സൗദി വിപണികളില്‍ നിന്ന് പുറത്തേക്ക് പോയത് 1.7 ബില്ല്യണ്‍ ഡോളര്‍

സൗദി വിപണികളില്‍ നിന്ന് പുറത്തേക്ക് പോയത് 1.7 ബില്ല്യണ്‍ ഡോളര്‍
  • 1.4 ബില്ല്യണ്‍ ഡോളറിന്റെ ഓഹരികളാണ് വിദേശികള്‍ വിറ്റത്
  • ഖഷോഗ്ഗിയുടെ കൊലപാതകം നിക്ഷേപകരുടെ ആത്മിവിശ്വാസത്തില്‍ ഇടിവുണ്ടാക്കി
  • കുവൈറ്റ് വിപണിയിലും വിദേശ നിക്ഷേപകരുടെ വിറ്റഴിക്കല്‍

റിയാദ്: ബിസിനസ് സൗഹൃദ പ്രതിച്ഛായ സൃഷ്ടിക്കാന്‍ തീവ്രമായ ശ്രമം നടത്തിവരുന്ന സൗദി അറേബ്യക്ക് ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം വന്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി അറേബ്യയുടെ കടുത്ത വിമര്‍ശകനുമായിരുന്ന ഖഷോഗ്ഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടത് നിക്ഷേപകരുടെ ആത്മവിശ്വാസത്തില്‍ വലിയ തോതില്‍ ഇടിവുണ്ടാക്കിയിരുന്നു.

കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലെ ഓഹരി വിപണികളില്‍ നിന്ന് റെക്കോഡ് തോതിലുള്ള വിറ്റഴിക്കലാണ് കഴിഞ്ഞ മാസം നടന്നത്. 10 മാസമായി മികച്ച കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന വിപണിയാണ് ഖഷോഗ്ഗി വിഷയത്തില്‍ ഇളകി മറിഞ്ഞത്. സൗദി അറേബ്യയില്‍ നിന്നും പുറത്തേക്ക് പോയ മൊത്തം തുക 1.7 ബില്ല്യണ്‍ ഡോളറാണെന്ന് ഇഎഫ് ഹെര്‍മീസ് ഹോള്‍ഡിംഗിന്റെ റിപ്പോര്‍ട്ടില്‍ പറുയുന്നു. സൗദി ഒഴികെയുള്ള മിക്ക അറബ് രാജ്യങ്ങളുടെ ഓഹരി വിപണികളിലേക്കും പണമൊഴുക്ക് തുടരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

കുവൈറ്റില്‍ നിന്നും വിദേശ നിക്ഷേപകര്‍ പുറത്തു പോകുന്നുണ്ടെങ്കിലും സൗദിയിലെ അത്ര രൂക്ഷമല്ല കാര്യങ്ങള്‍. ഖത്തര്‍, യുഎഇ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഖത്തര്‍ നാഷണല്‍ ബാങ്ക്, എമിറേറ്റ്‌സ് ടെലികമ്യൂണിക്കേഷന്‍സ് ഗ്രൂപ്പ്, ഇമാര്‍ പ്രോപ്പര്‍ട്ടീസ്, ഫസ്റ്റ് അബുദാബി ബാങ്ക് തുടങ്ങിയ അറബ് കമ്പനികളുടെ ഓഹരികളാണ് വിദേശ നിക്ഷേപകരെ ഒക്‌റ്റോബറില്‍ കൂടുതല്‍ ആകര്‍ഷിച്ചത്.

ഒക്‌റ്റോബര്‍ രണ്ടിന് ഇസ്താന്‍ബുളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പോയ ഖഷോഗ്ഗിയെ അതിക്രൂരമായി സൗദി സംഘം കൊലപ്പെടുത്തിയെന്നാണ് തുര്‍ക്കി വ്യക്തമാക്കിയത്. സൗദിയില്‍ നിന്നെത്തിയ 15 അംഗ സംഘം ഖഷോഗ്ഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് തുര്‍ക്കിയുടെ ഭാഷ്യം. ആദ്യം കൊലപാതകം നിഷേധിച്ച സൗദി അറേബ്യ പിന്നീട് ഖഷോഗ്ഗി കൊല്ലപ്പെട്ടതായി സമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും സൗദിക്കെതിരെ അതിശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നത്.

സൗദി കിരീടാവകാശിയും രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030യുടെ ആസൂത്രകനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്‍കൈയെടുത്ത് നടത്തിയ ആഗോള നിക്ഷേപക സംഗമത്തില്‍ നിന്ന് ഖഷോഗ്ഗി കൊലപാതകം ചൂണ്ടിക്കാണിച്ച് പല ബഹുരാഷ്ട്ര കമ്പനികളും വിട്ടുനില്‍ക്കുകയും ചെയ്തു.

സൗദിയെ പരിഷ്‌കരിക്കാനുള്ള പ്രിന്‍സ് മുഹമ്മദിന്റെ ശ്രമങ്ങള്‍ക്ക് ഖഷോഗ്ഗി കൊലപാതകം വിഘാതം സൃഷ്ടിച്ചുവെന്നും വിമര്‍ശകരോട് സഹിഷ്ണുതയില്ലാത്ത സമീപനമാണ് ഭരണകൂടത്തിന്റേതെന്നും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. സൗദിയുമായുള്ള ബന്ധത്തില്‍ സഖ്യരാഷ്ട്രമായ അമേരിക്കയ്ക്ക് പോലും കടുത്ത സമ്മര്‍ദ്ദമനുഭവിക്കേണ്ടി വരുകയും ചെയ്തു.

സൗദി ഏജന്റുകളാലാണ് ഖഷോഗ്ഗി കൊല്ലപ്പെട്ടതെങ്കിലും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് സംഭവുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് സൗദി സ്വീകരിച്ചിരിക്കുന്ന ശക്തമായ ഔദ്യോഗിക നിലപാട്. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ കുറിച്ചുള്ള സൗദിയുടെ വിശദീകരണം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ്. സംഭവുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍ സൗദി തുറന്നു പറയണമെന്നാണ് ഇവരുടെ ആവശ്യം.

ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് തങ്ങളുടെ രാജ്യം കടുത്ത ആക്രമണങ്ങള്‍ക്കും ഒറ്റപ്പെടുത്തലിനും വിധേയമാകുകയാണെന്നാണ് നല്ലൊരു ശതമാനം സൗദി പൗരന്മാരുടെയും അഭിപ്രായം. വാഷിംഗ്ടണ്‍ പോസ്റ്റില്‍ തുര്‍ക്കി പ്രസിഡന്റ് റിസിപ്പ് തയിപ്പ് എര്‍ദോഗന്‍ ഖഷോഗ്ഗി കൊലപാതകവുമായി ബന്ധപ്പെട്ട് അടുത്തിടെ എഴുത്തിയ ലേഖനവും സൗദിയെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. പേരോ മറ്റ് വിവരങ്ങളെ വെളിപ്പെടുത്താത്ത തുര്‍ക്കി അധികൃതരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്ന് പറഞ്ഞാണ് പാശ്ചാത്യ മാധ്യമങ്ങള്‍ സൗദിക്കെതിരെയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതെന്നാണ് പലരുടെയും തോന്നല്‍. ഇതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക ട്വിറ്റര്‍ കാംപെയ്‌നും സൗദി നടത്തിയിരുന്നു.

സൗദിക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ ഉടമ ജെഫ് ബെസോസിനോടുള്ള പ്രതിഷേധമെന്നോണം അദ്ദേഹത്തിന്റെ തന്നെ കമ്പനിയായ ആമസോണിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങളും സൗദിയില്‍ ശക്തമാണ്.

സൗദിയുടെ പരിഷ്‌കരണ, വികസന പദ്ധികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകില്ലെന്നും തുറന്ന സമീപനം സ്വീകരിക്കുമെന്നുമാണ് പ്രിന്‍സ് മുഹമ്മദ് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് സൗദിയിലെ ആദ്യ ന്യൂക്ലിയര്‍ റിസര്‍ച്ച് റിയാക്റ്റര്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കിരീടാവകാശി തുടത്തമിട്ടത്. കിംഗ് അബ്ദുളസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലേക്കുള്ള തന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഏഴ് പദ്ധതികളാണ് പ്രിന്‍സ് മുഹമ്മദ് ലോഞ്ച് ചെയ്തത്.

Comments

comments

Categories: Arabia