റോയല്‍ എന്‍ഫീല്‍ഡ് കണ്‍സെപ്റ്റ് കെഎക്‌സ് പ്രദര്‍ശിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് കണ്‍സെപ്റ്റ് കെഎക്‌സ് പ്രദര്‍ശിപ്പിച്ചു

1936 റോയല്‍ എന്‍ഫീല്‍ഡ് കെഎക്‌സില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് കണ്‍സെപ്റ്റ് കെഎക്‌സ്

മിലാന്‍ : റോയല്‍ എന്‍ഫീല്‍ഡിന്റെ കണ്‍സെപ്റ്റ് കെഎക്‌സ് മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷത്തെ ഐക്മയില്‍ (മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ) അനാവരണം ചെയ്തു. പുതിയ ഇരട്ട സിലിണ്ടര്‍ കണ്‍സെപ്റ്റിന്റെ ടീസറുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 1140 സിസി വി-ട്വിന്‍ എന്‍ജിന്‍ നല്‍കി 1936 ല്‍ പുറത്തിറക്കിയ റോയല്‍ എന്‍ഫീല്‍ഡ് കെഎക്‌സില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കണ്‍സെപ്റ്റ് കെഎക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. അക്കാലത്ത് റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും വലിയ ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോര്‍സൈക്കിളായിരുന്നു കെഎക്‌സ്.

ഡിസൈന്‍ സ്റ്റഡി മാത്രമായതിനാല്‍ കണ്‍സെപ്റ്റ് കെഎക്‌സ് നിര്‍മ്മിച്ച് വിപണിയിലെത്തിക്കില്ലെന്നും അങ്ങനെയല്ല ഉല്‍പ്പാദനം നടത്തുമെന്നും വ്യത്യസ്ത വിവരങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഭാവി മോട്ടോര്‍സൈക്കിളുകളില്‍ കണ്‍സെപ്റ്റ് കെഎക്‌സിന്റെ ഡിസൈന്‍ സ്വാധീനം ചെലുത്തും. വലിയ മോട്ടോര്‍സൈക്കിളുകളുമായി ഉല്‍പ്പന്ന നിര വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ ഭാവിയിലെ ഉല്‍പ്പന്ന നിരയില്‍ മോഡേണ്‍ ക്ലാസിക്കുകള്‍ കൂടുതലായി കാണും. ഉയര്‍ന്ന ഡിസ്‌പ്ലേസ്‌മെന്റ് വി-ട്വിന്‍ എന്‍ജിനുകളും നല്‍കും. ആഗോളതലത്തില്‍ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ശ്രദ്ധേയ സാന്നിധ്യമാവുകയാണ് ലക്ഷ്യം.

റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെയും യുകെയിലെയും സെന്ററുകളിലാണ് കണ്‍സെപ്റ്റ് കെഎക്‌സ് രൂപകല്‍പ്പന ചെയ്തത്. 1937 മോഡല്‍ കെഎക്‌സ് റഫറന്‍സായി കണക്കാക്കി നിയോ-ക്ലാസിക്കല്‍, ഫ്യൂച്ചറിസ്റ്റിക് ഭാവങ്ങളിലാണ് പുതിയ കെഎക്‌സ് കണ്‍സെപ്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡാര്‍ക്ക് ബോട്ടില്‍ ഗ്രീന്‍, ചെമ്പ് നിറങ്ങളിലുള്ള പെയിന്റ് സ്‌കീം മോട്ടോര്‍സൈക്കിളിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. എന്‍ജിന്‍, ഇരട്ട എക്‌സ്‌ഹോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ കറുപ്പ്, വെങ്കല ഫിനിഷ് കാണാം. സീറ്റ്, ഹാന്‍ഡില്‍ബാര്‍ ഗ്രിപ്പുകള്‍ എന്നിവ തുകല്‍ പൊതിഞ്ഞു.

നീളമേറിയ കണ്‍സെപ്റ്റ് കെഎക്‌സ് മോട്ടോര്‍സൈക്കിളിന്റെ ഇന്ധന ടാങ്ക് റെട്രോ സ്‌റ്റൈലിലാണ്. അതേസമയം ബൈക്ക് ആധുനികവുമാണ്. ബ്ലേഡ് സ്‌റ്റൈലിലുള്ള ഗിര്‍ഡര്‍ ഫോര്‍ക്ക്, ഓള്‍ ഡിജിറ്റല്‍ കണ്‍സോള്‍, ഇരട്ട ഡിസ്‌ക് ബ്രേക്കുകള്‍, അലോയ് വീലുകള്‍ എന്നിവ ആധുനിക ഫീച്ചറുകളാണ്. റെട്രോ ലുക്കിലാണ് ഹെഡ്‌ലാംപ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും എല്‍ഇഡി ബള്‍ബുകള്‍ നല്‍കിയിരിക്കുന്നു. എന്‍ഫീല്‍ഡ് ലോഗോയിലെ പഴയ റെഡ്ഡിച്ച് ‘ഇ’ യുടെ സ്റ്റൈലൈസ്ഡ് വേര്‍ഷന്‍ മുന്‍, പിന്‍ ലൈറ്റുകളില്‍ കാണാം. ലോക യുദ്ധങ്ങള്‍ക്ക് മുമ്പ് വിപണിയിലെത്തിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളെ അനുസ്മരിപ്പിക്കുന്നതാണ് ഇത്.

സ്‌ട്രെസ്സ്ഡ് മെംബര്‍ എന്‍ജിന്‍ സഹിതം ഫ്രെയിം ആന്‍ഡ് എയര്‍ബോക്‌സ് കോണ്‍ഫിഗറേഷനിലാണ് കണ്‍സെപ്റ്റ് കെഎക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. കാന്റിലിവര്‍ ഡിസൈനിലുള്ളതാണ് സിംഗിള്‍ സീറ്റ്. 19 ഇഞ്ച് വലുപ്പമുള്ള ചക്രങ്ങള്‍ നല്‍കിയിരിക്കുന്നു. 740 മില്ലി മീറ്റര്‍ മാത്രമാണ് സീറ്റിന്റെ ഉയരം. എന്‍ജിന്‍ വിശദാംശങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡ് വെളിപ്പെടുത്തിയില്ല. എന്‍ജിനില്‍ ‘838’ എന്ന ബാജ്ഡ് നല്‍കിയതിനാല്‍ പൂര്‍ണ്ണമായും പുതിയ 838 സിസി, വി-ട്വിന്‍ എന്‍ജിനായിരിക്കുമെന്ന് മനസ്സിലാക്കാം. ഒറിജിനല്‍ കെഎക്‌സ് ഉപയോഗിച്ചിരുന്ന 1140 സിസി വി-ട്വിന്‍ എന്‍ജിനും പുതിയ വി-ട്വിന്‍ എന്‍ജിനും രൂപകല്‍പ്പനയില്‍ സാമ്യം കാണാമെങ്കിലും പുതിയ എന്‍ജിന്‍ ഓയില്‍ കൂള്‍ഡ് ആണ്. പഴയ മോട്ടോര്‍ എയര്‍ കൂള്‍ഡ് ആയിരുന്നു.

Comments

comments

Categories: Auto