യുഎസിലേതു പോലെ ദീര്‍ഘകാല വിസകള്‍ ഇന്ത്യയിലും വേണം: അല്‍ഫോണ്‍സ് കണ്ണന്താനം

യുഎസിലേതു പോലെ ദീര്‍ഘകാല വിസകള്‍ ഇന്ത്യയിലും വേണം: അല്‍ഫോണ്‍സ് കണ്ണന്താനം

ഓഫ് സീസണ്‍ സമയത്ത് എത്തുന്ന സന്ദര്‍ശകരുടെ ഇ-വിസ ഫീസില്‍ ഇളവ് വരുത്താന്‍ ആവശ്യപ്പെടും

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള ഇലക്ട്രോണിക് വിസ(ഇ-വിസ)യുടെ കാലാവധി നീട്ടണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പേപ്പര്‍ വിസയില്‍ അനുവദിക്കുന്ന കാലയളവിന് അടുത്തു തന്നെ ഇ വിസയിലും സന്ദര്‍ശകര്‍ക്ക് അനുവദിക്കണമെന്നും ഇത് സംബന്ധിച്ച് ടൂറിസം മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണെന്നും കണ്ണന്താനം അറിയിച്ചു.

യുഎസിലേതുപോലെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വിസകള്‍ രാജ്യത്തിനു ആവശ്യമാണ്. ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ജപ്പാനില്‍ നിന്നും ദക്ഷിണകൊറിയയില്‍ നിന്നും എത്തുന്നവര്‍ക്കായി ഓണ്‍ അറൈവല്‍ വിസ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിസകള്‍ വളരെ ലളിതമായി നടപടിക്രമങ്ങളുള്ളതും ഒന്നിലധികം പ്രവേശന മാര്‍ഗങ്ങളുള്ളതും ദൈര്‍ഘ്യമേറിയ കാലാവധിയുള്ളതുമാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഓഫ് സീസണ്‍ സമയത്ത് എത്തുന്ന സന്ദര്‍ശകരുടെ ഇ-വിസ ഫീസില്‍ ഇളവ് വരുത്താന്‍ ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഈ നീക്കം നടപ്പിലാവുകയാണെങ്കില്‍ വിദേശ വിനിമയ വരുമാനം വര്‍ധിപ്പിക്കാനും രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇന്ത്യയിലെ ഇ-വിസ 60 ദിവസം രാജ്യത്ത് തങ്ങുന്നതിനുള്ള അനുവധിയാണ് നല്‍കുന്നത്. അതേസമയം, പേപ്പര്‍ വിസകളുടെ പരമാവധി കാലാവധി ആറ് മാസമാണ്. യുഎസ് ഉള്‍പ്പടെ 160ല്‍ അധികം രാജ്യങ്ങളിലുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ബിസിനസ്, വിനോദ സഞ്ചാരം, ചികിത്സ എന്നിവയ്ക്കായി ഇന്ത്യയിലെത്തുന്നതിന് ഓണ്‍ലൈനിലൂടെ ഇ-വിസക്ക് അപേക്ഷിക്കാം. മിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്കായുള്ള ഇ-വിസ ഫീസ് ഈ വര്‍ഷമാദ്യം 50 ഡോളറില്‍ നിന്നും 80 ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രികരുടെ ഇ- വിസ ഫീസ് 75 ഡോളറില്‍ നിന്നും 100 ഡോളറായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2017 ല്‍ 10.2 മില്യണ്‍ വിദേശ വിനോദ സഞ്ചാരികളാണ് ഇന്ത്യയിലെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 15.6 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇ-വിസയില്‍ എത്തിയ സഞ്ചാരികളുടെ എണ്ണം 1.7 മില്യനാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 57.2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Comments

comments

Categories: FK News