ദില്ലിയുടെ സ്വന്തം ഗിത്താര്‍ റാവു

ദില്ലിയുടെ സ്വന്തം ഗിത്താര്‍ റാവു

ഡെല്‍ഹിയിലെ പാര്‍ക്കുകളിലും പാതയോരങ്ങളിലും മരത്തണലിലിരുന്ന് സംഗീതം പഠിപ്പിക്കുന്ന അധ്യാപകനാണ് യഷ് വീര്‍ റാവു. ദിവസവും ഒരു രൂപയാണ് അദ്ദേഹത്തിന്റെ ഫീസ്. ദിവസവും നൂറു കണക്കിനു വിദ്യാര്‍ത്ഥികളെ ഗിത്താറും പുല്ലാങ്കുഴലും കീ ബോര്‍ഡും പഠിപ്പിക്കുന്ന അദ്ദേഹത്തിന് ശിഷ്യരും പരിചയക്കാരും ചേര്‍ന്നു നല്‍കിയ ഓമനപ്പേരാണ് ഗിത്താര്‍ റാവു

സംഗീതം ഒരു വരദാനമാണ്. ചില ആളുകള്‍ക്ക് അതൊരു വരുമാനമാര്‍ഗം മാത്രമാകുമ്പോള്‍ മറ്റു ചിലര്‍ക്കത് ജീവിതം തന്നെയാകുന്നു. മനസിന്റെ താളം വീണ്ടെടുക്കുന്നതിനും രോഗമുക്തിക്കുമെല്ലാം സംഗീതം ഒരു പരിധിയില്‍ കൂടുതല്‍ സഹായകമാകുന്നുവെന്ന് മെഡിക്കല്‍ ലോകം തന്നെ തെളിയിച്ചിട്ടുണ്ട്. വിഷാദരോഗം ബാധിച്ച് ജീവിതം കൈവിട്ടുപോയ യഷ് വീര്‍ റാവുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് സംഗീതമാണ്. അതിനു പ്രത്യുപകാരമെന്നോണം ഇന്ന് ആ ജീവിതം തന്നെ സംഗീതം അഭ്യസിപ്പിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഗിത്താറിലൂടെയും ഓടക്കുഴലിലൂടെയുമാണ് യഷ് വീര്‍ സംഗീതത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നത്. ദിവസവും തന്നെ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കരികിലേക്ക് ഒരു മുടക്കവും കൂടാതെ നടന്നെത്തുന്ന അദ്ദേഹത്തിന് ശിഷ്യരും പരിചയക്കാരും ചേര്‍ന്ന് ഒരു ഓമനപ്പേര് സമ്മാനിച്ചിട്ടുണ്ട്, ഗിത്താര്‍ റാവു.

ഒരു രൂപ അധ്യാപകന്‍

എല്ലാ ദിവസവും പ്രഭാതത്തിന് മുന്നേ തന്നെ യഷ് വീര്‍ റാവു തന്റെ ഗിത്താറും, ഓടക്കുഴലും, ഒരു കെട്ട് പുസ്തകങ്ങളുമായി ദില്ലിയിലെ ആന്ധ്രാഭവനിലേക്ക് എത്തും. നടന്നാണ് വരവ്. ലളിത വസ്ത്രധാരിയായ അദ്ദേഹം ഒരു ബസിനു വേണ്ടി പോലും കാത്തു നില്‍ക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവിടെ റാവുവിന്റെ വിദ്യാര്‍ത്ഥികള്‍ അവരവരുടെ സംഗീതോപകരണങ്ങളുമായി അദ്ദേഹത്തെ കാത്തിരിപ്പുണ്ടാകും. റാവു സംഗീതം പഠിപ്പിക്കുന്നത് സൗജന്യമായൊന്നുമല്ല. എന്നാല്‍ ഫീസ് നിരക്ക് കേട്ടാല്‍ ആരുമൊന്ന് അതിശയിക്കും. ദിവസവും ഒരു രൂപയാണ് അദ്ദേഹത്തിന്റെ സംഗീത ക്ലാസിന്റെ ഫീസ്.

ദില്ലിയുടെ തെരുവുകളില്‍ എല്ലായ്‌പ്പോഴും ഒരു കാഴ്ചക്കാരനെ പോലെ റാവു ഉണ്ടാകും. ഏതൊരു അപരിചിതന്റെയും കണ്ണില്‍ റാവു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പണിയെടുക്കുന്ന ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ്. എന്നാല്‍ ആയിരത്തില്‍ പരം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റാവു എന്ന അധ്യാപകന്‍ ഗിത്താര്‍ റാവു ആണ്. അവരെ വെറും ഒരു രൂപയ്ക്ക് ഗിത്താറും ഓടക്കുഴലും കീ ബോഡും പഠിപ്പിക്കുന്ന സംഗീത അധ്യാപകന്‍.

സംഗീതം തിരികെയെത്തിച്ച ജീവിതം

2009 വരെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സിവില്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്ത റാവു ചില വ്യക്തിപരമായ വിഷയങ്ങള്‍ മൂലം ജോലി രാജിവെച്ചു. ജോലി ഉപേക്ഷിച്ചപ്പോള്‍ തന്നെ അദ്ദേഹം ഏറെക്കുറെ കടത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. തൊഴിലില്ലായ്മയും സാമ്പത്തിക പരാധീനതകളും അദ്ദേഹത്തെ സ്വന്തം കുടുംബത്തില്‍ നിന്ന് അകറ്റി. തുടര്‍ന്ന് ജീവിതം കൈവിട്ടുപോയ അദ്ദേഹം വിഷാദ രോഗത്തിന് അടിമപ്പെടുകയും ചെയ്തു. ഏകദേശം ഒരു വര്‍ഷത്തിനുശേഷം തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്താനിടയായ റാവു സംഗീതം അഭ്യസിക്കാന്‍ തുടങ്ങി. സംഗീതാഭ്യാസം മെല്ലെ റാവുവിനെ അദ്ദേഹത്തിന്റെ വിഷാദ രോഗത്തില്‍ നിന്ന് മുക്തനാകാന്‍ സഹായിച്ചു. തുടര്‍ന്ന് സംഗീതമായി റാവുവിന്റെ ജീവിതം. തന്റെ രോഗം മാറ്റിയ ആ സംഗീതം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി മാറ്റിവെക്കാനും തീരുമാനിച്ചു.

2018 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും അദ്ദേഹത്തെ കണ്ട് സ്‌കൂളുകളില്‍ സംഗീത ക്ലാസുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒരു കാംപെയ്ന്‍ തുടങ്ങുക എന്ന ഉദ്ദേശ്യത്തോടെയാണ് റാവു ഡെല്‍ഹിയില്‍ എത്തുന്നത്. എന്നാലിന്ന് യാഷ് വിര്‍ റാവുവിന് പാതയോരങ്ങളിലും പാര്‍ക്കുകളിലും ഇരുന്ന് സംഗീതവും സംഗീത ഉപകരണങ്ങളും പഠിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന നൂറു കണക്കിന് വിദ്യാര്‍ത്ഥികളെ കണ്ടെത്താനായിരിക്കുന്നു. അതും ദിവസവും വെറും ഒരു രൂപയ്ക്ക് സംഗീതം പഠിക്കാനെത്തുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ. ഇവര്‍ ഫീസിന്റെ കുറവ് കൊണ്ടു മാത്രം സംഗീതം പഠിക്കാന്‍ എത്തുന്നവരല്ല, സംഗീതം പഠിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടുകൂടിയാണ് അവര്‍ ഗിത്താര്‍ റാവുവിന്റെ ശിഷ്യരായത്.

ശിഷ്യഗണങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും പോലീസുകാരും

സര്‍ക്കാര്‍ ജീവനക്കാരും പോലീസ് ഓഫീസര്‍മാരും അടങ്ങുന്ന വിപുലമായ ശിഷ്യസമ്പത്തിന് ഉടമയാണിപ്പോള്‍ ഗിത്താര്‍ റാവു. സംഗീതം പഠിക്കുന്നതിന് വിദ്യാര്‍ത്ഥികളോട് ഒരൊറ്റ അഭ്യര്‍ത്ഥന മാത്രമാണ് അദ്ദേഹത്തിനുളളത്. ശിഷ്യന്‍മാര്‍ സംഗീതമെന്ന വരദാനം വരും തലമുറകളിലേയ്ക്ക് പകര്‍ന്നുനല്‍കണം, വെറുമൊരു നേരമ്പോക്കു മാത്രമായി സംഗീതത്തെ കാണരുത്. സംഗീതം പഠിക്കുന്നതിന് വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും തുച്ഛമായ ഒരു രൂപ ഫീസ് വാങ്ങുന്നതിന്ന് ഉപരിയായി ഒരു വ്യവസ്ഥ കൂടി അദ്ദേഹത്തിനുണ്ട്. അതായത് വിദ്യാര്‍ത്ഥികള്‍ റാവുവില്‍ നിന്നും പഠിച്ച സംഗീതത്തില്‍ സന്തോഷവാന്‍മാരാണെങ്കില്‍ ഒരു പുല്ലാങ്കുഴല്‍ ഒരു അന്ധനോ, അനാഥക്കുട്ടിക്കോ അല്ലെങ്കില്‍ അതാര്‍ക്കാണോ ആവശ്യമായി തോന്നുന്നത്, അവര്‍ക്ക് നല്‍കിയിരിക്കണം. ഇത്തരം ലളിതമായ വ്യവസ്ഥകളിന്‍മേലാണ് റാവു സംഗീതം പഠിപ്പിച്ചു വരുന്നത്. ഒരു വിദ്യാര്‍ത്ഥിക്കും ഈ അഭ്യര്‍ത്ഥനകള്‍ അത്ര വലിയ ബുദ്ധിമുട്ടായി തോന്നിയിട്ടുമില്ല.

Comments

comments

Categories: FK News
Tags: Guitar rao