ബ്ലോക്ക് ചെയിന്‍ അടിസ്ഥാനമാക്കിയ ആദ്യ തെരഞ്ഞെടുപ്പ് യുഎസില്‍ നടന്നു

ബ്ലോക്ക് ചെയിന്‍ അടിസ്ഥാനമാക്കിയ ആദ്യ തെരഞ്ഞെടുപ്പ് യുഎസില്‍ നടന്നു

തെരഞ്ഞെടുപ്പില്‍ സ്മാര്‍ട്ട്‌ഫോണിലൂടെ വോട്ട് ചെയ്യാന്‍ അനുവദിച്ച യുഎസിലെ ആദ്യ സംസ്ഥാനമെന്ന ഖ്യാതിക്ക് വെസ്റ്റ് വിര്‍ജീനിയ അര്‍ഹമായി. ഈ മാസം ആറിന് നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ വെസ്റ്റ് വിര്‍ജീനിയയിലെ 24 കൗണ്ടിയിലുള്ള 140 പേര്‍ സ്മാര്‍ട്ട്‌ഫോണിലൂടെയാണു വോട്ട് ചെയ്തത്. പോളിംഗ് ബൂത്തില്‍ ക്യു നിന്നുള്ള പരമ്പരാഗത രീതിക്കാണ് ഇതിലൂടെ മാറ്റം വന്നിരിക്കുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണില്‍ വോട്ട് ചെയ്യാന്‍ സാധിക്കുന്ന തലത്തിലേക്കു ടെക്‌നോളജി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയില്‍ ഈ മാസം ആറിനായിരുന്നു ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്. യുഎസ് പാര്‍ലമെന്റായ കോണ്‍ഗ്രസിന്റെ രണ്ട് സഭകളിലേക്കായിരുന്നു (സെനറ്റ്, ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സ്) പോരാട്ടം. സെനറ്റില്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും, ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സില്‍ ഡമോക്രാറ്റ്‌സും ഭൂരിപക്ഷം നേടുകയുണ്ടായി. ഈ തെരഞ്ഞെടുപ്പിന് ഒട്ടേറെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. കാരണം, യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് 2016 നവംബര്‍ എട്ടിനു നടന്ന തെരഞ്ഞെടുപ്പിലായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതിന്റെ ഫലം ട്രംപ് ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകുമെന്നും പ്രചരിച്ചു.

യുഎസില്‍ ഈ മാസം ആറിനു നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ആദ്യമായി ബ്ലോക്ക് ചെയിന്‍ എന്ന സാങ്കേതിക വിദ്യ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചു എന്നതാണ് അത്. യുഎസ് സംസ്ഥാനമായ വെസ്റ്റ് വിര്‍ജീനിയന്‍ സ്വദേശികളും ഇപ്പോള്‍ 29 വിദേശരാജ്യങ്ങളില്‍ കഴിയുകയും ചെയ്യുന്ന 140 പേര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതു ബ്ലോക്ക് ചെയിന്‍ വോട്ടിംഗ് ആപ്പ് ഉപയോഗിച്ചായിരുന്നു. ഇതിനെ ചില കമ്പ്യൂട്ടര്‍ സെക്യൂരിറ്റി വിദഗ്ധര്‍ വിശേഷിപ്പിച്ചത് ‘ഭീകരമായ ആശയം’ (horrific idea) എന്നായിരുന്നു. 2016-ല്‍ നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ റഷ്യ ഇടപെടല്‍ നടത്തിയിരുന്നെന്ന ആരോപണം ശക്തമാണ്.ഇതേ കുറിച്ചു യുഎസിലെ ഫെഡറല്‍ ഏജന്‍സി അന്വേഷണം പുരോഗമിക്കുന്നുമുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണു ബ്ലോക്ക് ചെയിന്‍ അടിസ്ഥാനമാക്കിയ പരീക്ഷണം നടത്തിയതും.

അമേരിക്കന്‍ സംസ്ഥാനമായ വെസ്റ്റ് വിര്‍ജീനിയയിലെ 55 മണ്ഡലങ്ങളിലെ (counties) 24 മണ്ഡലങ്ങളിലാണു വോട്ട് ചെയ്യാന്‍ ബ്ലോക്ക് ചെയിന്‍ അടിസ്ഥാനമാക്കിയ വോട്ടിംഗ് ആപ്പ് ഉപയോഗിച്ചത്. സ്മാര്‍ട്ട്‌ഫോണ്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, ബ്ലോക്ക് ചെയിന്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ സാങ്കേതികവിദ്യയും ഉപകരണവുമാണ് ഉപയോഗിച്ചത്. ഈ രീതി പ്രകാരം വോട്ട് ചെയ്യാന്‍, ആദ്യം യോഗ്യതയുള്ള വോട്ടര്‍മാര്‍ Voatz app-ല്‍ രജിസ്റ്റര്‍ ചെയ്യണം. ഡ്രൈവേഴ്‌സ് ലൈസന്‍സ് പോലുള്ള ഫോട്ടോ ഐഡിയുടെ ഒരു ഇമേജ് അപ്‌ലോഡ് ചെയ്തു കൊണ്ടായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത് ചെയ്തു കഴിയുമ്പോള്‍, വോട്ടറുടെ മുഖത്തിന്റെ ഹ്രസ്വ വീഡിയോ സമര്‍പ്പിക്കാന്‍ ആപ്പ് നിര്‍ദേശിക്കും. അതിനു ശേഷം വോട്ടര്‍മാരുടെ ഐ ഫോണ്‍ അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് ഉപകരണത്തിന്റെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജിയിലൂടെ വീഡിയോയിലുള്ള മുഖവും രജിസ്റ്റര്‍ ചെയ്തപ്പോള്‍ സമര്‍പ്പിച്ച ഇമേജിലെ മുഖവും തമ്മില്‍ പൊരുത്തമുണ്ടോ എന്നു പരിശോധിക്കും. വോട്ടര്‍മാരുടെ ഐഡിയിലുള്ള വ്യക്തിഗത വിവരങ്ങള്‍ വെസ്റ്റ് വിര്‍ജീനിയയിലെ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഡാറ്റാബേസുമായി സാമ്യമുള്ളതാണോ എന്നും പരിശോധിക്കും. വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍, വോട്ടര്‍മാര്‍ക്കു തെരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ടു പോകാം. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, ഫിംഗര്‍ പ്രിന്റ് എന്നിവ ഉപയോഗിച്ചു ബാലറ്റ് ഉറപ്പാക്കാം. ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യുകയും ചെയ്യാം. വോട്ടര്‍മാര്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ ഒരു സ്വകാര്യ ബ്ലോക്ക് ചെയിനിലാണു സൂക്ഷിക്കുന്നത്. ഏറ്റവും സുരക്ഷിതമായ ഡാറ്റാ ബേസായിരിക്കും ഈ സ്വകാര്യ ബ്ലോക്ക് ചെയിന്‍. കാരണം ഇവിടെ സംഭരിക്കപ്പെടുന്ന രേഖകള്‍ വളരെ സങ്കീര്‍ണമായൊരു കമ്പ്യൂട്ടേഷണല്‍ അല്‍ഗോരിഥങ്ങള്‍ ഉപയോഗിച്ച് എന്‍ക്രിപ്റ്റഡ് ചെയ്യപ്പെടുകയാണ് അഥവാ മറ്റുള്ളവര്‍ക്കു മനസ്സിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ എഴുതപ്പെടുകയാണ്. പോളിംഗ് കഴിഞ്ഞതിനു ശേഷം മാത്രമായിരിക്കും കൗണ്ടി ക്ലര്‍ക്കുമാര്‍ ഡാറ്റാബേസ് വോട്ട് എണ്ണാന്‍ തുറക്കുന്നത് അഥവാ അണ്‍ലോക്ക് ചെയ്യുന്നത്. ബ്ലോക്ക് ചെയിനില്‍നിന്നും വോട്ട് എടുക്കുമ്പോള്‍, അത് ഉടന്‍ തന്നെ ഒരു ബാലറ്റ് പേപ്പറില്‍ പ്രിന്റ് ചെയ്യും. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഒരു വോട്ടര്‍ ബാലറ്റ് പേപ്പറില്‍ എപ്രകാരമാണോ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്, അതു പോലെ തന്നെയായിരിക്കും ബ്ലോക്ക് ചെയിനില്‍നിന്നും വോട്ട് എടുക്കുമ്പോള്‍ എടുക്കുന്ന ബാലറ്റ് പേപ്പറിന്റെ പ്രിന്റും. ഈ പ്രിന്റ് പിന്നീട് സംസ്ഥാന തലത്തില്‍ സജ്ജീകരിച്ചിട്ടുള്ള ടാബുലേറ്റിംഗ് മെഷീനുകള്‍ക്കു നല്‍കും.

ബ്ലോക്ക് ചെയിന്‍ അടിസ്ഥാനമാക്കി നടന്ന തെരഞ്ഞെടുപ്പ് പൈലറ്റ് പദ്ധതിയായിട്ടാണു കണക്കാക്കിയത്. പരീക്ഷണം നന്നായി നടക്കുകയും ചെയ്തു. എങ്കിലും കമ്പ്യൂട്ടര്‍ രംഗത്തെ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്, ഈ രീതി വ്യാപക തോതില്‍ പരീക്ഷിക്കാനാവില്ലെന്നാണ്. കാരണം ഈ സാങ്കേതികവിദ്യ, എളുപ്പം ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു. തെരഞ്ഞെടുപ്പിന്റെ സത്യസന്ധതയെ തന്നെ അത് ബാധിച്ചേക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

എന്താണ് വോട്ട്‌സ് ആപ്പ് (Voatz app) ?

അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ട് അപ്പാണ് വോട്ട്‌സ്. ഈ സ്റ്റാര്‍ട്ട് അപ്പ് വികസിപ്പിച്ചെടുത്ത വോട്ടിംഗ് ആപ്പ് ആണ് വോട്ട്‌സ് ആപ്പ്. ഒരു മൊബൈല്‍ ഇലക്ഷന്‍ പ്ലാറ്റ്‌ഫോമാണ് വോട്ട്‌സ് ആപ്പ്. സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതികവിദ്യയുടെ പുതിയ പതിപ്പുകളും, ബ്ലോക്ക് ചെയിന്‍ സങ്കേതം അഥവാ പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്ന ഡാറ്റയുടെ സുരക്ഷിതത്വവും ഉപയോഗപ്പെടുത്തി മൊബൈല്‍ ഡിവൈസിലൂടെ തന്നെ വോട്ട് രേഖപ്പെടുത്താം എന്നതാണ് പ്രത്യേകത. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി അനുസരിച്ച് ഡാറ്റ ബ്ലോക്കുകളായി ശേഖരിക്കപ്പെടുകയാണ്, അതില്‍ ഒരു കാരണവശാലും കൂട്ടിച്ചേര്‍ക്കലുകളോ മാറ്റമോ വരുത്താന്‍ സാധിക്കില്ല.

2016 ജൂണ്‍ മുതല്‍ വോട്ട്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇതുവരെ 30-ാളം തെരഞ്ഞെടുപ്പുകളില്‍ 80,000 വോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. വോട്ട് ചെയ്യുന്നത് എളുപ്പവും, സുരക്ഷിതവും, സൗകര്യപ്രദവുമാക്കുന്നതിനായി പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍, ആരാധനാലയങ്ങള്‍, സര്‍വകലാശാലകള്‍, നഗരങ്ങള്‍, പട്ടണങ്ങള്‍, സംസ്ഥാനങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച പരിചയം വോട്ട്‌സിനുണ്ട്. ഐ ഫോണ്‍ 5-ും അതിനു ശേഷം പുറത്തിറങ്ങിയ ഐ ഫോണുകളിലും 2016 നു ശേഷം പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളിലുമാണു വോട്ട്‌സ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. നിമിത് സ്വാഹ്‌നിയാണ് വോട്ട്‌സിന്റെ സിഇഒയും സഹസ്ഥാപകനും.

എണ്ണത്തില്‍ റെക്കോഡിട്ട് സ്ത്രീകള്‍

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലേക്കും ഇപ്രാവിശ്യം തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ എണ്ണം റെക്കോഡിട്ടു. കോണ്‍ഗ്രസിന്റെ ഇരുസഭകളിലേക്കും ആകെ 120 സ്ത്രീകളാണു തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിനിധ സഭ അഥവാ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിലേക്ക് 98 പേരും, സെനറ്റിലേക്ക് 22 പേരുമാണു തെരഞ്ഞെടുക്കപ്പെട്ടത്. പുതുതായി കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ഡമോക്രാറ്റിക് പാര്‍ട്ടിയില്‍പ്പെട്ടവരാണ്. ഇവരില്‍ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ മുന്‍ ഏജന്റ്, ഒരു അധ്യാപിക, വെറ്ററന്‍, ബാര്‍ അറ്റന്‍ഡര്‍ എന്നിവരുമുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കറുത്തവംശജയെന്ന ഖ്യാതിക്ക് അയന്ന പ്രസ്‌ലി അര്‍ഹയായി. ഇവര്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിട്ടാണു മത്സരിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്കള്‍ കപ്യുവാനോയെ പരാജയപ്പെടുത്തിയ അയന്ന പ്രസ്‌ലിയുടെ വിജയം ഏവരേയും ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ കൊറിയന്‍-അമേരിക്കന്‍ വനിതയെന്ന ഖ്യാതിക്ക് യോങ് കിം അര്‍ഹയായി. കാലിഫോര്‍ണിയ 39-ാം ഡിസ്ട്രിക്റ്റിനെയാണ് കിം പ്രതിനിധാനം ചെയ്യുക. ഇവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരിയാണെങ്കിലും ട്രംപിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടാണ് ഇവര്‍ സ്വീകരിച്ചു വരുന്നത്. പ്രത്യേകിച്ച്, കുടിയേറ്റം, വ്യാപാരം തുടങ്ങിയ കാര്യങ്ങളില്‍. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സൊമാലിയന്‍-അമേരിക്കന്‍ വംശജയാണ് ഇല്‍ഹന്‍ ഒമര്‍. 1991-ല്‍ സൊമാലിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അമേരിക്കയിലേക്കു പലായനം ചെയ്ത കുടുംബമാണ് ഇല്‍ഹന്‍ ഒമറിന്റേത്. ഭയത്തിന്റെ രാഷ്ട്രീയമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ പ്രേരിപ്പിച്ചതെന്നു ഡമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഒമര്‍ പറയുന്നു.

Comments

comments

Categories: FK News
Tags: US election

Related Articles