4,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ട് ജ്യോതി ലബോറട്ടറീസ്

4,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ട് ജ്യോതി ലബോറട്ടറീസ്

കൂടുതല്‍ ഏറ്റെടുക്കലുകള്‍ ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി

ന്യൂഡെല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വിറ്റുവരവ് ഇരട്ടിയിലധികമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ആഭ്യന്തര എഫ്എംസിജി കമ്പനിയായ ജ്യോതി ലബോറട്ടറീസ്. ഏറ്റെടുക്കലുകളിലൂടെയും നൈസര്‍ഗികമായ വളര്‍ച്ചയിലൂടെയും മൂന്ന് വര്‍ഷത്തിനുള്ളില്‍ വിറ്റുവരവ് 4,000 കോടി രൂപയിലെത്തിക്കാനാണ് ജ്യോതി ലബോറട്ടറീസ് ലക്ഷ്യമിടുന്നത്.
എഫ്എംസിജി വിഭാഗത്തിലെ ആയുര്‍വേദ തരംഗം കമ്പനിയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നും മാര്‍ഗോ പോലുള്ള ബ്രാന്‍ഡുകള്‍ ഇതിന് സഹായിക്കുമെന്നും കമ്പനി പറയുന്നു. വേപ്പിലയുടെ ഗുണങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഉല്‍പ്പന്നങ്ങളാണ് മാര്‍ഗോ ബ്രാന്‍ഡില്‍ ജ്യോതി ലബോറട്ടറീസ് പുറത്തിറക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ വില്‍പ്പനയില്‍ വളരെ വേഗത്തിലുള്ള വളര്‍ച്ചയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്യോതി ലബോറട്ടറീസ് രേഖപ്പെടുത്തുന്നത്. ഓരോ പാദത്തിലും ഓരോ പുതിയ ഉല്‍പ്പന്നം തങ്ങള്‍ തുടര്‍ന്നും പുറത്തിറക്കുമെന്നും ജ്യോതി ലബോറട്ടറീസ് ജോയ്ന്റ് മാനേജിംഗ് ഡയറക്റ്റര്‍ ഉല്ലാസ് കമ്മത്ത്് പറഞ്ഞു.
വിറ്റുവരവ് ഇരട്ടിയിലധികമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. 12 മുതല്‍ 14 ശതമാനം വരെ വളര്‍ച്ച സ്വാഭാവികമായി കമ്പനിക്ക് ലഭിക്കും ബാക്കിയുള്ളവ ഏറ്റെടുക്കലിലൂടെയും പുതിയ നിക്ഷേപങ്ങളിലൂടെയുമാണ് സാധ്യമാക്കുക. 2017-18 സാമ്പത്തികവര്‍ഷത്തില്‍ 1,717.62 കോടി രൂപയുടെ വരുമാനമാണ് ജ്യോതി ലബോറട്ടറീസ് നേടിയത്. ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 432.36 കോടി രൂപയാണ് രേഖപ്പെടുത്തിയത്. 13.5 ശതമാനം എന്ന ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ കമ്പനിക്കുള്ളതെന്നും കമ്മത്ത് അറിയിച്ചു.
പ്രമുഖ എഫ്എംസിജി കമ്പനിയായ ഹെന്‍കെല്‍ ഏറ്റെടുത്ത് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിച്ചതോടെ ഏറ്റെടുക്കലുകള്‍ക്കും അത് വിജയിപ്പിക്കാനുള്ള ശേഷി കമ്പനി തെളിയിച്ചിട്ടുണ്ടെന്നും കമ്മത്ത് പറഞ്ഞു. കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്കായുള്ള അവസരങ്ങള്‍ കമ്പനി തേടിക്കൊണ്ടിരിക്കുകയാണ്.
ഹെറിറ്റേജ് ബ്രാന്‍ഡായ മാര്‍ഗോ ഫെയ്‌സ്‌വാഷ്, ഹാന്‍ഡ്‌വാഷ് വിഭാഗങ്ങളില്‍ കൂടി വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ട്. വിവിധ ഉല്‍പ്പന്നങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ്. അടുത്ത വര്‍ഷമാകുമ്പോഴേക്കും വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങളെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy