മുദ്ര വായ്പകളിലെ നിഷ്‌ക്രിയാസ്തി 4.83 ശതമാനമായി കുറഞ്ഞു

മുദ്ര വായ്പകളിലെ നിഷ്‌ക്രിയാസ്തി 4.83 ശതമാനമായി കുറഞ്ഞു

മുദ്ര പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 74 ശതമാനം പേര്‍ സ്ത്രീകളാണ്

ന്യൂഡെല്‍ഹി: മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി(മുദ്ര)യുടെ കണക്കുകള്‍ പ്രകാരം മുദ്ര വായ്പകളിലെ മൊത്തം നിഷ്‌ക്രിയാസ്തി അനുപാതം കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനത്തോടെ 4.83 ശതമാനമായി കുറഞ്ഞു. 2016-17 സാമ്പത്തിക വര്‍ഷം 6.15 ശതമാനമായിരുന്നു നിഷ്‌ക്രിയാസ്തി അനുപാതം.
മുദ്ര വായ്പകളുടെ മൂല്യം 2018 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം 2.02 ലക്ഷം കോടി രൂപയാണ്. ഇതില്‍ 9,770 കോടി മൂല്യം വരുന്ന വായ്പകള്‍ നിഷ്‌ക്രിയാസ്തി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2017 മാര്‍ച്ച് 31ന് 1.38 ലക്ഷം കോടി രൂപയായിരുന്നു മുദ്ര വായ്പകളുടെ മൊത്തം മൂല്യം. ഇതില്‍ 8,502 കോടി രൂപ നിഷ്‌ക്രിയാസ്തി വിഭാഗത്തിലുള്‍പ്പെട്ടുവെന്ന് ചെറുകിട വ്യവസായ വികസന ബാങ്കിന്റെ(സിഡ്ബി) ഉപവിഭാഗമായ മുദ്ര വിവരവാകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രധാന്‍മന്ത്രി മുദ്ര യോജന(പിഎംഎംവൈ) പ്രഖ്യാപിച്ച 2015 ഏപ്രിലിനും 2018 മാര്‍ച്ചിനുമിടയില്‍ 5.72 ലക്ഷം കോടി രൂപ മൂല്യം വരുന്ന വായ്പകള്‍ വിതരണം ചെയ്തു.
മുദ്ര പദ്ധതിയുടെ കീഴില്‍ ചെറുകിട സംരംഭകര്‍ക്ക് വായ്പകള്‍ വിതരണം ചെയ്യുന്നതിനായി മേയ് മാസത്തില്‍ ധനകാര്യ മന്ത്രാലയം ഫഌപ്കാര്‍ട്ട്, സ്വിഗ്ഗി, പതഞ്ജലി, അമുല്‍ തുടങ്ങി നാല്‍പ്പതോളം സംരംഭങ്ങളുമായി പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്.
ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, മുദ്ര പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 74 ശതമാനം പേര്‍ സ്ത്രീകളാണ്. 36 ശതമാനം പേര്‍ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ ഉള്ളവരാണ്. ബാങ്കുകളുടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള(എംഎസ്എംഇ) മറ്റ് പോര്‍ട്ട്‌ഫോളിയോകളേക്കാള്‍ നിഷ്‌ക്രിയാസ്തികളുടെ കണക്കില്‍ മുദ്രയാണ് മികച്ചത്. 2018 മാര്‍ച്ച് അവസാനത്തോടെ പൊതുമേഖലാ ബാങ്കുകളുടെ(പിഎസ്ബി) എംഎസ്എംഇ വായ്പകളില്‍ വീഴ്ച വരുത്തിയവ 13.08 ശതമാനം എന്ന ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷം സമാനകാലയളവില്‍ ഇത് 12.56 ശതമാനമായിരുന്നു.

ഭാവിയില്‍ ബാങ്കുകള്‍ക്ക് ഉണ്ടാകാനിടയുള്ള വായ്പ വെല്ലുവിളികള്‍ കണക്കിലെടുത്ത് മുദ്ര വായ്പകളിലും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളിലും ശക്തമായ നിരീക്ഷണം ആവശ്യമാണെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 31ലെ കണക്ക് പ്രകാരം കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ നല്‍കിയ വായ്പകളുടെ മൂല്യം 4.33 ലക്ഷം കോടിയാണ്. 2017 മാര്‍ച്ച് 31ല്‍ ഇത് 4.35 കോടിയാണ്.

Comments

comments

Categories: FK News
Tags: Mudra loan