പരിഷ്‌കരണങ്ങള്‍ റിയല്‍റ്റി മേഖലയിലേക്കുള്ള നിക്ഷേപം പ്രോത്സാഹിപ്പിച്ചു

പരിഷ്‌കരണങ്ങള്‍ റിയല്‍റ്റി മേഖലയിലേക്കുള്ള നിക്ഷേപം പ്രോത്സാഹിപ്പിച്ചു

വരുമാന നേട്ടം എന്നതില്‍ നിന്നും ആസ്തികളുടെ വികസനത്തിലേക്ക് നിക്ഷേപകര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു

മുംബൈ: റിയല്‍റ്റി രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങള്‍ മേഖലയിലേക്കുള്ള വിദേശ നിക്ഷേപം (എഫ്‌ഐഐ) പ്രോത്സാഹിപ്പിച്ചതായി റിപ്പോര്‍ട്ട്. റിയല്‍റ്റി മേഖലയുമായി ബന്ധപ്പെട്ട പുതിയ നയങ്ങളും ചട്ടക്കൂടും ആഗോള ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകര്‍ക്കിടയില്‍ റിസ്‌കുകള്‍ ഏറ്റെടുക്കാനുള്ള താല്‍പ്പര്യം വര്‍ധിപ്പിച്ചുവെന്ന് ജെഎല്‍എല്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വരുമാന നേട്ടം എന്നതില്‍ നിന്നും ആസ്തികളുടെ വികസനത്തിലേക്ക് നിക്ഷേപകര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായും വിലയിരുത്തപ്പെടുന്നു. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കൂടുതല്‍ റിസ്‌കുകള്‍ ഏറ്റെടുക്കാനും പങ്കാളിത്തം വര്‍ധിപ്പിക്കാനും വിദേശ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകര്‍ തയാറായതിന്റെ സൂചനയാണിത്. നടപ്പു വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ വികസിത ആസ്തികളിലേക്കുള്ള നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ ഏഴ് മടങ്ങിലധികം വര്‍ധിച്ച് 960 മില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. 2017ല്‍ മൊത്തം 135 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയിലേക്ക് എത്തിയിട്ടുള്ളതെന്നും ജെഎല്‍എല്‍ ഇന്ത്യയുടെ കണക്കുകള്‍ പറയുന്നു.

നിര്‍മാണത്തിലിരിക്കുന്നതോ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതോ ആയ റിയല്‍റ്റി പ്രൊജക്റ്റുകളെയാണ് വികസിത ആസ്തികള്‍ എന്നുപറയുന്നത്. വികസിത ആസ്തികളില്‍ ഓഫിസ്, റീട്ടെയ്ല്‍, വെയര്‍ഹൗസിംഗ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപം എത്തുന്നത്. അനുകൂലമായ ബൃഹത് സാമ്പത്തിക ഘടകങ്ങളും മെച്ചപ്പെട്ട സുതാര്യതയും നയ പരിഷ്‌കരണങ്ങളും ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2014 മുതല്‍ റിയല്‍റ്റി മേഖലയില്‍ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകര്‍ക്കുള്ള ആന്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. 2017ല്‍ മൊത്തം 6.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് മേഖലയിലേക്ക് എത്തിയിട്ടുള്ളത്. ഈ വര്‍ഷവും ഇതേ പ്രവണത നിലനിര്‍ത്താന്‍ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നടപ്പു വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ 3.6 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകര്‍ റിയല്‍റ്റി രംഗത്ത് നടത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യന്‍ റിയല്‍റ്റി രംഗത്തെ വിവിധ ആസ്തി വിഭാഗങ്ങളില്‍ ആഭ്യന്തര, വിദേശ നിക്ഷേപകര്‍ ഏറ്റെടുക്കുന്ന റിസ്‌കുകളുടെ അളവിലും സ്വഭാവത്തിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ലെഹ്മാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ചയും ആഗോള സാമ്പത്തിക മാന്ദ്യവും പോലുള്ള നിര്‍ണായക സംഭവങ്ങളാണ് റിസ്‌ക് അവബോധം വര്‍ധിച്ചതിന്റെ കാരണം. ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ നയം, റെറ തുടങ്ങിയ പരിഷ്‌കരണങ്ങളും ചെലവ് കുറഞ്ഞ ഭവന നിര്‍മാണം, നിര്‍മാണ മേഖലയിലെ ഉദാരമാക്കിയ എഫ്ഡിഐ നയങ്ങള്‍ തുടങ്ങിയവയും ആഭ്യന്തര റിയല്‍റ്റി മേഖലയില്‍ നിക്ഷേപകര്‍ക്കുള്ള ആന്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ജെഎല്‍എല്‍ ഇന്ത്യ മേധാവി രമേഷ് നായര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: investment