ഉര്‍ജിത് പട്ടേലിന്റെ പ്രസക്തി

ഉര്‍ജിത് പട്ടേലിന്റെ പ്രസക്തി

ആര്‍ബിഐയുടെ സ്വതന്ത്ര അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് ഉറച്ച നിലപാടെടുക്കാന്‍ ഉര്‍ജിത് പട്ടേലിന് സാധിക്കുന്നുവെന്നത് സ്വാഗതാര്‍ഹമാണ്

തരതമ്യേന ശക്തനല്ലാത്ത ആര്‍ബിഐ ഗവര്‍ണറെന്ന പ്രതിച്ഛായ ആയിരുന്നു ഉര്‍ജിത് പട്ടേലിന് ഏറെക്കാലം പലരും ചാര്‍ത്തി നല്‍കിയത്. എന്നാല്‍ അങ്ങനെയല്ല താനെന്നും രാഷ്ട്ര താല്‍പ്പര്യത്തിനുവേണ്ടി കേന്ദ്ര ബാങ്കിന്റെ സ്വതന്ത്ര അസ്തിത്വം സംരക്ഷിക്കുന്ന നിലപാടുകള്‍ എടുക്കാന്‍ മടികാണിക്കില്ലെന്ന സന്ദേശം കൂടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. 2016 സെപ്റ്റംബറിലാണ് ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തെത്തുന്നത്. റോക്ക്‌സ്റ്റാര്‍ ഇക്കണോമിസ്റ്റ് എന്ന് ഖ്യാതി നേടിയ പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്റെ കാലാവധി പൂര്‍ത്തിയായപ്പോള്‍ അദ്ദേഹത്തിന് രണ്ടാമൂഴം നല്‍കാന്‍ മോദി സര്‍ക്കാരിന് താല്‍പ്പര്യമില്ലായിരുന്നു. അങ്ങനെയാണ് സര്‍ക്കാര്‍ ഉര്‍ജിത് പട്ടേലിനെ കേന്ദ്ര ബാങ്കിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കുന്നത്.

ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു രാജന്‍. തലയെടുപ്പ് വളരെയധികം കൂടുതലുളളതുകൊണ്ടുതന്നെ നിലപാടുകളിലും അത് നിഴലിച്ചിരുന്നു. പലപ്പോഴും രാജനും സര്‍ക്കാരും ഏറ്റുമുട്ടലിലാണെന്ന പ്രതീതി പൊതുസമൂഹത്തിനുണ്ടാകുകയും ചെയ്തു. രാജനെതിരെ പരസ്യ നിലപാടെടുത്ത് ട്വിറ്റര്‍ ആക്രമണം തന്നെ നടത്തി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അങ്ങനെ പാല കാരണങ്ങള്‍ കൊണ്ടും രാജന് വീണ്ടുമൊരു അവസരം ആര്‍ബിഐയുടെ തലപ്പത്ത് കൊടുക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് കടുത്ത തലവേദന തന്നെയായിരുന്നു. അങ്ങനെയാണ് ഉര്‍ജിത് പട്ടേലിന് ആര്‍ബിഐ ഗവര്‍ണര്‍ പദവി നല്‍കാമെന്ന് തീരുമാനിക്കപ്പെടുന്നത്.

വളരെ നിശബ്ദനായി തന്റെ ജോലി നോക്കുന്ന പട്ടേല്‍ ഒരിക്കലും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം തലവേദന ആയി മാറില്ലെന്നാണ് കേന്ദ്രം കരുതിയിരുന്നത്. ഏറെ വിവാദമായ നോട്ട് അസാധുവാക്കല്‍ കാലഘട്ടത്തില്‍ പോലും ആര്‍ബിഐയും സര്‍ക്കാരും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല. നോട്ട് അസാധുവാക്കലിന്റെ ബുദ്ധിമുട്ടുകള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം തീവ്രമായപ്പോള്‍ പല കോണുകളില്‍ നിന്ന് ആര്‍ബിഐ വിമര്‍ശിക്കപ്പെടുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ആര്‍ബിഐയും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരിന് സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്കനുസരിച്ച് റിസര്‍വ് ബാങ്ക് വഴങ്ങാത്തതാണ് കാരണമെന്നും വിലയിരുത്തപ്പെടുന്നു. രണ്ട് വര്‍ഷമായി ഗവര്‍ണര്‍പദവിയിലിരിക്കുന്ന പട്ടേല്‍ ഇപ്പോള്‍ സ്വീകരിക്കുന്നത് കുറച്ചുകൂടി ശക്തമായ നിലപാടുകളാണ്. ആര്‍ബിഐയുടെ സ്വതന്ത്ര അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നടപടികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ അദ്ദേഹം തയാറാകുന്നുമുണ്ട്. ആര്‍ബിഐയുടെ കരുതല്‍ ധനത്തിന്റെ മൂന്നിലൊന്ന് കേന്ദ്രം ചോദിച്ചപ്പോള്‍ സാധ്യമാകില്ലെന്ന് ഉറച്ച സമീപനം സ്വീകരിക്കാന്‍ ഉര്‍ജിത് പട്ടേലിനായി.

മൊത്തം 9.59 ലക്ഷം കോടി രൂപയാണ് ആര്‍ബിഐയുട കരുതല്‍ ധനം. ഇതില്‍ നിന്നും 3.6 ലക്ഷം കോടി രൂപയാണ് കേന്ദ്രം ചോദിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്ന് ഈ തുക കൈകാര്യം ചെയ്യുന്ന പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇത് തള്ളിക്കളയുന്ന തരത്തില്‍ ധീരമായ നിലപാടാണ് പട്ടേല്‍ സ്വീകരിച്ചത്. എത്രമാത്രം കരുതല്‍ ധനം കേന്ദ്രത്തിന് നല്‍കണമെന്നതിനെ കുറിച്ച് ചര്‍ച്ചയാകാവുന്നതാണ്. എന്നാല്‍ അതിനപ്പുറത്തേക്ക് ആര്‍ബിഐയുടെ സ്വതന്ത്ര പ്രവര്‍ത്തനങ്ങളിന്മേലുള്ള കടന്നുകയറ്റമായി അത് മാറരുത്. ഇരു സ്ഥാപനങ്ങള്‍ക്കും അവരുടേതായ അധികാരപരിധികളുണ്ട്. അതിനെ പരസ്പരം ബഹുമാനിക്കുന്നതാണ് സുഗമമായ മുന്നോട്ടുപോക്കിന് ഉചിതം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉറച്ച നിലപാടെടുക്കാന്‍ ഉര്‍ജിത് പട്ടേലിന് സാധിക്കുന്നുവെന്നത് പ്രശംസാര്‍ഹമായ കാര്യമാണ്.

Comments

comments

Categories: Editorial, Slider
Tags: urjit patel