ഉപഭോക്തൃശൃംഖല മെച്ചപ്പെടുത്തുന്ന ഓഫര്‍ തന്ത്രങ്ങള്‍

ഉപഭോക്തൃശൃംഖല മെച്ചപ്പെടുത്തുന്ന ഓഫര്‍ തന്ത്രങ്ങള്‍

വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുമുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഓഫറുകള്‍. ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗിന് സമൂഹമാധ്യമങ്ങള്‍ തെരഞ്ഞെടുത്തതോടെ ഓഫറുകള്‍ക്ക് മുമ്പത്തേക്കാളും ആകര്‍ഷണീയത വര്‍ധിച്ചിട്ടുണ്ട്. കച്ചവടം മെച്ചപ്പെടുത്തുന്നതില്‍ ഓഫറുകള്‍ വഹിക്കുന്ന പങ്കും ചെറുതല്ല

ഉല്‍പ്പന്നം എന്തുമാകട്ടെ, ഓഫര്‍ എന്ന വാക്ക് കേട്ടാല്‍ ആരുമൊന്നു നോക്കും. അതാണ് ആ വാക്കിന്റെ ശക്തി. ഓഫറിന്റെ തോത് അനുസരിച്ച് നമുക്ക് ആവശ്യമോ അത്യാവശ്യമോ അല്ലാത്ത ഉല്‍പ്പന്നം പോലും നമ്മളെ കൊണ്ടു വാങ്ങിപ്പിക്കാന്‍ ഔഫറുകള്‍ക്കു കഴിയും. വിലക്കുറവ് എവിടെയുണ്ടോ അവിടെ തിരക്കുണ്ടാകും. ചിലപ്പോള്‍ ഉല്‍പ്പന്നത്തിന്റെ ഗുണമേന്‍മ പോലും പലരും നോക്കാറില്ല എന്നതാണ് വാസ്തവം.

വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുമുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഓഫറുകള്‍. ഓഫറുകള്‍ നല്‍കുമ്പോള്‍ കച്ചവടക്കാര്‍ക്ക് നിരവധി പ്രയോജനങ്ങളുണ്ടാകുന്നുണ്ട്. ഉപഭോക്താക്കളുമായി ഒരു മികച്ച ബന്ധം ഊട്ടിയുറപ്പിക്കുന്നതു മുതല്‍ മികച്ച ആശയങ്ങള്‍ മെനയാനും വില്‍പ്പന കൂട്ടാനുമെല്ലാം ഓഫറുകള്‍ വഴി കഴിയും.

ചെറു കാലയളവിലെ ഓഫറുകള്‍ കച്ചവടം വര്‍ധിപ്പിക്കും

പലപ്പോഴും ഓഫറുകള്‍ നല്‍കുന്ന കാലയളവ് വളരെ പരിമിതമായിരിക്കും. കച്ചവടക്കാരെ സംബന്ധിച്ച് അതുതന്നെയാണ് ഓഫര്‍ നല്‍കുന്നതു കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനവും. സമൂഹ മാധ്യമങ്ങള്‍ വഴി മാര്‍ക്കറ്റിംഗ്, പ്രൊമോഷന്‍ എന്നിവ തുടങ്ങിയതോടെ ഓഫറുകളുടെ ആകര്‍ഷണീയത പതിവിലും വര്‍ധിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. സമൂഹ മാധ്യമങ്ങളില്‍ ഓഫര്‍ നല്‍കിക്കൊണ്ടുള്ള പരസ്യങ്ങള്‍ നല്‍കുമ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമാകത്തക്കവണ്ണം നല്‍കണം എന്നതാണ് പ്രധാനം.

പുതിയ ആശയങ്ങള്‍ക്കുള്ള അവസരം

ഓഫറുകള്‍ നല്‍കുമ്പോള്‍ പുത്തന്‍ ആശയങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരം കൂടിയാണ് ഉണ്ടാകുക. വില്‍പ്പന എപ്പോള്‍ ഏതു തരത്തില്‍ വര്‍ധിപ്പിക്കണം എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതയോടെയാവണം ആശയങ്ങള്‍ രൂപപ്പെടുത്താന്‍. കച്ചവടത്തില്‍ സ്ഥായിയായ മാറ്റം വരുത്താനും ഓഫറുകള്‍ സഹായിക്കും.

പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ പിന്തുണ

ഒരു പ്രത്യേക വിഭാഗത്തിലുള്ള ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചരണ പരിപാടികള്‍ ഉപഭോക്താക്കളുമായി മികച്ച രീതിയിലുള്ള ബന്ധം സ്ഥാപിക്കാന്‍ സഹായിക്കും. ഓഫറുകള്‍ ആകര്‍ഷണീയമാക്കാന്‍ ഉപഭോക്താക്കളെ കുറിച്ച് വ്യക്തമായ ധാരണയോടുകൂടിയുള്ള സമീപനം ആവശ്യമാണ്. അവരുടെ ആവശ്യങ്ങളും കാഴ്ചപ്പാടും മനസിലാക്കിയാകണം ഓഫറുകള്‍ തയാറാക്കേണ്ടത്. ഉപഭോക്താക്കളുമായി ദീര്‍ഘകാലത്തേക്കുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓഫറുകള്‍ നല്‍കുന്നത് എന്ന വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

ടാര്‍ഗറ്റ് മെച്ചപ്പെടുത്താന്‍

എല്ലാ ബിസിനസിനും ആഴ്ചകളില്‍, മാസത്തില്‍, മൂന്നു മാസം കൂടുമ്പോള്‍ പൂര്‍ത്തിയാക്കേണ്ട കൃത്യമായ ടാര്‍ഗറ്റുകളുണ്ടാകും. ഇത്തരം ടാര്‍ഗറ്റുകള്‍ മെച്ചപ്പെടുത്താന്‍ ഓഫര്‍ നല്‍കുന്നതിലൂടെ സാധിക്കും.

പണം സമ്പാദിക്കാന്‍ അവസരം

പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ പണം വില്‍പ്പനയിലൂടെ നേടാനാകും എന്നതാണ് ഓഫറുകള്‍ കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം. ലാഭം മാത്രം ഉദ്ദേശിച്ചല്ല ഓഫറുകള്‍, നഷ്ടം വരുത്താതിരിക്കാനും കൂടിയുള്ള മാര്‍ഗമാണ്. ചുരുങ്ങിയ കാലം കൊണ്ടു ഓഫര്‍ വില്‍പ്പനയിലൂടെ പണം സമ്പാദിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.

Comments

comments

Categories: Top Stories