സ്വര്‍ണവില വീണ്ടും ഉയരുമ്പോള്‍

സ്വര്‍ണവില വീണ്ടും ഉയരുമ്പോള്‍

ആഗോള തലത്തില്‍ ഓഹരി വിപണി ഇടിയുമ്പോഴെല്ലാം ലാഭമുണ്ടാക്കുന്നത് സ്വര്‍ണമാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വത്തിന്റെ കാലത്ത് ഒരു ബദല്‍ നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണം പരിഗണിക്കപ്പെടുന്നത്

ഹരീഷ് വി

ഒരു വര്‍ഷം നീണ്ട മാന്ദ്യത്തിനു ശേഷം അന്തര്‍ദേശീയ വിപണിയില്‍ മൂന്നുമാസത്തിനിടയിലെ ഏറ്റവും കൂടിയ വിലയിലേക്കു നയിച്ചുകൊണ്ട് സ്വര്‍ണവില മുന്നോട്ടു ചലിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ആഗോള തലത്തില്‍ ഓഹരി വിപണിയിലുണ്ടായ തകര്‍ച്ച സുരക്ഷിത നിക്ഷേപം എന്ന സ്വര്‍ണത്തിന്റെ സല്‍പേര് നില നിര്‍ത്തിക്കൊണ്ട് വില വര്‍ധിക്കാന്‍ ഇടയാക്കി. ഒക്‌റ്റോബറിന്റെ തുടക്കത്തില്‍ വരുമാന നേട്ടം കുറയുമെന്ന കമ്പനികളുടെ കണക്കു കൂട്ടലും അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും കാരണം അമേരിക്കയുടെ ഡൗ ജോണ്‍സ് സൂചിക 9 ശതമാനത്തോളം തെറ്റു തിരുത്തല്‍ വരുത്തി.

ഓഗസ്റ്റ് അവസാനം എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 11760ല്‍ നിന്ന് സിഎന്‍എക്‌സ് നിഫ്റ്റി സൂചിക 14 ശതമാനത്തില്‍ താഴേക്കു പതിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരികളും ഗണ്യമായ തോതില്‍ ഇടിഞ്ഞു.
ആഗോള തലത്തില്‍ ഓഹരി വിപണി ഇടിയുമ്പോഴെല്ലാം ലാഭമുണ്ടാക്കുന്നത് സ്വര്‍ണമാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വത്തിന്റെ കാലത്ത് ഒരു ബദല്‍ നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണം പരിഗണിക്കപ്പെടുന്നത്. മന്ദഗതിയിലായ ആഗോള സാമ്പത്തിക വളര്‍ച്ചയും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള തീരുവത്തര്‍ക്കത്തിന്റെ പ്രതിഫലനങ്ങളും നിക്ഷേപകന്റെ മനസ്ഥിതിയെ സ്വാധീനിച്ചു.

ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍, ഇറ്റലിയിലെ ബജറ്റ് പ്രതിസന്ധി, വികസ്വര വിപണികളുടെ ആരോഗ്യം സംബന്ധിച്ച സന്ദേഹം എന്നിവയെല്ലാം നിക്ഷേപകന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. അതോടെയാണ് കൂടുതല്‍ സുരക്ഷിതമായ ബുള്ള്യനിലേക്കു തിരിയാന്‍ അവരെ പ്രേരിപ്പിച്ചത്.

ഭരണകൂടത്തെ വിമര്‍ശിച്ച പത്രപ്രവര്‍ത്തകനെ വധിച്ച സൗദി നടപടിയെത്തുടര്‍ന്ന് വഷളായ അമേരിക്ക-സൗദി ബന്ധവും ഇറാനെതിരെയുള്ള ഉപരോധ നടപടികളും വിപണിയെ ബാധിച്ച മറ്റു ഘടകങ്ങളാണ്. ഇത് എണ്ണവിലയെ സ്വാധീനിക്കുക മാത്രമല്ല നാണ്യപ്പെരുപ്പത്തെക്കുറിച്ചുള്ള ഭയം ജനിപ്പിക്കുകയും ചെയ്തു.

നാണ്യപ്പെരുപ്പം സാധാരണയായി ഓഹരികളുടെ മൂല്യം കുറയ്ക്കാറുണ്ട്. ഇതിന്റെ അപകട സാധ്യത മറി കടക്കാനും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിയും. ഇതിനിടെ ലോകത്തിലെ ഏറ്റവും വലിയ എക്‌സ്‌ചേഞ്ച് ട്രേഡിംഗ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റും സെപ്റ്റംബറോടെ കുതിച്ചുയര്‍ന്നു. ഇതും സ്വര്‍ണ നിക്ഷേപത്തിന് ആക്കം കൂട്ടുകയുണ്ടായി.

സ്വര്‍ണത്തിന്റെ സുരക്ഷിത നിക്ഷേപം എന്ന ഇമേജിന് നേരത്തേ മങ്ങലേറ്റിരുന്നു. വര്‍ഷാരംഭം മുതല്‍ അടിസ്ഥാന സൂചകമായ ലണ്ടന്‍ സ്വര്‍ണവില കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഡോളറിന്റെ കുതിപ്പും ആവശ്യക്കാരുടെ കുറവും കാരണം 13 തവണയെങ്കിലും വിലയിടിഞ്ഞു. അന്തര്‍ദേശീയ വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും ഇന്ത്യന്‍ രൂപയുടെ വിലയിടിവു കാരണം ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഉറച്ചു തന്നെ നിന്നു.

ആഗോള ഭൗമ രാഷ്ട്രീയ തര്‍ക്കങ്ങള്‍ സ്വര്‍ണത്തെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. കരുത്തുറ്റ ഡോളര്‍ സ്വര്‍ണത്തേക്കാള്‍ ആകര്‍ഷകമായിരുന്നു. വര്‍ധിച്ചു വന്ന അമേരിക്കയിലെ പലിശ നിരക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ സല്‍പേര് കുറച്ചു. സ്വര്‍ണവില ഡോളറിലായതിനാല്‍ മറ്റു കറന്‍സികള്‍ക്ക് അത് മൂല്യ വര്‍ധിതമായി അനുഭവപ്പെടുകയും ചെയ്തു.

അമേരിക്കന്‍ ഭരണകൂടം ഇറക്കുമതിക്ക് ചുങ്കം ഏര്‍പ്പെടുത്തിയതോടെ ഡോളര്‍ സൂചിക കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും പല മാസങ്ങളിലെ ഉയര്‍ന്ന നിരക്കില്‍ അത് എത്തിച്ചേരുകയും ചെയ്തു.

അതേ സമയം ഉയര്‍ന്ന വിലകള്‍ കാരണം പ്രാദേശിക വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുവേ മന്ദഗതിയിലാണിപ്പോള്‍. ആഭ്യന്തര വിപണിയില്‍ ഒരു കുതിപ്പു ദൃശ്യമായത് ഓഗസ്റ്റില്‍ ങഇത ഫ്യൂചേഴ്‌സ് 9 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയതോടെയാണ്. വിദേശത്തുണ്ടായ വില വര്‍ധനയും ഇന്ത്യന്‍ രൂപയുടെ മൂല്യച്യുതിയുമായിരുന്നു ഇതിനു കാരണം.

സീസണ്‍ ആയതിനാല്‍ കഴിഞ്ഞ പാദത്തില്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുകയും ചെയ്തു. വിവാഹ സീസണിലും ദീപാവലി, ഡാണ്ടിയാരസ് തുടങ്ങിയ ആഘോഷ വേളകളിലും സ്വര്‍ണം വാങ്ങുന്നത് മംഗളകരമാണെന്നാണ് വിശ്വാസം.

എന്നാല്‍ വിലകളില്‍ ഇപ്പോഴുണ്ടായ മലക്കം മറച്ചിലിനു കാരണം ഓഹരികളുടെ തുടരുന്ന ഇടിവും മോശമായിക്കൊണ്ടിരിക്കുന്ന ആഗോളരാഷ്ട്രീയ സാഹചര്യങ്ങളുമാണ്. മുന്നോട്ടു നോക്കുമ്പോള്‍ ഓഹരി ഇടിവു തുടരുകയും ആഗോള രാഷ്ട്രീയ പ്രതിസന്ധികള്‍ ഇതു പോലെ തന്നെ തുടരുകയും ചെയ്താല്‍ സമീപ ഭാവിയിലും സ്വര്‍ണത്തിന് അനുകൂലമായിരിക്കും സാഹചര്യങ്ങള്‍.

എന്നാല്‍ ഉല്‍സവ സീസണ്‍ ഡിമാന്റ് അവസാനിക്കുകയും രൂപ ശക്തി വീണ്ടെടുക്കുകയും ചെയ്താല്‍ ആഭ്യന്തര വിലകളില്‍ ഒരു തെറ്റു തിരുത്തലിനു സാധ്യതയുണ്ടു താനും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ കമ്മോഡിറ്റി ഹെഡ്ഡാണ് ലേഖകന്‍)

Comments

comments

Categories: Current Affairs, Slider
Tags: gold rate