ഫാഷന്‍ വസ്ത്രവ്യാപാര രംഗത്ത് മെഷീന്‍ ലേണിംഗ്

ഫാഷന്‍ വസ്ത്രവ്യാപാര രംഗത്ത് മെഷീന്‍ ലേണിംഗ്

പ്രായം അമ്പതുകളില്‍ നില്‍ക്കുമ്പോള്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിലേക്കും തുടര്‍ന്ന് സംരംഭകരംഗത്തേക്ക് കടന്നുവന്ന വനിതയാണ് സ്വാതി പദ്മരാജ്. അറ്റിസ് ഫാഷന്‍ ഹൗസ് എന്ന പേരില്‍ അവര്‍ തുടങ്ങിയ സംരംഭം സ്റ്റൈല്‍- അറ്റ്- ഇസ് എന്ന മെഷീന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമിലാണ് ഉപഭോക്താക്കളും റീട്ടെയ്‌ലര്‍മാരും തമ്മിലുള്ള ഇടപാടുകള്‍ സജീവമാക്കുന്നത്.

ഫാഷന്‍ വസ്ത്രരംഗത്ത് നൂതന സാങ്കേതിക വിദ്യയായ മെഷീന്‍ ലേണിംഗ് സാധ്യതകള്‍ ആവിഷ്‌കരിച്ചാണ് സ്വാതി പദ്മരാജ് സംരംഭക രംഗത്ത് വിജയം കൊയ്യുന്നത്. ചെറുപ്പത്തില്‍ ബിസിനസ് രംഗത്തേക്ക് എത്തി വിപണി പിടിച്ച വനിതയല്ല ഇവര്‍, മറിച്ച് പ്രായം അമ്പതുകളില്‍ നില്‍ക്കുമ്പോഴാണ് ഈ വനിതയുടെ കടന്നുവരവ്. മേഖലയിലേക്ക് എത്തിപ്പെടാന്‍ അല്‍പം താമസിച്ചെങ്കിലും ചുരുങ്ങിയ കാലയളവില്‍ സംരംഭകരംഗത്ത് പിടിമുറുക്കാന്‍ അനായാസം കഴിഞ്ഞിരിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട സവിശേഷത.

അറ്റിസ് ഫാഷന്‍ ഹൗസ് എന്ന പേരില്‍ പദ്മ തുടങ്ങിയ സംരംഭം സ്റ്റൈല്‍- അറ്റ്- ഇസ് എന്ന മെഷീന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമിലാണ് ഫാഷന്‍ വസ്ത്ര വ്യാപാര രംഗത്ത് ഉപഭോക്താക്കളും റീട്ടെയ്‌ലര്‍മാരും തമ്മിലുള്ള ഇടപാടുകള്‍ സജീവമാക്കുന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന് ഇണങ്ങിയ വിധത്തിലുള്ള ഫാഷന്‍ വസ്ത്രധാരണരീതിയെ പ്രോല്‍സാഹിപ്പിക്കുന്ന സ്വാതി കോട്ടണ്‍ വസ്ത്രങ്ങളേക്കാള്‍ കൂടുതല്‍ പോളിസ്റ്റര്‍ വസ്ത്രങ്ങളാണ് തന്റെ ഡിസൈനുകള്‍ക്കുവേണ്ടി തെരഞ്ഞെടുക്കാറുള്ളത്. പരിസ്ഥിതിക്ക് അനുയോജ്യമായി റീസൈക്കിള്‍ ചെയ്യാനാവുന്നവയാണ് പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ എന്നതാണ് ഈ സംരംഭക ഈ വസ്ത്രവിഭാഗത്തിലേക്ക് കൂടുതലായി ശ്രദ്ധ പതിപ്പിക്കാന്‍ കാരണം. ഇന്ത്യക്കാര്‍ക്ക് കോട്ടണ്‍ വസ്ത്രങ്ങളോടാണ് താല്‍പര്യമെങ്കിലും അതിനാവശ്യമായ പരുത്തിച്ചെടി കൃഷിയില്‍ വ്യാപകമായ കീടനാശിനിപ്രയോഗം പരിസ്ഥിതിക്ക് ഹാനികരമാകുന്നതിനാല്‍ കോട്ടണ്‍ ഡിസൈനുകള്‍ ഈ സംരംഭക ഏറ്റെടുക്കാറുമില്ല.

ചെറുപ്പം മുതല്‍ കൊതിച്ച ഫാഷന്‍ മേഖല

തീരെ ചെറുപ്പം മുതല്‍ സ്വാതിക്ക് ഫാഷന്‍ ഡിസൈനിംഗ് ഏറെ താല്‍പ്പര്യമുള്ള വിഷയങ്ങളിലൊന്നായിരുന്നു. എന്നാല്‍ കെമിസ്ട്രിയിലാണ് അവര്‍ ബിരുദം നേടിയത്. പിന്നീട് വിവാഹശേഷം വീട്ടമ്മയായും അമ്മയായും വീട്ടില്‍ ഒതുങ്ങി. സാധാരണഗതിയില്‍ 25 വര്‍ഷത്തിനു ശേഷം കുട്ടികള്‍ കോളെജില്‍ പോയി തുടങ്ങിയപ്പോഴേക്കും മിക്കവരും റിട്ടയര്‍മെന്റ് എടുത്ത് ശിഷ്ടകാലം വീട്ടിലേക്ക് ഒതുക്കുന്നതാണ് പതിവ്. സ്വാതിയുടെ കാര്യത്തില്‍ മറിച്ചായിരുന്നു സംഭവ വികാസങ്ങള്‍. റിട്ടയര്‍മെന്റ് ലൈഫിന്റെ തുടക്കക്കാലത്ത് സീറ്റില്‍ സര്‍വകലാശാലയില്‍ ബിസിനസ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് ചേര്‍ന്നുകൊണ്ടാണ് അവര്‍ വ്യത്യസ്തയായത്. ഭര്‍ത്താവിനൊപ്പം വാഷിംഗ്ടണില്‍ സ്ഥിര താമസമാക്കിയ അവര്‍ പ്രായം അമ്പതുകളില്‍ എത്തിനില്‍ക്കുമ്പോള്‍ സംരംഭക രംഗത്തേക്കിറങ്ങി. 2015ല്‍ അറ്റിസ് ഫാഷന്‍ ഹൗസ് എന്ന പേരില്‍ സംരംഭം തുടങ്ങിയതോടെ സ്വാതിയുടെ ഡിസൈനിംഗ് കഴിവുകള്‍ ലോകം തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു.

33 വര്‍ഷം മുമ്പ് കെമിസ്ട്രിയില്‍ എടുത്ത ബിരുദം അക്ഷരാര്‍ത്ഥത്തില്‍ ഫാഷന്‍ ഡിസൈനിംഗ് മേഖലയ്ക്ക് കൂടുതല്‍ മുതല്‍ക്കൂട്ടായതായി സ്വാതി ചൂണ്ടിക്കാണിക്കുന്നു. ” കെമിസ്ട്രിയും ഫാഷന്‍ ഡിസൈനിംഗും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. പരിസ്ഥിതിക്ക് അനുയോജ്യമായ ഫാബ്രിക്‌സുകള്‍ വസ്ത്രങ്ങള്‍ക്കായി തെരഞ്ഞെടുക്കാന്‍ കെമിസ്ട്രിയിലെ ബിരുദം ഏറെ സഹായിച്ചിട്ടുണ്ട്. കൂടാതെ ഡിജിറ്റല്‍ പ്രിന്റിംഗില്‍ ഉപയോഗിക്കേണ്ടി വരുന്ന വിവിധതരം മഷികളെ കുറിച്ച് അറിയാനും അവ എത്രത്തോളം പരിസ്ഥിതി സൗഹാര്‍ദമാണെന്നു തിരിച്ചറിയാനും സഹായിച്ചു. കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന തുണിത്തരങ്ങള്‍ തെരഞ്ഞെടുക്കാനും ഈ ബിരുദ പശ്ചാത്തലം പ്രയോജനകരമായി.

വസ്ത്രവ്യാപാര രംഗത്ത് മെഷീന്‍ ലേണിംഗ്

ഒരു വ്യക്തിയുടെ ശാരീരിക ഗുണവിശേഷങ്ങള്‍ മനസിലാക്കി അവര്‍ക്കിണങ്ങുന്ന ഫാഷന്‍ തുണിത്തരങ്ങള്‍ നിര്‍ദേശിക്കുകയാണ് സ്റ്റൈല്‍-അറ്റ്-ഇസിലെ മെഷീന്‍ ലേണിംഗ് പ്ലാറ്റ്‌ഫോം. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവര്‍ക്കിണങ്ങുന്ന തുണിത്തരങ്ങള്‍ തെരഞ്ഞെടുത്ത് ഷോപ്പിംഗ് അനുഭവം എളുപ്പമാക്കാനാകുമെന്നതാണ് പ്രധാന സവിശേഷത. ഉപഭോക്താക്കള്‍ ലോഗിന്‍ ചെയ്ത് അവരുടെ ശാരീരിക സവിശേഷതകളും ലക്ഷണങ്ങളും നല്‍കിയാല്‍ പ്ലാറ്റ്‌ഫോം തന്നെ അനുയോജ്യമായി റീട്ടെയ്‌ലറെ കണ്ടത്തി വ്യത്യസ്ത സ്റ്റൈലിലുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ നിര്‍ദേശിച്ചു തുടങ്ങും. റീട്ടെയ്ല്‍ കമ്പനിയെ സമീപിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കണക്കിലെടുത്താണ് കമ്പനി അവരില്‍ നിരക്ക് ചുമത്തുന്നത്.

ഉപഭോക്താക്കളുടെ വരുമാനം കണക്കിലെടുത്തുള്ള വസ്ത്രങ്ങള്‍ എന്നതിനേക്കാള്‍ ഉപരി അവരെ ദിവസവും എത്രത്തോളം ഫാഷനബിള്‍ ആക്കാം എന്നതിനാണ് ഈ സംരംഭക ഊന്നല്‍ നല്‍കി വരുന്നത്. ബി2സി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ അധിഷ്ഠിത സേവനവും ഇവര്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സീറ്റിലില്‍ തുടക്കമിട്ട ആപ്ലിക്കേഷന്‍ അടുത്തവര്‍ഷം ജനുവരിയില്‍ ഇന്ത്യയിലും അവതരിപ്പിക്കും. അറ്റിസ് ഫാഷന്‍ ടീമും സ്റ്റൈല്‍-അറ്റ്-ഇസ് മാര്‍ക്കറ്റിംഗ് ടീമും സീറ്റിലിലും ബെംഗളൂരുവിലും പ്രവര്‍ത്തിക്കുന്നുണ്ട്.

വൈകിയെത്തിയ സംരംഭകത്വം

ഇന്ത്യയില്‍ എഴുപതുകളിലും എണ്‍പതുകളിലും ഫാഷന്‍ രംഗത്തേക്കൊരു കരിയര്‍ ബൃഹത്തായ രീതിയില്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിഞ്ഞിരുന്നില്ലെന്നാണ് സ്വാതിയുടെ അഭിപ്രായം. ” 1984ല്‍ ഞാന്‍ ഇന്ത്യയിലായിരുന്നു. മികച്ച കരിയര്‍ തുടങ്ങാനുള്ള പ്രായമായിരുന്നു അപ്പോള്‍. എന്നാല്‍ വിധി മറ്റൊന്നാണ് കരുതിവെച്ചത്. 2011 യുഎസ്എയില്‍ 50 പ്രായങ്ങളിലും പോലും പുതിയൊരു കരിയര്‍ കെട്ടിപ്പടുക്കാം. അതിനുള്ള സാചര്യം അവിടെയുണ്ട്,” സ്വാതി പറയുന്നു. ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിനു ശേഷം ലോകത്ത് നിരവധി ഇടങ്ങളിലെ ഡിസൈനുകള്‍ പരിചയപ്പെട്ടും വിവിധ ഫാഷന്‍ ഷോകളില്‍ പങ്കെടുത്തുമാണ് സംരംഭകതത്ിനു വേണ്ട ഡിസൈനുകള്‍ക്ക് സ്വാതി സ്വായത്തമാക്കിയത്.

Comments

comments

Categories: FK Special, Slider