വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ കാംപെയ്‌നുമായി റാസല്‍ ഖെമ

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ കാംപെയ്‌നുമായി റാസല്‍ ഖെമ

2025ഓടുകൂടി സന്ദര്‍ശകരുടെ എണ്ണം മൂന്ന് ദശലക്ഷത്തില്‍ എത്തിക്കാനും പദ്ധതിയിടുന്നു

റാസല്‍ ഖെമ: വിനോദസഞ്ചാര രംഗത്ത് റാസല്‍ ഖൈമ ടൂറിസം ഡെവലപ്പ്‌മെന്റ് അതോറിറ്റി പുത്തന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. ‘ഐ ഫൗണ്ട് റാസല്‍ ഖൈമ’ എന്ന പേരില്‍ പുതിയ ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിംഗ് കാംപെയ്‌നിന് തുടക്കം കുറിച്ചുകൊണ്ടാണ് അതോറിറ്റി രംഗത്തെത്തിയിരിക്കുന്നത്. മേഖലയിലേക്ക് അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് കാംപെയ്‌നിന്റെ ലക്ഷ്യം.

ലണ്ടനില്‍ ഈ വര്‍ഷം നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ തുടക്കം കുറിച്ച കാംപെയ്‌നിലൂടെ യുകെയില്‍ നിന്നും മറ്റ് അന്താരാഷ്ട്ര വിപണികളില്‍ നിന്നുമുള്ള സന്ദര്‍ശകരെ റാസല്‍ ഖൈമയിലേക്ക് ആകര്‍ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. റാസല്‍ ഖൈമ ദേശീയ മ്യൂസിയം ഉള്‍പ്പെടെ പ്രാചീന കോട്ടകളും ദ്വീപുകളാലും സമ്പന്നമാണ് ഈ നഗരം. സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികള്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികളും ടൂറിസം ഡെവലപ്പ്‌മെന്റ് അതോറിറ്റി ഒരുക്കിയിട്ടുണ്ട്.

ഐ ഫൗണ്ട് റാസല്‍ ഖൈമ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ആഗോള കാംപെയ്‌നിലൂടെ റാസല്‍ ഖൈമയിലെ ഓരോ സവിശേഷതകളും ടൂറിസ്റ്റ് സ്‌പോട്ടും മാര്‍ക്കറ്റ് ചെയ്യാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നായ റാസല്‍ ഖൈമയില്‍ 64 ബീച്ചുകളും ചരിത്രകോട്ടകളും ദൃശ്യചാരുതയാര്‍ന്ന മലനിരകളും മറ്റും വിനോദസഞ്ചാരികള്‍ക്ക് പുതിയ അനുഭവം സൃഷ്ടിക്കും. റാസല്‍ ഖൈമയെ മിഡില്‍ ഈസ്റ്റിലെ മുന്‍നിര ലെഷര്‍- അഡ്വഞ്ചര്‍ ടൂറിസം ഹബ്ബ് ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ ഡെസ്റ്റിനേഷന്‍ കാംപെയ്‌നിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് റാസല്‍ ഖൈമ ടൂറിസം ഡെവലപ്പ്‌മെന്റ് അതോറിറ്റി സിഇഒ ഹെയ്ത്തം മാറ്റര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ റാസല്‍ ഖൈമയിലെ സന്ദര്‍ശകരുടെ എണ്ണം പത്തുലക്ഷത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട വകുപ്പ് 2025 ഓടുകൂടി സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷത്തിലെത്തിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും ഹെയ്ത്തം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ആദ്യ ആറു മാസങ്ങളിലെ കണക്കുകളില്‍ റാസല്‍ ഖൈമയിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. മുന്‍വര്‍ഷത്തേക്കാളും 14 ശതമാനം വര്‍ധനവാണ് ആദ്യ ആറുമാസത്തിലുണ്ടായത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ നഗരം സന്ദര്‍ശിച്ചവരില്‍ 66 ശതമാനവും അന്തര്‍ദേശീയ വിനോദസഞ്ചാരികളാണ്. മുമ്പ് യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രവചിച്ചതിനേക്കാളും 4 ശതമാനം കൂടുതല്‍ സഞ്ചാരികള്‍ വര്‍ഷാദ്യം തന്നെ നഗരം സന്ദര്‍ശിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശീതകാല ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനായി ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഷട്ടില്‍ സര്‍വീസുകള്‍ ടൂറിസം വകുപ്പ് പൂര്‍ണമായും സൗജന്യമാക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: FK News
Tags: Rasal khaima