമായി ബാധിച്ചു. ഇതില്‍ പ്രകോപിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യക്ക് മേല്‍ അഭൂതപൂര്‍വമായ രാഷ്ട്രീയസമ്മര്‍ദ്ദം ചെലുത്തിയതിന്റെ കൂടി ഫലമായിട്ടായിരുന്നു എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ സൗദിയും റഷ്യയും തീരുമാനിച്ചത്.

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞതും യുഎസ് ഷേല്‍ എണ്ണയുടെ ഉല്‍പ്പാദനം കൂടിയതുമാണ് മാറി ചിന്തിക്കാന്‍ ഒപെക്കിനെ പ്രേരിപ്പിക്കുന്നത്. എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ചേരി ഞായറാഴ്ച്ച കൈക്കൊണ്ടാലും മുന്നിലുള്ള വെല്ലുവിളികള്‍ ഏറെയാണ്. ഏറ്റവും പ്രധാനം ഇത്തരമൊരു തീരുമാനത്തിന്റെ ആവശ്യകത റഷ്യയെ ബോധ്യപ്പെടുത്തുകയെന്നതാകും. എണ്ണ വില ഇനിയും ഉയരുന്നതിനോട് റഷ്യക്ക് താല്‍പ്പര്യമില്ലാത്ത സ്ഥിതിക്ക് വഌഡിമിര്‍ പുടിന്‍ എടുക്കുന്ന തീരുമാനമാകും നിര്‍ണായകം. ഒപെക് എണ്ണ വില കൃത്രിമമായി ഉയര്‍ത്തുന്നുവെന്നാണ് ട്രംപിന്റെ എപ്പോഴത്തെയും പരാതി. നിലവിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തില്‍ ട്രംപിനെ വീണ്ടും ചൊടിപ്പിക്കുകയെന്ന സാഹസത്തിന് സൗദി അറേബ്യ മുതിരുമോയെന്നും കാണേണ്ടിയിരിക്കുന്നു.

ഞായറാഴ്ച്ച നടക്കുന്ന യോഗത്തിന്റെ അജണ്ടയെ കുറിച്ച് സൗദി ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് റഷ്യന്‍ ഊര്‍ജ്ജമന്ത്രി അലക്‌സാണ്ടര്‍ നോവക്കുമായി കഴിഞ്ഞ ദിവസം ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: OPEC