വികസന പദ്ധതികളുമായി ഇന്നൊവേവ് ഐടി

വികസന പദ്ധതികളുമായി ഇന്നൊവേവ് ഐടി

ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും

മുംബൈ: ഇന്ത്യന്‍ ഇ-ഗവേണന്‍സ് സ്ഥാപനമായ ഇന്നൊവേവ് ഐടി ആഭ്യന്തര, രാജ്യാന്തര വിപണികളില്‍ ബിസിനസ് വികസനത്തിന് തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും മുംബൈ ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് പദ്ധതിയുണ്ട്. നിലവില്‍ 250 കോടി രൂപ കമ്പനിയായ ഇന്നൊവേവ് ഐടി രണ്ടു വര്‍ഷത്തിനുള്ളില്‍ 400 കോടി രൂപയിലേക്കെത്തുമെന്നും ഈ വര്‍ഷം 300 കോടി എന്ന നേട്ടം കൈവരിക്കാനാകുമെന്നും ഇന്നൊവേവ് ഐടി എംഡി ആനന്ദ് രഘുട്ടെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 215 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.

ഒരു വര്‍ഷത്തിനുള്ളില്‍ 1,500 മുതല്‍ 17,000 വരെ ജീവനക്കാരെ നിയമിക്കുമെന്നും ആഭ്യന്തര വിപണിക്കു പുറത്ത് വിദേശത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉഗാണ്ടയില്‍ നിന്നും 25 കോടി രൂപയുടെ വലിയ ഒരു പ്രോജക്റ്റ് കമ്പനി നേടികഴിഞ്ഞു. പ്രോപ്പര്‍ട്ടി മൂല്യനിര്‍ണയ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായുള്ള സാങ്കേതിക സഹായം നല്‍കുന്നതിന് കംപാല കാപ്പിറ്റല്‍ സിറ്റി അതോറിറ്റിയുമായിട്ടാണ് ഇന്നൊവേവ് ഐടി കരാറായിരിക്കുന്നത്. ആരോഗ്യ പരിപാലനം, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ ദുബായ് സര്‍ക്കാരുമായി സഹകരിക്കാനും യുകെ വിപണിയിലേക്ക് ചുവടുവെക്കാനും ആലോചിക്കുന്നതായും എംഡി അറിയിച്ചു.

ഇന്നൊവേവ് ഗ്രൂപ്പിന്റെ കീഴില്‍ 1995 ലാണ് ഇന്നൊവേവ് ഐടി ആരംഭിക്കുന്നത്. ആരംഭകാലം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ 700 ജീവനക്കാരാണുള്ളത്. കൂടാതെ 25,000 ലധികം പേര്‍ക്ക് കരാര്‍ അടിസ്ഥാനത്തിലും കമ്പനി തൊഴില്‍ നല്‍കുന്നുണ്ട്. കമ്പനിയുടെ വരുമാനത്തിന്റെ 74 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ് നേടുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു ലഭിക്കുന്ന ഇ-ഗവേണന്‍സ് പദ്ധതികളും വര്‍ധിച്ചുവരുന്നുണ്ട്. അസം, ഒഡീഷ, യുപി, ബീഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ വലിയ വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അടുത്തിടെ ചേരി പുനരധിവാസ അതോറിറ്റിക്കായി മുംബൈയില്‍ ഒരു രണ്ടാം നിര ഡാറ്റാ സെന്റര്‍ നിര്‍മിക്കുന്നതിനുള്ള പത്ത് കോടി രൂപയുടെ പ്രോജക്റ്റ് ഇന്നൊവേവ് ഐടി സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Business & Economy
Tags: Innowave IT