ആണവ യൂണിറ്റ് പൂട്ടാന്‍ തയാറെടുത്ത് തോഷിബ

ആണവ യൂണിറ്റ് പൂട്ടാന്‍ തയാറെടുത്ത് തോഷിബ

ടോക്യോ: തോഷിബ കോര്‍പ്പറേഷന്‍ ബ്രിട്ടീഷ് ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് പൂട്ടുന്നു. യുഎസ് എല്‍എന്‍ജി ബിസിനസ് വിറ്റൊഴിയാനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷംകൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ഇതോടെ കമ്പനിയിലെ ഏഴായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

പ്രഖ്യാപനം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയില്‍ 13.7 ശതമാനം വര്‍ധനവുണ്ടായി.

കംപ്യൂട്ടര്‍ ചിപ്പ് മുതല്‍ ആണവ റിയാക്ടര്‍വരെയുളള നിര്‍മാണരംഗങ്ങളില്‍ പ്രമുഖരായ തോഷിബ 2008 മുതല്‍ വരവുചെലവുകണക്കുകളില്‍ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തിയിരുന്നു. 2015 ല്‍ തോഷിബ ലാഭം പെരുപ്പിച്ചുകാട്ടിയതും വിവാദത്തിന് വഴിതുറന്നിരുന്നു.

യുഎസ് ആണവ നിലയ യൂണിറ്റായ വെസ്റ്റിങ് ഹൗസിനെ 2006 ലാണ് തോഷിബ ഏറ്റെടുത്തത്. ആണവനില പദ്ധതികളോട് ചില രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും, എണ്ണ വില കുറഞ്ഞതും, പ്രകൃതി വാതകത്തോട് താല്‍പര്യം കൂടിയതും തോഷിബയുടെ ആണവനില പദ്ധതികള്‍ക്ക് തിരിച്ചടി നല്‍കി.

അമേരിക്കയുമായുള്ള ആണവ വ്യാപാരത്തില്‍ 630 കോടി ഡോളറിന്റെ നഷ്ടം വന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞവര്‍ഷം ചെയര്‍മാന്‍ ഷിഗനോറി ഷിഗ രാജിവെച്ചിരുന്നു.

Comments

comments

Categories: Business & Economy
Tags: Toshiba