സൗദിയില്‍ വമ്പന്‍ സൗരോര്‍ജ്ജ പ്ലാന്റുമായി സോഫ്റ്റ്ബാങ്ക്

സൗദിയില്‍ വമ്പന്‍ സൗരോര്‍ജ്ജ പ്ലാന്റുമായി സോഫ്റ്റ്ബാങ്ക്

1.2 ബില്ല്യണ്‍ ഡോളറിന്റെ പ്ലാന്റാണ് ജാപ്പനീസ് നിക്ഷേപകനായ മസയോഷി സണ്ണിന്റെ കമ്പനി സൗദിയില്‍ നിര്‍മിക്കുന്നത്

റിയാദ്: ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് വിദേശ ബിസിനസുകാര്‍ക്ക് അപ്രിയമായ സൗദി അറേബ്യയില്‍ വമ്പന്‍ വികസന പദ്ധതി നടപ്പാക്കാന്‍ ജപ്പാനിലെ ശതകോടീശ്വരസംരംഭകന്‍ മസയോഷി സണ്‍. 1.2 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപത്തില്‍ ബഹുഉപയോഗ സൗരോര്‍ജ്ജ പ്ലാന്റാണ് സണ്ണിന്റെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് സൗദിയില്‍ പദ്ധതിയിടുന്നത്.

റിയാദിന് അടുത്താണ് പ്ലാന്റ് വരുന്നത്. ഏകദേശം 1.8 ഗിഗാവാട്ട് വൈദ്യുതി ഈ പ്ലാന്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ സോഫ്റ്റ്ബാങ്ക് തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് കൂടുതല്‍ സോളാര്‍ അധിഷ്ഠിത പദ്ധതികള്‍ നടപ്പിലാക്കാനുള്ള സൗദി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ പ്ലാന്റ് വരുന്നത്.

സോഫ്റ്റ്ബാങ്കിന്റെ 100 ബില്ല്യണ്‍ ഡോളറിന്റെ വിഷന്‍ ഫണ്ടിലെ പ്രധാന നിക്ഷേപകര്‍ സൗദി അറേബ്യയുടെ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടെക്‌നോളജി അധിഷ്ഠിത സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്ന ഫണ്ടാണിത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രത്യേക അടുപ്പം കാത്തുസൂക്ഷിക്കുന്ന സംരംഭകനാണ് മസയോഷി സണ്‍. സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടിലേക്ക് 45 ബില്ല്യണ്‍ ഡോളര്‍ എന്ന വമ്പന്‍ തുക മുടക്കാന്‍ പ്രിന്‍സ് മുഹമ്മദിനെ പ്രേരിപ്പിച്ചതും ആ സൗഹൃദം തന്നെ. അതുകൊണ്ടുതന്നെ മറ്റ് രാഷ്ട്രങ്ങള്‍ സൗദിയെ ഒറ്റപ്പെടുത്തുന്ന സമീപനം കൈക്കൊണ്ടാലും മസയോഷി സണ്‍ അതിന് പിന്തുണ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ത്ത സൂചിപ്പിക്കുന്നതും അതുതന്നെയാണ്.

ഈ വര്‍ഷം മാര്‍ച്ചില്‍ സൗദി അറേബ്യയും സോഫ്റ്റ്ബാങ്കും തമ്മില്‍ 200 ഗിഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് കരാര്‍ ഒപ്പിട്ടിരുന്നു. പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപേക്ഷിച്ച് പുതിയ യുഗത്തിലേക്ക് നടന്നുകയറാനുള്ള സൗദിയുടെ നീക്കത്തിന്റെ ഭാഗമായാണ് സോളാര്‍ പദ്ധതികള്‍.

Comments

comments

Categories: Arabia

Related Articles