പൊതുമേഖലാ ബാങ്കുകള്‍ക്ക് വേണ്ടത് 1.2 ട്രില്യണ്‍ മൂലധനം

പൊതുമേഖലാ ബാങ്കുകള്‍ക്ക് വേണ്ടത് 1.2 ട്രില്യണ്‍ മൂലധനം

അഞ്ച് മാസത്തിനകം തുക ലഭ്യമാക്കേണ്ടി വരുമെന്ന് ക്രിസില്‍; സര്‍ക്കാര്‍ തന്നെ കനിയേണ്ടി വരും

ന്യൂഡെല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് അടുത്ത അഞ്ചു മാസങ്ങളില്‍ 1.2 ട്രില്യണ്‍ മൂലധനം അടിയന്തിരമായി ആവശ്യമാണെന്ന് വ്യക്തമാക്കി റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ട്. നിഷ്‌ക്രിയാസ്തി ബാധ്യത കാരണം നടുവൊടിഞ്ഞ ബാങ്കുകളുടെ വിപണി മൂല്യം ദുര്‍ബലമായ സാഹചര്യത്തില്‍ ഇതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ തന്നെ വഹിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ 53,000 കോടി രൂപയുടെ മൂലധന ഉള്‍ച്ചേര്‍ക്കലിനേക്കാള്‍ ഇരട്ടിയിലധികം തുകയാണ് ബാങ്കുകള്‍ക്കാവശ്യമെന്ന് ക്രിസിലിലെ മുതിര്‍ന്ന ഡയറക്റ്റര്‍ കൃഷ്ണന്‍ സീതാറാം വ്യക്തമാക്കി.

മൂലധന ആവശ്യകത നിറവേറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍, നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ധനകാര്യ കണക്കുകളില്‍ സമ്മര്‍ദ്ദം വര്‍ധിക്കും. 3.3 ശതമാനം ധനക്കമ്മിയെന്ന ലക്ഷ്യം കൈവരിക്കുന്നതിനും ഇത് വിഘാതമായേക്കും. ഒക്‌റ്റോബര്‍ അവസാന വാരത്തിലെ കണക്കുകള്‍ പ്രകാരം ധനകമ്മി ലക്ഷ്യത്തിന്റെ അഥവാ വിപണി വായ്പകളുടെ 95 ശതമാനവും നിലവില്‍ത്തന്നെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.

ആഗോള തലത്തില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന രീതികള്‍ അവലംബിച്ചുകൊണ്ട് മൂലധന ആവശ്യകത കുറയ്ക്കാന്‍ ആര്‍ബിഐയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിറവേറ്റാന്‍ കേന്ദ്ര ബാങ്കിന് താല്‍പര്യമില്ല. ഇതുകൂടാതെ കരുതല്‍ധനമായ 9.59 ലക്ഷം കോടി രൂപയില്‍നിന്ന് 3.6 ലക്ഷം കോടി രൂപ കൈമാറണമെന്ന ധനമന്ത്രാലയത്തിന്റെ ആവശ്യവും ആര്‍ബിഐ നിരാകരിച്ചു. പൊതുമേഖലാ ബാങ്കുകളെ പുനര്‍മൂലധനവല്‍ക്കരിക്കാനാണ് ഈ തുക ആവശ്യപ്പെട്ടത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബേസല്‍-III മാനദണ്ഡങ്ങള്‍ നിറവേറ്റാനുള്ള 1.2 ട്രില്യണ്‍ മൂലധന ആവശ്യം 2017 ഒക്‌റ്റോബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയേക്കാള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2017 ഒക്‌റ്റോബര്‍ മുതല്‍ ഇതുവരെ 1.12 ട്രില്യണ്‍ മാത്രമേ ഈ ബാങ്കുകളില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ളുവെന്നും ഇതില്‍ 12,000 കോടി രൂപ മാത്രമാണ് വിപണിയില്‍ നിന്ന് സമാഹരിച്ചിട്ടുള്ളെതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

നിഷ്‌ക്രിയാസ്തികളുടെ അടിസ്ഥാനത്തില്‍ ആര്‍ബിഐയുടെ പ്രോംറ്റ് കറക്റ്റീവ് ആക്ഷന്‍ (പിസിഎ) ചട്ടക്കൂടിന് കീഴില്‍ വരുന്ന ബാങ്കുകളിലാണ് ഭൂരിഭാഗം മൂലധനവും ഉള്‍ച്ചേര്‍ക്കേണ്ടത്. ”ദുര്‍ബലമായ പ്രകടനവും കുറഞ്ഞ മൂല്യവുമുള്ള പൊതുമേഖലാ ബാങ്കുകള്‍ക്ക് വിപണിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ശേഷി കുറവായിരിക്കും. അതായത്, മൂലധന ആവശ്യകതയുടെ ഭൂരിഭാഗവും സര്‍ക്കാര്‍ നിറവേറ്റേണ്ടി വരും,” സീതാറാം വിശദമാക്കി. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി സര്‍ക്കാര്‍ ഉള്‍ച്ചേര്‍ത്ത 1.5 ട്രില്യണ്‍ രൂപ 1.3 ട്രില്യണോളം വരുന്ന, ഇതേ കാലയളവിലെ തങ്ങളുടെ നഷ്ടം നികത്താന്‍ മാത്രമേ ബാങ്കുകളെ സഹായിച്ചിട്ടുള്ളെന്ന് സീതാറാം കൂട്ടിച്ചേര്‍ത്തു.

സമ്മര്‍ദിത ആസ്തികളെ തിരിച്ചറിയുന്നതിനും അവയുടെ പ്രശ്‌ന പരിഹാരത്തിനുമായുള്ള മാനദണ്ഡങ്ങള്‍ ആര്‍ബിഐ കര്‍ശനമാക്കിയത് വഴിയുണ്ടായ ഉയര്‍ന്ന വായ്പാ നഷ്ടം പൊതുമേഖലാ ബാങ്കുകളുടെ ലാഭ സാധ്യത അപകടത്തിലാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 21 പൊതുമേഖലാ ബാങ്കുകളില്‍ മിക്കതും കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇവയില്‍ നിരവധി ബാങ്കുകള്‍ ഈ വര്‍ഷവും അപകട സാധ്യതയില്‍ തന്നെയാണ്. മൂലധന സമ്മര്‍ദ്ദത്തിന് ഇതും കാരണമായിട്ടുണ്ട്.

Comments

comments

Categories: Banking