ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സംരംഭങ്ങള്‍ക്കുള്ള വിദേശ വായ്പാ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചു

ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സംരംഭങ്ങള്‍ക്കുള്ള വിദേശ വായ്പാ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചു

കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ചാണ് ഇസിബി വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയതെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡെല്‍ഹി: അടിസ്ഥാനസൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് വിദേശ വാണിജ്യ വായ്പയെടുക്കുന്നതിനുള്ള (ഇസിബി) മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലഘൂകരിച്ചു. വായ്പാ കാലാവധിയിലും നഷ്ട സാധ്യതകള്‍ കുറയ്ക്കുന്നതിനുള്ള നിര്‍ബന്ധിത നിക്ഷേപ (ഹെഡിജിംഗ്)ത്തില്‍ നിന്നും ഒഴിവാകുന്നതിനുള്ള കാലവാധിയിലും കേന്ദ്ര ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്.
ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനികള്‍ക്ക് വിദേശ വാണിജ്യ വായ്പയെടുക്കുന്നതിനുള്ള കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമായാണ് ആര്‍ബിഐ ചുരുക്കിയിട്ടുള്ളത്. നിര്‍ബന്ധിത നിക്ഷേപത്തില്‍ നിന്നും ഒഴിവാകുന്നതിനുള്ള കാലാവധി പത്ത് വര്‍ഷത്തില്‍ അഞ്ച് വര്‍ഷമായും ആര്‍ബിഐ കുറച്ചു. സര്‍ക്കാരുമായി കൂടിയാലോചിച്ചാണ് ഇസിബി വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നു. സ്വയംഭരണാധികാരവുമായി ബന്ധപ്പെട്ട് ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഒത്തുതീര്‍പ്പാകുന്നതിന്റെ മറ്റൊരു സൂചനയാണിത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി മാനുഫാക്ച്ചറിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) തുടങ്ങിയ വിവിധ മേഖലകളിലെ സംരംഭങ്ങളുടെ വായ്പാ മാനദണ്ഡങ്ങള്‍ ആര്‍ബിഐ ലഘൂകരിച്ചിട്ടുണ്ട്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സിംഗ് കമ്പനിയായ ഐഎല്‍ ആന്‍ഡ് എഫ്എസ് വായ്പാ കുടിശ്ശികയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് വായ്പാ വിപണിയില്‍ സമ്മര്‍ദം നേരിട്ടതാണ് ഇതിനു കാരണം. വ്യവസായങ്ങള്‍ക്ക് മെച്ചപ്പെട്ട വായ്പാ ലഭ്യത ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരും കേന്ദ്ര ബാങ്കിനോട് നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാരുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടിയായാണ് കേന്ദ്ര ബാങ്ക് നീക്കത്തെ അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
ഇസിബി വായ്പാ വ്യവസ്ഥകള്‍ ഉദാരമാക്കിയത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനികള്‍ക്ക് വിദേശ വായ്പയെടുക്കുന്നതിന് സൗകര്യമാകുമെന്നും ചെറിയ വായ്പാ കാലാവധിയാണ് നല്ലതെന്നും ശ്രീ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്ററും ചെയര്‍മാനുമായ ഹേമന്ദ് കനോറിയ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പ് പോലുള്ള ഇന്ത്യന്‍ വിപണിയിലെ അനിശ്ചിതത്വങ്ങള്‍ കാരണം മിക്ക വിദേശ സ്ഥാപനങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണിയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂലധന സമാഹരണത്തിന് എന്‍ബിഎഫ്‌സികളെ സഹായിക്കുന്നതിന് കൂടുതല്‍ വായ്പ അനവദിക്കാനും ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ബിഎഫ്‌സികളും നാഷണല്‍ ഹൗസിംഗ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും പുറത്തിറക്കുന്ന ബോണ്ടുകള്‍ക്ക് പിസിഇ (പാര്‍ഷ്യല്‍ ക്രെഡിറ്റ് എന്‍ഹാന്‍സ്‌മെന്റ്) ലഭ്യമാക്കാനും ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy