ആര്‍ബിഐ തീരുമാനങ്ങള്‍ക്ക് മാനദണ്ഡം രാജ്യ താല്‍പ്പര്യം: രഘുറാം റാജന്‍

ആര്‍ബിഐ തീരുമാനങ്ങള്‍ക്ക് മാനദണ്ഡം രാജ്യ താല്‍പ്പര്യം: രഘുറാം റാജന്‍

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് പ്രൊഫഷണലായി മറുപടി നല്‍കണമെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡെല്‍ഹി: രാജ്യതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് റിസര്‍വ്് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളതെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. സ്വയംഭരണത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരുമായി ആര്‍ബിഐ തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി രഘുറാം രാജന്‍ രംഗത്തു വരുന്നത്. മുന്‍ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തീരുമാനങ്ങള്‍ ദേശീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അന്തിമമായി ആര്‍ബിഐ തന്നെയാണെടുത്തിട്ടുള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളും പ്രശ്‌നങ്ങളും വിലയിരുത്തിയ ശേഷം കേന്ദ്ര ബാങ്ക് ഏറ്റവും ഉചിതമായി പ്രൊഫഷണലായി അതിന് മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും സര്‍ക്കാരിനെ കേള്‍ക്കേണ്ട ഉത്തരവാദിത്തം ആര്‍ബിഐക്കുണ്ട്, എന്നാല്‍ ഏറ്റവും ഒടുവില്‍ തീരുമാനമെടുക്കുകയെന്നത് കേന്ദ്ര ബാങ്കിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരും ആര്‍ബിഐയും പരസ്പര ബഹുമാനത്തോടെ പെരുമാറിയാല്‍ തീര്‍ക്കാവുന്ന പ്രശ്‌നമേ ഇരുകൂട്ടര്‍ക്കുമിടയിലുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുപക്ഷവും പരസ്പരം ചിന്തകളും ലക്ഷ്യങ്ങളും പങ്കുവെക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശകളും നിര്‍ദേശങ്ങളും കേട്ടതിനു ശേഷം ആര്‍ബിഐക്ക് സാധ്യമാകുന്ന കാര്യങ്ങള്‍ വ്യക്തമാക്കാനാകുമന്ന് രഘുറാം രാജന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം, റിസര്‍വ് ബാങ്കിനെ സീറ്റ് ബെല്‍റ്റിനോട് രഘുറാം രാജന്‍ ഉപമിച്ചിരുന്നു. ആര്‍ബിഐ സര്‍ക്കാരിന്റെ സീറ്റ് ബെല്‍റ്റ് പോലെയാണ്. അതില്ലാതിരുന്നാല്‍ അപകടമുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കുമായുള്ള പ്രശ്‌നങ്ങള്‍ ഒട്ടും ആശാസ്യമല്ല. ഒരു ഗവര്‍ണറെയോ ഡെപ്യൂട്ടി ഗവര്‍ണറെയോ നിയമിച്ചു കഴിഞ്ഞാല്‍ അവര്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത സര്‍ക്കാരിനുമുണ്ടെന്ന് രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Top Stories
Tags: RBI

Related Articles