ശബരിമല വിധി: വേണ്ടത് വിശ്വാസികളെ കൂടി പരിഗണിച്ചുള്ള പരിഹാരം

ശബരിമല വിധി: വേണ്ടത് വിശ്വാസികളെ കൂടി പരിഗണിച്ചുള്ള പരിഹാരം

ശബരിമലയില്‍ പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇല്ലാതാക്കിയുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് സംജാതമായ സംഘര്‍ഷാവസ്ഥക്ക് ഇനിയും ശമനമായിട്ടില്ല. ഏതുവിധേനയും യുവതികളെ പ്രവോശിപ്പിച്ച് വിധി നടപ്പാക്കുമെന്ന കാര്‍ക്കശ്യവുമായി സര്‍ക്കാരും ജീവന്‍ കൊടുത്തും ആചാരങ്ങളുടെ ലംഘനം തടയുമെന്ന പ്രതിജ്ഞയുമായി വിശ്വാസികളും അണി നിരന്നതോടെ പലയിടത്തും രക്തം പൊടിഞ്ഞു. ഭരണഘടനയുടെ 25ാം അനുച്ഛേദത്തില്‍ ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നു കയറ്റമാണ് വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഒപ്പം ബന്ധപ്പെട്ടവരോടൊന്നും ആലോചിക്കാതെയും വിശ്വാസികളുടെ അപേക്ഷകളെ മാനിക്കാതെയും സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടത്തുന്ന നീക്കങ്ങളും ഹിന്ദുസമൂഹത്തിന് പുറമെ ഇതര മതവിഭാഗങ്ങളിലെ വിശ്വാസികള്‍ക്കിടയിലും സംശയം ജനിപ്പിച്ചിരിക്കുന്നു.

അഡ്വ. അനില്‍ തോമസ്

തീര്‍ച്ചയായും, ഭരണനിര്‍വഹണത്തിന്റെ ശാസ്ത്രവും പൊതുകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ കലയുമാണ് ‘പൊളിറ്റിക്‌സ്’ അഥവാ രാഷ്ട്രീയം. എന്നാല്‍, സമൂഹത്തില്‍ ഭിന്നതയും സ്വരച്ചേര്‍ച്ചയില്ലായ്മയും സൃഷ്ടിക്കുന്നതിനെ ‘പൊളിട്രിക്‌സ്’ (poltiricks) എന്നാണ് വിളിക്കേണ്ടത്. പരമോന്നത കോടതിയുടെ വിധിന്യായത്തിന്റെ അനന്തരഫലമായി പെട്ടന്ന് പൊട്ടിപ്പുറപ്പെട്ട ശബരിമല വിഷയം ഭരിക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ച് ഒരു രാഷ്ട്രീയ ത്രിശങ്കു സ്വര്‍ഗമായി മാറുന്നതാണ് കണ്ടത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് ‘പൊളിട്രിക്‌സ്’ കളിക്കാനുള്ള അവസരമായും ഇത് മാറി. ഒരു യാന്ത്രികമായ വിധിന്യായം (ഇന്ത്യന്‍ യംഗ് ലോയേസ് അസോസിയഷന്‍ ആന്‍ഡ് അദേഴ്‌സ് വേഴ്‌സസ് ദി സ്‌റ്റേറ്റ് ഓഫ് കേരള ആന്‍ഡ് അദേഴ്‌സ്) സൃഷ്ടിച്ച ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍, ഹിന്ദുമതത്തിലെ സത്യസന്ധരായ യഥാര്‍ഥ വിശ്വാസികളും, സംസ്ഥാനത്തെ മറ്റ് മതങ്ങളുടെ അനുയായികളും തങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മത സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടോ എന്നത് സംബന്ധിച്ച് ഒരു വലിയ ആശയക്കുഴപ്പത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ മൗലിക രേഖയായ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള സ്ഥാപിത മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും നിലവാരത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്ന, സംസ്ഥാനത്തിന്റെ സാമൂഹിക സമരസതയെ വിഘടിപ്പിക്കാനാണ് ‘ പൊളിട്രിക്‌സ്’ വെച്ച് കളിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ശ്രമിക്കുന്നത്.

മുന്‍പ് പറഞ്ഞതു പോലെ, ‘ഭരണനിര്‍വഹണത്തിന്റെ ശാസ്ത്രവും പൊതുകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ കലയുമാണ് രാഷ്ട്രീയം’ എന്ന് നിര്‍വചിച്ചത് അമേരിക്കയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സാണ്. നമ്മുടെ രാജ്യത്തെ മിക്ക രാഷട്രീയക്കാരും രാജ്യതന്ത്രജ്ഞരും ഇത് മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാടാണ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം. 10 വയസിനും 50 വയസിനും ഇടയിലുളള വനിതകള്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള വിവാദമായ ഒരു വിധിന്യായം പരമോന്നത കോടതി പ്രസ്താവിച്ചു എന്നതാണ് വസ്തുത. തന്ത്രി സമൂഹം, പന്തളം രാജകുടുംബം (അയ്യപ്പന്‍ അംഗമായ കുടുംബം), ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പു നല്‍കുന്ന ഹിന്ദുക്കളുടെ വിശ്വാസവും മതപരമായ ആചാരങ്ങളും സംരക്ഷിക്കാന്‍ മുന്നോട്ടുവന്ന ഏതാനും സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഉണ്ടായിട്ടു പോലും, നിലവിലെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലമടക്കം വിവിധ വിഷയങ്ങള്‍ പരിഗണിച്ച് വിധി പുറപ്പെടുവിക്കുകയാണ് കോടതി ചെയ്തത്.

വിധിപ്രഖ്യാപനത്തിന് മുന്‍പ് സുപ്രീം കോടതിയില്‍ നിലവിലെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാട് വിശകലനം ചെയ്യുമ്പോള്‍, വിശ്വാസികള്‍ക്ക് അനുകൂലമായി മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തിയതിലെ ഗൂഢ തന്ത്രം എളുപ്പത്തില്‍ മനസിലാകും. അയ്യപ്പ പ്രതിഷ്ഠ കേന്ദ്രീകരിച്ചുള്ള താന്ത്രിക പ്രമാണങ്ങളെ കുറിച്ച് ഒരു വിദഗ്ധരോടും അഭിപ്രായം തേടാതെയാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. വാസ്തവത്തില്‍, എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളും പ്രതിഷ്ഠയുടെ സ്വഭാവത്തെ ആധാരമാക്കിയ പ്രത്യേക താന്ത്രിക തത്വങ്ങളില്‍ കേന്ദ്രീകരിച്ചു കൊണ്ടാണ് സ്ഥാപിക്കപ്പെട്ടിട്ടുളളത്. മറ്റ് മത വിഭാഗങ്ങളുടെ പ്രാര്‍ത്ഥനാ ഹാളുകളില്‍ നിന്ന് വ്യത്യസ്തമാണ് ക്ഷേത്ര സങ്കല്‍പം. ക്ഷേത്രങ്ങള്‍ ഊര്‍ജ കേന്ദ്രങ്ങളായാണ് നിലകൊള്ളുന്നത്.

ഹൈന്ദവ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ അതിഭൗതിക ശാസ്ത്രത്തിന്റെ ഘടകവും ഉള്‍പ്പെട്ടിട്ടുണ്ട്. ഇസ്ലാം, ക്രിസ്ത്യന്‍ തുടങ്ങിയ മതങ്ങള്‍ പിന്തുടരുന്ന ആചാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍വപ്രധാനമായ ഹൈന്ദവ മതാചാരങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന ദേവതയുടെ സവിശേഷമായ ഭാവം സര്‍ക്കാര്‍ പരിഗണിച്ചില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനത്തിനു വേണ്ടി വാദിക്കുന്ന ഒരു സത്യവാംഗ്മൂലം പരമോന്നത കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കുന്നതിനു മുന്‍പ്, ശബരിമല പോലെ താന്ത്രിക, പ്രാചഞ്ചിക ഊര്‍ജ കേന്ദ്രമായി നിലകൊള്ളുന്ന ക്ഷേത്രങ്ങളുടെ യഥാര്‍ഥ അസ്തിത്വം സര്‍ക്കാര്‍ മനസിലാക്കണമായിരുന്നു. ഭരണഘടനയുടെ 25ാം അനുച്ഛേദം വഴി ഉറപ്പ് നല്‍കുന്ന വിവേചന സ്വാതന്ത്ര്യം, സ്വതന്ത്രമായ മതവിശ്വാസം, ഹിന്ദുമതത്തിന്റെ ആചരണവും പ്രചാരണവും എന്നിവയ്ക്ക് അനുകൂലമായമായിരുന്ന മുന്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാടിനെയും അട്ടിമറിച്ചാണ് ഇത്തരമൊരു നടപടി ഉണ്ടായത്. ഹിന്ദു മത വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് നിലവിലെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമായും മറുപടി പറയണം. അല്ലെങ്കില്‍, ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവര്‍ക്കുമേല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം സ്വേച്ഛാധിപരമായി അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറയേണ്ടതായി വരും.

ശബരിമലയിലെ ഹിന്ദു സമൂഹത്തിന്റെ മതപരമായ ആചാരങ്ങളുടേയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തില്‍ അന്തിമവും അവസാനവുമാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധിയെന്ന രീതിയില്‍ അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അതിരുകവിഞ്ഞ തിടുക്കം തീര്‍ത്തും സംശയകരമാണ്. സ്ത്രീകളെ വിവേചനങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ രൂപം കൊടുത്ത ‘സമത്വത്തിന്റെ’ അടിസ്ഥാനത്തിലുള്ള ആര്‍ട്ടിക്കിള്‍ 14 പ്രകാരം പരമോന്നത കോടതിയുടെ വിധിന്യായം സാങ്കേതികമായി ശരിയാണെങ്കിലും പൊതുവായി ഹിന്ദു സമൂഹത്തിന്റെ സ്ഥാപിത വിശ്വാസങ്ങള്‍, ദൈവഭക്തി, മതപരമായ ആചാരങ്ങള്‍ എന്നിവയ്‌ക്കെല്ലാം എതിരായാണ് ഇത് വര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഈ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. 14, 25 തുടങ്ങിയ രണ്ട് അനുച്ഛേദങ്ങളും മൗലികാവകാശങ്ങള്‍ക്ക് കീഴിലാണ് വരുന്നത്. ഓരോ പൗരന്‍മാര്‍ക്കുമുള്ള ഈ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. നമ്മുടെ ജനാധിപത്യ ഘടനയില്‍ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട അവകാശങ്ങളേതൊക്കെയെന്നത് തന്ത്രപരമായ ഒരു ചോദ്യമാണ്.

ഒരു തെറ്റായ തീരുമാനമെടുത്താല്‍, അതിന്റെ ഫലം കലാപവും അതിനെതുടര്‍ന്നുള്ള കലഹങ്ങളും അരാജകത്വവുമൊക്കെയായിരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സമൂഹത്തില്‍ സമാധാനവും ഐക്യവും മുന്നോട്ട് വെക്കുന്ന ഒരു മാര്‍ഗം തെരഞ്ഞെടുക്കുകയാണ് സര്‍ക്കാരിനെ സംബന്ധിച്ച് യുക്തിപരമായ മാര്‍ഗം. എന്തിനാണ് ഈ അതിരുകവിഞ്ഞ തിടുക്കമെന്ന ചോദ്യം ഉയരുന്നത് ഇവിടെയാണ്. അത് തികച്ചും അനാവശ്യമായ ഇടപെടലാണ്. എന്നാല്‍ ഇപ്പോഴും സമയം അതിക്രമിച്ചിട്ടില്ല. ഹിന്ദുമത വിശ്വാസികള്‍ക്കിടയില്‍ വിരോധവും അപസ്വരവും സൃഷ്ടിച്ചെന്ന് മാത്രമല്ല, സംസ്ഥാനത്തെ മറ്റു മതവിഭാഗങ്ങള്‍ക്കിടയിലും ഈ സാഹചര്യം അരക്ഷിതാവസ്ഥയുണ്ടാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കേണ്ടതാണ്. വിധിന്യായത്തെ ഇനിയെങ്കിലും ശരിയായ കാഴ്ചപ്പാടില്‍ വീക്ഷിക്കാം. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരെ അവശ്യ നടപടികള്‍ സ്വീകരിക്കുക വഴി, ആര്‍ട്ടിക്കിള്‍ 25ന് കീഴില്‍ ഉറപ്പുനല്‍കപ്പെടുന്ന മതപരമായ സ്വാതന്ത്ര്യം ഊട്ടിയുറപ്പിച്ച് ഭിന്നതയുടേയും സ്വരച്ചേര്‍ച്ചയില്ലായ്മയുടേയും സാഹചര്യം ഒഴിവാക്കാനുള്ള അപേക്ഷകളും ആവശ്യങ്ങളും രാഷ്ട്രീയക്കാരുടെ മനസിലേക്ക് ഒഴുകിയെത്തുന്നുണ്ട്. സംസ്ഥാനത്തെ മത വിശ്വാസികളുടേയും മതാചാര പ്രകാരം ജീവിക്കുന്നവരുടെയും മനസുകളില്‍ ഉരുവപ്പെട്ടുവരുന്ന അസ്വാസ്ഥ്യങ്ങള്‍ക്കും പ്രത്യക്ഷമായ ആശങ്കകള്‍ക്കും മേല്‍ സംസ്ഥാന സര്‍ക്കാര്‍ ചെവി കൊടുക്കുമോ; അതോ യാന്ത്രികമായ കാഴ്ചപ്പാട് സ്വീകരിക്കുക വഴി അടക്കിപ്പിടിച്ച ഈ വികാരങ്ങളുടെയെല്ലാം വിസ്‌ഫോടനത്തിനു വേണ്ടി കാത്തിരിക്കുമോ? എല്ലാ ആശങ്കകളോടെയും ഗൗരവത്തോടെയും വീക്ഷിക്കേണ്ട ഒരു വിഷയമാണിത്.

വിധിയെ കുറിച്ച് ഒരു വാക്ക്: മൗലികമായി, ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാര്‍ (4:1) യുവതീ പ്രവേശന വിധിയെന്ന മാളിക കെട്ടിയുയര്‍ത്തിയ അടിസ്ഥാനം തന്നെ പ്രകൃത്യാ തെറ്റാണെന്നാണ് പ്രകടമാകുന്നത്. ഭരണഘടനാ ശില്‍പ്പികള്‍ ആഗ്രഹിച്ചതു പോലെ, അനുച്ഛേദം 25 ന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വേണ്ടവിധം ഗ്രഹിക്കാതെ, ജഡ്ജിമാര്‍ നിര്‍മിച്ചെടുത്ത പരിമിതമായ സൂത്രവാക്യങ്ങളും തോന്നലുകളും ആധാരമാക്കിയാണ് ഇപ്പോഴത്തെ ചര്‍ച്ചകളും കണ്ടെത്തലുകളുമെല്ലാം നടത്തപ്പെടുന്നത്. ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം എന്നിവയാണ് അനുച്ഛേദം 25(1) ഉറപ്പ് നല്‍കുന്നത്. ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിക്കാനും തുല്യ അവകാശമുണ്ടെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. മേല്‍പ്പറഞ്ഞത് പ്രകാരം ഒരു മത ആരാധനാ കേന്ദ്രത്തിലേക്ക് നടന്നുകയറാനുള്ള ‘തുല്യ അവകാശം’ ഇപ്രകാരം നിബന്ധനകള്‍ക്ക് വിധേയമാണ് എന്നാണ് ആദ്യ വായനയില്‍ തന്നെ മനസിലാവുന്നത്. അനുച്ഛേദത്തിലെ പ്രസ്തുത വിശേഷ പദങ്ങളുടെ ആഴത്തില്‍ പരിശോധിക്കാന്‍ ഭൂരിപക്ഷം വിധി പ്രസ്താവിച്ച ജ്ഞാനികളായ ജഡ്്ജിമാര്‍ പരാജയപ്പെട്ടെന്നാണ് ആത്മാര്‍ത്ഥമായി തന്നെ പറയാനുള്ളത്. ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് നിലനില്‍ക്കുന്ന യഥാര്‍ഥ സാഹചര്യം വിഷയത്തിലെ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചുമില്ല. ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിക്കേണ്ട വിശേഷാധികാരം രാജ്യത്തെ സിവില്‍ കോടതികളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. വിവാദമായ വിധിന്യായം പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധി പ്രകാരം മേല്‍ പറഞ്ഞതൊന്നും സുപ്രീം കോടതിയുടെ ജോലിയല്ല; നിയമാധികാര മാനദണ്ഡങ്ങള്‍ പ്രകാരം തന്നെ.

എന്താണെങ്കിലും, നിരവധി പുനഃപരിശോധനാ ഹര്‍ജികളിലൂടെ വീണ്ടും പന്ത് സുപ്രീം കോടതിയില്‍ തന്നെ എത്തിയിരിക്കുന്നു. സമഗ്ര വശങ്ങളും പരിശോധിക്കേണ്ട അവകാശം കോടതിയില്‍ നിക്ഷിപ്തമാണ്. സദ്ഭരണ തത്വം സ്വീകരിച്ചും ‘രാഷ്ട്രീയം’ മനസിലാക്കിയും സംസ്ഥാന സര്‍ക്കാര്‍ യഥാവിധത്തിലുള്ള ഒരു പുനപരിശോധനാ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയാണ് വേണ്ടത്. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ഹിന്ദുമത വിശ്വാസികളുടെ ഇടയില്‍ നിന്ന് ഉയരുന്ന പ്രതിഷേധത്തിന് സര്‍ക്കാര്‍ ചെവികൊടുക്കണം. താന്ത്രിക തത്വങ്ങളില്‍ വൈദഗ്ധ്യമുള്ളവരുടെ സഹായത്തോടെ ‘ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍’ എന്നിവ കാത്തുസൂക്ഷിക്കാനുള്ള കാര്യകാരണങ്ങള്‍ കണ്ടെത്തണം. രാജ്യത്തെ ഏറ്റവും വലിയ മത സമൂഹമായ ഹിന്ദു സമുദായത്തിന്റെ വിശ്വാസങ്ങളുടെ സംരക്ഷണത്തിനായുള്ള കുട നിവര്‍ത്താന്‍ ഇപ്രകാരമേ സാധിക്കൂ. ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം അവരുടെ മതസ്വാതന്ത്ര്യം അംഗീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനം വരുന്നതു വരെ ‘തുല്യതാ വാദം’ അവിടെ നില്‍ക്കട്ടെ. വിധിക്ക് ശേഷം ഉരുത്തിരിഞ്ഞ സാഹചര്യം മൂല്യം ക്രമസമാധാനം മോശമായേക്കാവുന്ന സാഹചര്യത്തില്‍ അനുപേക്ഷണീയമായ കാര്യമാണിത്.

സര്‍ക്കാരിന് മുന്നില്‍ മറ്റൊരു വഴി കൂടിയുണ്ട്. 1965 ലെ കേരള ഹിന്ദു ആരാധനാ സ്ഥലം (പ്രവേശനം) നിയമത്തിലെ 3(ബി) നിയമം റദ്ദാക്കിയാണ് സുപ്രീം കോടതി എല്ലാ പ്രായവിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്ക് ഭഗവാന്‍ അയപ്പന്റെ ദര്‍ശനത്തിനായി പോകാം എന്ന ‘പരമമായ സ്വാതന്ത്ര്യം’ നല്‍കിയത്. പ്രസ്തുത വിധിന്യായത്തെ മറികടക്കാന്‍ ഭരണഘടനാ അനുച്ഛേദം 25(1) പ്രകാരം ആവശ്യമായ നിയമ നിര്‍മാണം നടത്താന്‍ നിയമസഭയോട് നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അശക്തരല്ല. ഇപ്രകാരം ഹൈന്ദവ വിശ്വാസികളുടെ അപേക്ഷകളെ അംഗീകരിച്ചാല്‍ വലിയൊരു വിഭാഗം ആളുകള്‍ക്കിടയില്‍ സര്‍ക്കാരിന് അംഗീകാരം ലഭിക്കുമെന്നുറപ്പ്. ഭരണനിര്‍വഹണത്തിന്റെ ശാസ്ത്രവും പൊതുകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ കലയും പരീക്ഷിച്ചു കൊണ്ട് ‘രാഷ്ട്രീയ’ത്തെ പ്രോത്സാഹിപ്പിക്കാനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കളിക്കുന്ന ‘രാഷ്ട്രീയ തന്ത്ര’ത്തെ നിരുത്സാഹപ്പെടുത്താനും സാധിക്കും. ഭരണഘടന നിര്‍മിച്ചത് ‘ഇന്ത്യയിലെ ജനങ്ങള്‍’ ആയതിനാല്‍ രാജ്യത്തെ പൗരന്‍മാരുടെ ന്യായമായ അവകാശങ്ങള്‍ക്കും സന്തോഷത്തിനുമായി വഴങ്ങിക്കൊടുക്കുകയാണ് നിയമനിര്‍മാണ സഭയും ജുഡീഷ്യറിയും ഉദ്യോഗസ്ഥ സംവിധാനവുമടക്കം ജനാധിപത്യ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്.

(ബെല്‍വേര്‍ഡിയ ലീഗല്‍ എല്‍എല്‍പിയില്‍ മുതിര്‍ന്ന പങ്കാളിയാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider
Tags: sabarimala