സ്‌കോഡ കോഡിയാക് എല്‍&കെ പുറത്തിറക്കി

സ്‌കോഡ കോഡിയാക് എല്‍&കെ പുറത്തിറക്കി

ഇന്ത്യ എക്‌സ് ഷോറൂം വില 35.99 ലക്ഷം രൂപ

ന്യൂഡെല്‍ഹി : സ്‌കോഡ കോഡിയാക്കിന്റെ ടോപ് വേരിയന്റായ ലോറിന്‍ & ക്ലെമന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 35.99 ലക്ഷം രൂപയാണ് പ്രാരംഭ ഇന്ത്യ എക്‌സ് ഷോറൂം വില. യൂറോപ്യന്‍ വിപണികളില്‍ ഈ വര്‍ഷം ജൂലൈയില്‍ കോഡിയാക് എല്‍&കെ പുറത്തിറക്കിയിരുന്നു. സ്‌കോഡയുടെ മറ്റ് മോഡലുകളുടെ എല്‍&കെ വേരിയന്റുകള്‍പോലെ കോഡിയാക് എല്‍&കെ വേരിയന്റില്‍ പുതിയ ഫീച്ചറുകളും സുഖസൗകര്യങ്ങളും നല്‍കിയിരിക്കുന്നു.

പരിഷ്‌കരിച്ച ക്രോം ഗ്രില്‍, ഇല്യുമിനേറ്റഡ് കണ്‍പീലികളോടെ മികച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, സവിശേഷ 18 ഇഞ്ച് ട്രിനിറ്റി അലോയ് വീലുകള്‍ എന്നിവ എല്‍&കെ വേരിയന്റിനെ മനോഹരമാക്കുന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘സി’ ആകൃതിയിലുള്ള എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ക്കും ഡിഫ്യൂസറിനും ക്രോം അരികുകള്‍ എന്നിവയാണ് എസ്‌യുവിയുടെ പിന്നാമ്പുറ വിശേഷങ്ങള്‍. പുതിയ സില്‍വര്‍ റൂഫ് റെയിലുകള്‍, കോഡിയാക് എന്നെഴുതിയ അലുമിനിയം സ്‌കഫ് പ്ലേറ്റുകള്‍ എന്നിവയും എല്‍&കെ വേരിയന്റിന് ലഭിച്ചു. ലാവ ബ്ലൂ, ക്വാര്‍ട്‌സ് ഗ്രേ, മൂണ്‍ വൈറ്റ്, മാജിക് ബ്ലാക്ക്, ഓള്‍-ന്യൂ മാഗ്നെറ്റിക് ബ്രൗണ്‍ എന്നീ അഞ്ച് നിറങ്ങളില്‍ എസ്‌യുവി ലഭിക്കും.

കാബിനില്‍ നിരവധി മാറ്റങ്ങള്‍ കാണാം. ഡാഷ്‌ബോര്‍ഡിന് ഡാര്‍ക്ക് ട്രീറ്റ്‌മെന്റ് നല്‍കിയിരിക്കുന്നു എന്നതാണ് ഇതില്‍ പ്രധാനം. ഇന്റീരിയറിന് പിയാനോ ബ്ലാക്ക് നിറമാണ്. 360 ഡിഗ്രി സറൗണ്ട് ഏരിയ വ്യൂ, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ്, വിര്‍ച്വല്‍ കോക്പിറ്റ് എന്നിവ ഫീച്ചറുകളാണ്. എല്ലാ പ്രധാനപ്പെട്ട ഡ്രൈവിംഗ്, നാവിഗേഷന്‍ ഡാറ്റ ഉള്‍പ്പെടെ കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലാണ് വിര്‍ച്വല്‍ കോക്പിറ്റ്. ഡാഷ്‌ബോര്‍ഡിന് നടുവില്‍ 8 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് ഡിസ്‌പ്ലേ കാണാം. സ്മാര്‍ട്ട്‌ഗേറ്റ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സ്മാര്‍ട്ട്‌ലിങ്ക് പ്ലസ് ഓഫര്‍ ചെയ്യും.

അതേ 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിനാണ് ഓള്‍ വീല്‍ ഡ്രൈവ് സ്‌കോഡ കോഡിയാക്കിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 148 ബിഎച്ച്പി കരുത്തും 340 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഓട്ടോമാറ്റിക് ഡിഎസ്ജി ഗിയര്‍ബോക്‌സുമായി എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. സെഗ്‌മെന്റ് ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒമ്പത് എയര്‍ബാഗുകള്‍, എഎഫ്എസ് (അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റ് സിസ്റ്റം), എബിഎസ്, ഇഎസ്‌സി, ഇബിഡി, എംബിഎ (മെക്കാനിക്കല്‍ ബ്രേക്ക് അസിസ്റ്റ്), എംകെബി (മള്‍ട്ടി കൊളീഷന്‍ ബ്രേക്ക്), എച്ച്ബിഎ (ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്), എഎസ്ആര്‍ (ആന്റി സ്ലിപ്പ് റെഗുലേഷന്‍), ഇഡിഎസ് (ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ ലോക്ക്) എന്നിവയാണ് കോഡിയാക്ക് ലോറിന്‍ & ക്ലെമന്റ് വേരിയന്റിലെ സുരക്ഷാ ഫീച്ചറുകള്‍.

Comments

comments

Categories: Auto
Tags: Skoda codiac