ഇന്റര്‍നെറ്റിന് ‘മാഗ്‌ന കാര്‍ട്ട’

ഇന്റര്‍നെറ്റിന് ‘മാഗ്‌ന കാര്‍ട്ട’

1989-ലാണ് വേള്‍ഡ് വൈഡ് വെബ് കണ്ടുപിടിച്ചത്. രൂപം കൊണ്ട് മൂന്ന് പതിറ്റാണ്ടിലെത്തുമ്പോള്‍ ഇന്ന് വേള്‍ഡ് വൈഡ് വെബ്ബ് ഒരു നിര്‍ണായക ഘട്ടത്തിലാണെന്ന് അതിന്റെ സ്ഥാപകനായ ടിം ബെര്‍ണേഴ്‌സ് ലീ പറയുന്നു. കോണ്‍ട്രാക്റ്റ് ഫോര്‍ ദി വെബ്ബ് എന്ന പുതിയ ആശയത്തിലൂടെ വേള്‍ഡ് വൈഡ് വെബ്ബിനെ പുതിയ തലത്തിലെത്തിക്കാനുള്ള ശ്രമത്തിലാണു ബെര്‍ണേഴ്‌സ് ലീ. പോര്‍ച്ചുഗലില്‍ നടന്ന വെബ് സമ്മിറ്റില്‍ അദ്ദേഹം തന്റെ പുതിയ ആശയം അവതരിപ്പിക്കുകയുണ്ടായി. ആശയം നടപ്പില്‍ വരുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

 

1215-ല്‍ രചിക്കപ്പെട്ട ഒരു നിയമസംഹിതയാണു മാഗ്‌ന കാര്‍ട്ട. സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി എന്നാണു മാഗ്‌ന കാര്‍ട്ടയെ വിശേഷിപ്പിക്കുന്നത്. ഇന്ന് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളെ, ഭരണഘടനയിലധിഷ്ഠിതമായ സര്‍ക്കാര്‍ സംവിധാനത്തിലേക്കു നയിച്ചത് മാഗ്‌ന കാര്‍ട്ടയാണെന്നു വിശ്വസിക്കുന്നുമുണ്ട്. ടെക്‌നോളജി ലോകത്തും മാഗ്‌ന കാര്‍ട്ട രചിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വേള്‍ഡ് വൈഡ് വെബ്ബിനായുള്ള (www) മാഗ്‌ന കാര്‍ട്ട എന്നു വിശേഷിപ്പിക്കുന്ന ഉടമ്പടിക്ക് രൂപം നല്‍കുന്നത് 63-കാരനായ ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ടിം ബെര്‍ണേഴ്‌സ് ലീയാണ്. വെബ്ബിനായുള്ള കരാര്‍ (contract for the web) എന്നാണ് ഉടമ്പടിക്കു പേരിട്ടിരിക്കുന്നത്. 2019 മേയ് മാസത്തോടെ ഉടമ്പടിക്കു പൂര്‍ണ രൂപം കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റര്‍നെറ്റില്‍ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുകയെന്നതാണ് ഉടമ്പടിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ നടന്ന വെബ് സമ്മിറ്റില്‍ (വെബ് ഉച്ചകോടി) പങ്കെടുക്കവേ, ദുരുപയോഗം, വിവേചനം, രാഷ്ട്രീയ ഇടപെടല്‍, ഓണ്‍ലൈന്‍ ലോകത്തെ ബാധിക്കുന്ന മറ്റ് ഭീഷണികള്‍ എന്നിവയുടെ ദോഷ ഫലങ്ങളില്‍നിന്നും വെബ്ബിനെ സംരക്ഷിക്കേണ്ടതുണ്ടെന്നു ടിം ബെര്‍ണേഴ്‌സ് ലീ സൂചിപ്പിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കോണ്‍ട്രാക്റ്റ് ഫോര്‍ ദി വെബ് എന്ന ഉടമ്പടിക്ക് രൂപം നല്‍കുന്നത്. ഇപ്പോള്‍ ഫേസ്ബുക്കും, ഗൂഗിളും ഉള്‍പ്പെടെ 50-ാളം സംഘടനകള്‍ ഉടമ്പടിയില്‍ ഒപ്പുവച്ചു കഴിഞ്ഞു. യുകെയുടെ മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണും ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്. ഉടമ്പടി നടപ്പിലാക്കുന്നതിനു മുന്‍പ് ഫോര്‍ ദി വെബ് (#ForTheWeb) എന്ന പേരില്‍ ആഗോള പ്രചാരണത്തിനു തുടക്കമിടാനുള്ള വേദിയായി ബെര്‍ണേഴ്‌സ് ലീ ലിസ്ബണ്‍ സമ്മിറ്റിനെ മാറ്റുകയും ചെയ്തു. ലോകത്തിലെ വിവിധ ഭരണകൂടങ്ങളോടും, കമ്പനികളോടും, വ്യക്തികളോടും പ്രചാരണത്തെ പിന്തുണയ്ക്കണമെന്നു ബെര്‍ണേഴ്‌സ് ലീ അഭ്യര്‍ഥിച്ചു. ബെര്‍ണേഴ്‌സ് ലീയുടെ ഉടമസ്ഥതയിലുള്ള വേള്‍ഡ് വൈഡ് വെബ് ഫൗണ്ടേഷനാണ് പ്രചാരണത്തിനു നേതൃത്വം നല്‍കുന്നത്.

വേള്‍ഡ് വൈഡ് വെബ് ഒരു നിര്‍ണായക ഘട്ടത്തിലാണെന്നു ഉച്ചകോടിയില്‍ പങ്കെടുക്കവേ ബെര്‍ണേഴ്‌സ് ലീ പറഞ്ഞു.’ലോകജനസംഖ്യയുടെ പകുതിയിലധികം ജനങ്ങളും (ഏകദേശം 370 കോടി) ഓഫ് ലൈനിലാണ് (offline). ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കുന്ന പുതിയ ആളുകള്‍ക്ക്, ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രക്രിയ മന്ദഗതിയിലുമാണ്. ഇപ്പോള്‍ ഓണ്‍ലൈനിലുള്ളവര്‍ക്കാകട്ടെ, അവരുടെ അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും ഭീഷണി നേരിടുന്നതായും കാണപ്പെടുന്നുണ്ടെന്നും ‘ അദ്ദേഹം പറഞ്ഞു.
ഫോര്‍ ദി വെബ്ബ് (#ForTheWeb) എന്ന ക്യാംപെയ്‌നിലൂടെ നടപ്പിലാക്കുന്ന കോണ്‍ട്രാക്റ്റ് ഫോര്‍ ദി വെബ്ബ് (contract for the web) എന്ന ഉടമ്പടിയുടെ വിജയത്തിന്റെ അളവ് കണക്കാക്കാന്‍ ബുദ്ധിമുട്ടാണെന്നു ബെര്‍ണേഴ്‌സ് ലീ സമ്മതിക്കുന്നുണ്ടെങ്കിലും ഭരണകൂടങ്ങള്‍, ബോര്‍ഡ് റൂം (ഉന്നത ഉദ്യോഗസ്ഥര്‍ കൂടിയാലോചനകള്‍ക്കായി സമ്മേളിക്കുന്ന മുറി) എന്നിവിടങ്ങളില്‍ ഒരു ചര്‍ച്ചയ്ക്കു തുടക്കമിടാന്‍ പ്രചാരണത്തിലൂടെ സാധിക്കുമെന്നാണു ബെര്‍ണേഴ്‌സ് ലീ പ്രതീക്ഷിക്കുന്നത്. ശക്തമായ സ്വാധീനമുള്ളവരെ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുന്നതിന് ജനങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗം നല്‍കുന്നു ഇതെന്നും കരുതുന്നുണ്ട്. ഇവിടെ ശക്തരെന്ന് ഉദ്ദേശിക്കുന്നതു ഫേസ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍ പോലുള്ള വന്‍കിട ടെക് സ്ഥാപനങ്ങളെയാണ്.

1989-ല്‍ ടിം ബെര്‍ണേഴ്‌സ് ലീ വേള്‍ഡ് വൈഡ് വെബ് കണ്ടുപിടിച്ചു. അതിലൂടെ വ്യക്തികള്‍ക്കും, ബിസിനസുകള്‍ക്കും, സമൂഹങ്ങള്‍ക്കും, രാഷ്ട്രങ്ങള്‍ക്കും, ഭൂഖണ്ഡങ്ങള്‍ക്കും അതിരറ്റ വിധം ആശയവിനിമയം നടത്താന്‍ സാധിക്കുന്ന തലത്തിലേക്ക് അദ്ദേഹം ലോകത്തെ നയിച്ചു. എന്നാല്‍ വേള്‍ഡ് വൈഡ് വെബ് കണ്ടുപിടിച്ച് ഏകദേശം മൂന്നു പതിറ്റാണ്ടെത്തുമ്പോള്‍ താന്‍ നേതൃത്വം കൊടുത്ത ടെക്‌നോളജി റവല്യൂഷനു ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടതുണ്ടെന്നു മനസിലാക്കിയിരിക്കുകയാണു ബെര്‍ണേഴ്‌സ് ലീ. 1989-ല്‍ സൃഷ്ടിച്ച ധീരമായ പുതിയ ലോകം (brave new world) അഥവാ ഇന്റര്‍നെറ്റ് അരാജകമായ കാല്‍പനിക ലോകമായി (dystopian) മാറിയോ എന്നും സംശയിക്കുന്നതായും അദ്ദേഹം പറയുന്നു. എല്ലാത്തരം കാര്യങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്നു. ഇന്ന് ഇന്റര്‍നെറ്റില്‍ വ്യാജ വാര്‍ത്തയുണ്ട്, സ്വകാര്യതയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ട്, വ്യക്തിപരമായ ഡാറ്റ മറ്റ് കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിയും വരുന്നു. ഇന്റര്‍നെറ്റിന്റെ ഇന്നത്തെ ഈ അവസ്ഥയില്‍ നിരാശനാണെന്നു ബെര്‍ണേഴ്‌സ് ലീ പറയുന്നു. ഇന്റര്‍നെറ്റിലൂടെ വ്യക്തിഗതമായി ശാക്തീകരിക്കപ്പെടുമെന്ന തോന്നല്‍ ഇല്ലാതായിരിക്കുന്നു. ഒരു പരിധി വരെ ശുഭാപ്തി വിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു-ബെര്‍ണേഴ്‌സ് ലീ പറഞ്ഞു. മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ബെര്‍ണേഴ്‌സ് ലീ കോണ്‍ട്രാക്റ്റ് ഫോര്‍ ദി വെബ്ബ് എന്ന പുതിയ ആശയത്തിന് രൂപം കൊടുക്കുന്നത്. ബ്രിട്ടീഷ് വ്യവസായിയും വിര്‍ജിന്‍ ഗ്രൂപ്പിന്റെ തലവനുമായ റിച്ചാര്‍ഡ് ബ്രാന്‍സന്‍, യുകെയുടെ മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍, ഫ്രഞ്ച് സര്‍ക്കാര്‍, സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്ലൗഡ് ഫെയര്‍ തുടങ്ങിയവര്‍ ബെര്‍ണേഴ്‌സ് ലീക്കു പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.

കോണ്‍ട്രാക്റ്റ് ഫോര്‍ ദി വെബ്ബിലെ പ്രധാന നിര്‍ദേശങ്ങള്‍

ഭരണകൂടങ്ങള്‍

1) എല്ലാവരും ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
2) എല്ലാ സമയത്തും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാണെന്ന് ഉറപ്പാക്കണം.
3) വ്യക്തിക്കുള്ള സ്വകാര്യതയെന്ന മൗലികാവകാശത്തെ മാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അതിലൂടെ ഇന്റര്‍നെറ്റ് സുരക്ഷിതമായും, ഭയമില്ലാതെയും, സ്വതന്ത്രമായും ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും.

കമ്പനികള്‍

1) എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭിക്കുന്നുണ്ടെന്നും, വഹിക്കാവുന്ന ചെലവിലുള്ളതാണെന്നും ഉറപ്പാക്കുക.
2) ഉപഭോക്താവിന്റെ വ്യക്തിഗത, സ്വകാര്യ ഡാറ്റയെ ബഹുമാനിക്കുക.
3) മാനുഷികമുഖമുള്ള, മനുഷ്യത്വമുള്ള ടെക്‌നോളജിയെ പിന്തുണയ്ക്കുക, മോശമായതിനെ അവഗണിക്കുക.

പൗരന്മാര്‍

1) സഹകരണ മനോഭാവം പുലര്‍ത്തുക, സര്‍ഗശേഷി പ്രകടിപ്പിക്കു. സൃഷ്ടിയാവുക.
2) മനുഷ്യന്റെ അന്തസിനെ ബഹുമാനിക്കുന്ന ശക്തമായ കൂട്ടായ്മകള്‍ക്ക് രൂപം കൊടുക്കുക.
3) വെബ്ബിനു വേണ്ടി പോരാളിയാവുക. അങ്ങനെ വെബ് ഒരു തുറന്ന പ്ലാറ്റ്‌ഫോമായി നിലനില്‍ക്കും.

Comments

comments

Categories: Slider, Tech